ശനിയാഴ്ച മുതൽ ഗാസയിൽ ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 100 ആയി ഉയര്‍ന്നു. വ്യോമാക്രമണത്തില്‍ വടക്കന്‍ ഗാസയിലെ ജബാലിയ അഭയാര്‍ഥി ക്യാമ്പില്‍ മാത്രം 40 പലസ്തീനികൾ കൊല്ലപ്പെട്ടു. തെക്കന്‍ ഖാന്‍ യൂനിസിന് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഭക്ഷണത്തിനായി കാത്തിരുന്ന 12 പേരും ഗാസയിൽ ഭക്ഷണം പാചകം ചെയ്ത് വിതരണം ചെയ്യുന്ന വേള്‍ഡ് സെന്‍ട്രല്‍ കിച്ചണിലെയും സേവ് ദി ചില്‍ഡ്രന്‍സിലെയും നാല് സന്നദ്ധ പ്രവർത്തകരും കൊല്ലപ്പെട്ടു.
ഗാസ മുനമ്പിലെല്ലായിടത്തും ക്ഷാമവും പട്ടിണിയും വ്യാപിച്ചിരിക്കുകയാണെന്ന് ദെയര്‍ എല്‍-ബാലയിലെ അല്‍-അഖ്സ ആശുപത്രിയുടെ വക്താവ് ഖലീല്‍ അല്‍-ദഖ്റാന്‍ അറിയിച്ചു. ആഗോള ഇടപെടലിന് അദ്ദേഹം അഭ്യര്‍ഥിച്ചു. പലസ്തീന്‍ ജനതയുമായുള്ള അന്താരാഷ്ട്ര ഐക്യദാര്‍ഢ്യ ദിനം പ്രമാണിച്ച് റോമിലും ലണ്ടനിലും ഉള്‍പ്പെടെ ലോകമെമ്പാടും പലസ്തീന്‍ അനുകൂല റാലികള്‍ നടന്നു.
അതിനിടെ, ഗാസയില്‍ വെടിനിര്‍ത്തല്‍ കരാറിലെത്താനുള്ള പുതിയ ശ്രമങ്ങള്‍ക്കായി ഹമാസ് പ്രതിനിധി സംഘം കെയ്റോയിലെത്തി. ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള ചൊവ്വാഴ്ചത്തെ വെടിനിര്‍ത്തല്‍ കരാർ പല സമയത്തും ലംഘിക്കപ്പെടുന്ന വേളയിലാണ് ചർച്ച. ഗാസയിലെ ഇസ്രയേല്‍ വംശഹത്യയില്‍ 2023 ഒക്ടോബര്‍ ഏഴ് മുതല്‍ കുറഞ്ഞത് 44,382 പലസ്തീനികള്‍ കൊല്ലപ്പെടുകയും 1,05,142 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഹമാസിന്റെ നേതൃത്വത്തിലുള്ള ആക്രമണത്തില്‍ അന്ന് ഇസ്രയേലില്‍ 1,139 പേർ കൊല്ലപ്പെടുകയും 200-ലധികം പേരെ ബന്ദികളാക്കുകയും ചെയ്തിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here