ബാഷര്‍ അല്‍-അസദ് രാജ്യം വിട്ടതിന് തുടർന്ന് ജൂലാനിയുടെ നേതൃത്വത്തിലുള്ള ഭീകരർ രാജ്യം കയ്യടക്കിയതോടെ ഇസ്രയേൽ സിറിയയിൽ ആക്രമണം നടത്തിയതിന്റെ വാർത്തകൾ മുൻപ് വന്നിരുന്നെങ്കിൽ, ഇപ്പോൾ ആ ആക്രമണത്തിന്റെ വ്യാപ്തി സംബന്ധിച്ച വിവരങ്ങൾ ഓരോന്നോരോന്നായി പുറത്തുവരികയാണ്. കഴിഞ്ഞ 48 മണിക്കൂറിനിടെ 480 ആക്രമണങ്ങൾ ഇസ്രയേൽ നടത്തിയതായാണ് വിവരം.നാവികസേന നടത്തിയ ആക്രമണത്തില്‍ സിറിയന്‍ നാവികസേനയുടെ 15 കപ്പലുകളും തകർന്നിട്ടുണ്ട്.
നാവിക, വ്യോമസേന സംവിധാനങ്ങളെ ലക്ഷ്യമിട്ടാണ് പല ആക്രമണങ്ങളും നടന്നത്. ഡമാസ്‌കസ്, ഹോംസ്, ലതാകിയ തുടങ്ങിയ നഗരങ്ങളിലാണ് ഇസ്രയേൽ ആക്രമണം കടുപ്പിച്ചത്.ഇവിടങ്ങളിലെ മിസൈല്‍ ഡിപ്പോകള്‍, വ്യോമതാവളങ്ങള്‍, ആയുധ നിര്‍മ്മാണ കേന്ദ്രങ്ങള്‍ എന്നിവ ഇസ്രയേൽ സൈന്യം തകർത്തു. അവർ തന്നെ ഇക്കാര്യം ഔദ്യോഗികമായി അറിയിക്കുകയും ചെയ്തിട്ടുണ്ട്.ഭീകരവാദികൾ നിയന്ത്രണം ഏറ്റെടുക്കാതിരിക്കാനും ജനങ്ങളുടെ സുരക്ഷയ്ക്കുവേണ്ടിയുമാണ് ഈ ആക്രമണം എന്നാണ് ഇസ്രയേലിന്റെ അവകാശവാദം.
ALSO READ; അശാന്തം സുഡാൻ; ബോംബാക്രമണത്തിൽ രണ്ട് ദിവസത്തിനുള്ളിൽ കൊല്ലപ്പെട്ടത് 100ലേറെ പേർ
പ്രതിപക്ഷ സേനക്ക് അധികാരം കൈമാറാൻ തയാറാണെന്ന് നിലവിലെ സിറിയൻ പ്രധാനമന്ത്രി ഗാസി മുഹമ്മദ് ജലാലി പ്രഖ്യാപിച്ചതിനിടെയാണ് സിറിയയിൽ ലോകത്തെ ഞെട്ടിച്ച് ഇസ്രായേൽ അധിനിവേശം നടന്നത്.
ഡമസ്കസ് വിമാനത്താവളത്തിന് 25 കിലോമീറ്റർ അകലെ ഖതനയിൽ ഇസ്രായേൽ യുദ്ധടാങ്കുകൾ എത്തിയിട്ടുണ്ട്. ഇസ്രായേൽ അധിനിവിഷ്ട ഗോലാൻ കുന്നുകളെ സിറിയൻ അതിർത്തിയുമായി വേർതിരിക്കുന്ന ബഫർ സോൺ മേഖലയിൽനിന്ന് 10 കിലോമീറ്റർ അകലെ സിറിയൻ പ്രദേശത്താണ് ഖതന. തെക്കൻ സിറിയയിൽ ഖുനൈത്ര ഗവർണറേറ്റും ഇസ്രായേൽ പിടിച്ചിട്ടുണ്ട്. ഗോലാൻ കുന്നുകളോടു ചേർന്ന ബഫർ സോണിൽ 400 ചതുരശ്ര കിലോമീറ്റർ പ്രദേശം കഴിഞ്ഞദിവസം പിടിച്ചിരുന്നു.
ഇതിന്റെ തുടർച്ചയായി ഹെർമോൺ മലയിലും നിരവധി സമീപ ഗ്രാമങ്ങളിലും ഇസ്രയേൽ സേന കടന്നുകയറിയിട്ടുണ്ട്. ഇവിടെ 18 കിലോമീറ്ററോളം സിറിയൻ പ്രദേശം ഇസ്രയേൽ പിടിച്ചതായാണ് കണക്ക്. ലബനാൻ അതിർത്തിയോടുചേർന്ന സിറിയൻ പ്രദേശങ്ങളിലും ഇസ്രയേൽ കടന്നുകയറ്റം നടത്തുന്നതായി ബൈറൂത് ആസ്ഥാനമായ മയാദീൻ ടിവി റിപ്പോർട്ട് ചെയ്തു. 1974ലെ ഉഭയകക്ഷി ധാരണകൾ ലംഘിച്ചാണ് വൻ കടന്നുകയറ്റം. എന്നാൽ പതിവു പോലെ കടന്നുകയറ്റ വാർത്തകൾ ഇസ്രയേൽ നിഷേധിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here