ഇസ്രയേലിന്റെ ചോരക്കുരുതിയില്‍ ഇതുവരെ കൊല്ലപ്പെട്ടത് 46,584 പലസ്തീനുകാര്‍; വെടിനിര്‍ത്തല്‍ കരാറില്‍ ആശ്വാസത്തോടെ ലോകം

ഗാസയില്‍ വെടിനിര്‍ത്തലിനുള്ള കരാര്‍ ലോകം വലിയ ആശ്വാസത്തോടെയാണ് ഉറ്റുനോക്കുന്നത്. അപ്പോഴും മനുഷ്യത്വത്തിന്റെ ലാഞ്ചനയില്ലാതെ ഇസ്രായേല്‍ നടപ്പാക്കിയ കൂട്ടക്കുരുതിക്ക് മാപ്പില്ല. ഇസ്രായേല്‍ ഇതുവരെ നടത്തിയ ആക്രണത്തില്‍ കൊല്ലപ്പെട്ടത് 46,584 പലസ്തീന്‍കാരാണ്.

ഗാസയില്‍ വെടിനിര്‍ത്തല്‍ ഉണ്ടായാലും അത് എത്രകാലത്തേക്ക് എന്നാണ് ലോകം ഉറ്റു നോക്കുന്നത്. താല്‍ക്കാലികമായി വെടിനിര്‍ത്തിയാലും പശ്ചിമേഷ്യയുടെ കേന്ദ്രപ്രശ്‌നം പരിഹരിക്കണമെങ്കില്‍ ഇസ്രായേല്‍ സൈന്യം ഗാസയില്‍ നിന്ന് പിന്മാറണം.

അതുണ്ടാവുമോ എന്നാണ് പ്രധാനമായ ചോദ്യം. കഴിഞ്ഞ പതിനാലു മാസത്തിനിടെ 47000 പേര്‍ ഗാസയില്‍ കൊല്ലപ്പെട്ടതായതാണ് കണക്കാക്കുന്നത്. ഗുരുതര പരിക്കുകളോടെ ജീവച്ഛവമായി കഴിയുന്നവരാകട്ടേ ഒരു ലക്ഷം പേര്‍.

Also Read : ഗാസ വെടിനിര്‍ത്തല്‍ ഞായറാഴ്ച നിലവില്‍ വരും; ആഘോഷത്തോടെ ഇരു ജനതയും, നരനായാട്ട് തുടര്‍ന്ന് ഇസ്രയേല്‍

ഗാസയിലെ മുഴുവന്‍ ജനങ്ങളും ഇപ്പോഴും അഭയാര്‍ത്ഥികളാണ്. ഇസ്രായേല്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലല്ലാതെ ഒരു മണല്‍ത്തരിയുമില്ല. വാസയോഗ്യമായ ഒരു കെട്ടിടവും ഇപ്പോള്‍ നിലവിലില്ല. സര്‍വനാശം ഉറപ്പുവരുത്തിയതുകൊണ്ടും ഇനിയൊരു ഉയര്‍ത്തെഴുന്നേല്‍പ്പിന് ഗാസയ്ക്ക് ശക്തിയില്ലെന്ന് തെളിഞ്ഞതുകൊണ്ടുമല്ലാതെ മറ്റെന്താണ് അമേരിക്കയുടെ പിന്തുണയോടെയുള്ള തന്ത്രപരമായ ഈ പിന്മാറ്റത്തിന്റെ പ്രേരണ.

എല്ലാ നഗരങ്ങളും തകര്‍ക്കപ്പെടുമെന്നാണ് സ്ഥാനാരോഹണത്തിന് മുമ്പ് ഡൊണാള്‍ഡ് ട്രംപ് ഹമാസിന് നല്‍കിയ ഭീഷണി. എന്നാല്‍ അധികകാരമേറ്റ ശേഷമുള്ള പുതിയ തീരുമാനം മറിച്ചാകുന്നതിലും അത്ഭുതമില്ലെന്നാണ് അന്താരാഷ്ട്ര വിദഗ്ദര്‍ പറയുന്നത്. ഇനിയും പശ്ചിമേഷ്യയിലെ ഒരു ദീര്‍ഘയുദ്ധത്തിനായി സമയവും പണവും അധ്വാനവും ചെലവഴിക്കുന്നത് കൊണ്ട് വലിയ കാര്യമില്ലെന്നു തന്നെ അമേരിക്ക മനസിലാക്കിയിരിക്കുന്നു.

എന്തായാലും ഇന്ത്യയുടെ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ മനസാക്ഷിയില്ലാത്ത വലിയ ചേരിമാറല്‍ കൂടിയാണ് ഗാസയുദ്ധത്തിലൂടെ ലോകത്തിനു മുന്നില്‍ വെളിപ്പെട്ടത്. ഇന്ത്യയുടെ പതിറ്റാണ്ടുകളായുള്ള പലസ്തീന്‍ അനുകൂല പശ്ചിമേഷ്യന്‍ നയം കൂടിയാണ് വെറും പതിമൂന്നുമാസം കൊണ്ട് ചാമ്പലായത്.

അപ്പോഴും അവസാനമില്ലെന്ന് തോന്നിച്ച നീണ്ട രക്തച്ചൊരിച്ചലിന് താല്‍ക്കാലികമായെങ്കിലും വിരാമമാകുമെങ്കില്‍ അത്രയും നല്ലത്. അതിനപ്പുറം പലസ്തീനിന്റെ ചിരപുരാതനമായ ദുരന്തങ്ങള്‍ക്ക് ഈ വെടിനിര്‍ത്തല്‍ കൊണ്ട് പരിഹാരമാവുമെന്ന് ചരിത്രം അറിയുന്നവര്‍ കരുതുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News