അല്‍ അഖ്‌സ പള്ളിയിലെ സംഘര്‍ഷത്തിന് പിന്നാലെ ഗാസയിലും ലബനനിലും വന്‍ വ്യോമാക്രമണവുമായി ഇസ്രായേല്‍. ശത്രുക്കള്‍ നടത്തിയ റോക്കറ്റ് ആക്രമണത്തിനുള്ള മറുപടിയാണ് ഇതെന്നാണ് ഇസ്രായേലിന്റെ വാദം.
കഴിഞ്ഞ ദിവസങ്ങളില്‍ ഇസ്രായേല്‍ പൊലീസ് അല്‍ അഖ്‌സ പള്ളിക്കകത്ത് കയറി പലസ്തീന്‍ പൗരന്മാരെ പിടിച്ചുകൊണ്ടുപോയത് മുതലാരംഭിച്ച സംഘര്‍ഷമാണ് ഇപ്പോഴും തുടരുന്നത്. ലെബനനിലും ഗാസയിലുമുള്ള ലക്ഷ്യങ്ങളിലേക്കായിരുന്നു ഇസ്രായേലിന്റെ വ്യോമാക്രമണം. 2006 നുശേഷം ഹമാസ് നടത്തിയ ഏറ്റവും വലിയ റോക്കറ്റ് ആക്രമണത്തിന് മറുപടിയായാണ് വ്യോമാക്രമണമെന്നാണ് ഇസ്രായേലിന്റെ വാദം. ഹമാസ് നിര്‍മ്മിച്ച തുരങ്കങ്ങള്‍ക്കും ആയുധ നിര്‍മ്മാണശാലകള്‍ക്കും മീതെ മാത്രമാണ് ആക്രമണം ഉണ്ടായതെന്നും ഇസ്രായേല്‍ പറയുന്നുണ്ട്. വ്യോമാക്രമണത്തില്‍ ഇതുവരെ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും എന്നാല്‍ ലെബനന്‍ അതിര്‍ത്തിയില്‍ കെട്ടിടങ്ങള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്.
ഇസ്രായേലിന്റെ ശത്രുക്കള്‍ നടത്തുന്ന ഏത് ആക്രമണത്തിനും വലിയ വില നല്‍കേണ്ടി വരുമെന്ന് ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ആക്രമണവും. തങ്ങള്‍ ഇസ്രായേലിനെതിരെ ഇതുവരെ ഒരു സൈനിക നീക്കവും നടത്തിയിട്ടില്ലെന്നാണ് ലെബനീസ് സര്‍ക്കാരിന്റെ വാദം. വ്യോമാക്രമണത്തിന് കനത്ത മറുപടി നല്‍കുമെന്നാണ് ഹമാസിന്റെ പ്രതികരണം. സംഘര്‍ഷം കടുത്താല്‍ ലബനനിലുള്ള യു എന്‍ സമാധാനസേനയും ഇടപെട്ടേക്കും.
ഇസ്രായേലില്‍ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ജനാധിപത്യ വിരുദ്ധ നീക്കങ്ങള്‍ക്കെതിരെ പ്രതിഷേധം കടുക്കുകയാണ്. ഇതില്‍ നിന്ന് രാജ്യത്തിന്റെ ശ്രദ്ധ തിരിക്കാനായി നെതന്യാഹു ഭരണകൂടം പലസ്തീനെ ആക്രമിക്കുന്നതാണോ എന്ന സംശയവും ഉയരുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here