മാസങ്ങളായി തുടരുന്ന ഇസ്രയേല്‍- ലെബനന്‍ സംഘർഷത്തിന് താത്കാലിക വിരാമം. വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചതായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചു. പ്രാദേശിക സമയം ബുധൻ പുലർച്ചെ നാല് മുതല്‍ കരാര്‍ നിലവില്‍ വരും. ഇസ്രയേലും ലെബനനിലെ സായുധ സംഘടനയായ ഹിസ്ബുള്ളയും തമ്മിലാണ് സംഘർഷം. ഇറാൻ പിന്തുണയുള്ള സംഘടനയാണിത്. എന്നാൽ, തലസ്ഥാനമായ ബെയ്റൂട്ടിലും പാർപ്പിട കേന്ദ്രങ്ങളിലും ഇസ്രയേൽ വ്യാപക ആക്രമണം നടത്തിയിരുന്നു.
ഇന്നലെ സെന്‍ട്രല്‍ ബെയ്റൂട്ടിലെ ബസ്ത പ്രദേശത്തെ ജനവാസ മേഖലയില്‍ ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ ബഹുനില പാര്‍പ്പിട കെട്ടിടം തകര്‍ന്ന് 29 പേര്‍ കൊല്ലപ്പെട്ടു. വെടിനിര്‍ത്തല്‍ നിലവില്‍ വരുന്നതിന് മുമ്പ് ഹിസ്ബുള്ളയെ കൂടുതല്‍ പ്രതിരോധത്തിലാക്കാന്‍ ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് വിവരം.
Read Also: ദേശീയ ദിനം; രണ്ടായിരത്തിലേറെ തടവുകാരെ മോചിപ്പിക്കാൻ യുഎഇ പ്രസിഡന്റിന്റെ ഉത്തരവ്
ലെബനീസ്- ഇസ്രയേല്‍ അതിര്‍ത്തിയിലുടനീളം പോരാട്ടം അവസാനിക്കുമെന്ന് ബൈഡന്‍ പറഞ്ഞു. വെടിനിര്‍ത്തല്‍ നിര്‍ദേശങ്ങള്‍ ഹിസ്ബുള്ള ലംഘിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു. യുഎസ് തയ്യാറാക്കിയ വെടിനിര്‍ത്തല്‍ പദ്ധതി ചര്‍ച്ചചെയ്യാന്‍ കഴിഞ്ഞയാഴ്ച വൈറ്റ്ഹൗസ് പ്രതിനിധി എമസ് ഹോക്‌സ്‌റ്റൈന്‍ ലബനനും ഇസ്രയേലും സന്ദര്‍ശിച്ചിരുന്നു.
ലബനനുമായുള്ള സംഘര്‍ഷത്തില്‍ വെടിനിര്‍ത്തലിനു തയ്യാറാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പറഞ്ഞിരുന്നു. വെടിനിര്‍ത്തല്‍ നിര്‍ദേശം ഇസ്രയേലിന്റെ സുരക്ഷാകാര്യ കാബിനറ്റ് യോഗം അംഗീകരിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here