ഗാസയില്‍ വീണ്ടും കടന്നുകയറി ഇസ്രയേല്‍; റാഫയില്‍ നിന്നും കുടിയൊഴിക്കപ്പെട്ടത് 4 ലക്ഷത്തോളം പേര്‍

ഗാസയില്‍ ഇസ്രയേല്‍ വംശഹത്യ തുടരുന്നതിനിടയില്‍ വിവിധ ഭാഗങ്ങളില്‍ കനത്ത ആക്രമണവുമായി വീണ്ടും ഇസ്രയേല്‍. റാഫയ്ക്ക് പുറമെ ജബാലിയ അഭയാര്‍ഥി ക്യാമ്പിലും ഇസ്രായേല്‍ ടാങ്കുകള്‍ കടന്നുകയറി. ഇസ്രയേല്‍ ആക്രമണം തുടരുന്നതിനിടെ റാഫയില്‍നിന്ന് 3.6 ലക്ഷം പേര്‍ ആട്ടിയോടിക്കപ്പെട്ടതായി ഐക്യരാഷ്ട്ര സംഘടനയുടെ അഭയാര്‍ഥി ഏജന്‍സിയായ യുഎന്‍ആര്‍ഡബ്ല്യുഎ വ്യക്തമാക്കി.

കിഴക്കന്‍ റാഫ ഒഴിപ്പിക്കാനുള്ള ആദ്യ ഉത്തരവ് കഴിഞ്ഞ ആഴ്ച ഇറങ്ങിയതിന് പിന്നാലെയാണ് മേഖലയില്‍നിന്ന് പലായനം ആരംഭിച്ചത്. ഗാസയിലെ ഏറ്റവും വലിയ അഭയാര്‍ഥി ക്യാമ്പായ ജബലിയയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇസ്രയേല്‍ കടന്നാക്രമണം തുടരുകയാണ്. ക്യാമ്പിന്റെ കിഴക്ക്, മധ്യ ഭാഗങ്ങളിലേക്ക് കടന്നുകയറാന്‍ കൂടുതല്‍ ടാങ്കുകളും സൈനികരും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

യുദ്ധടാങ്കുകളുമായി റാഫ അതിര്‍ത്തിയില്‍ കടന്നുകയറിയ ഇസ്രയേല്‍ സൈന്യം ഈജിപ്ത് വഴി റാഫയിലേക്കുള്ള പ്രധാന ഇടനാഴി പിടിച്ചെടുത്തിരുന്നു. ഇതോടെ ഗാസയിലേക്ക് ഇന്ധനവും മറ്റുസഹായങ്ങളുമെത്തിക്കാനുള്ള സാധ്യതകള്‍ അടഞ്ഞു. കിഴക്കന്‍ റാഫയില്‍നിന്ന് ഒരുലക്ഷം പേരോട് ഒഴിയാന്‍ ഇസ്രയേല്‍ നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് കൂട്ടപ്പലായനം തുടരുകയാണ്.

പലസ്തീന്‍കാര്‍ അഭയം പ്രാപിച്ച സ്‌കൂളുകളിലേക്കും കനത്ത ആക്രമണമാണ്. 20 മൃതദേഹമാണ് മേഖലയില്‍നിന്ന് കണ്ടെടുത്തത്.24 മണിക്കൂറിനുള്ളില്‍ 57 പേരെ ഇസ്രയേല്‍ കൊന്നൊടുക്കി. ഗാസയിലാകെ കൊല്ലപ്പെട്ടവരുടെ എണ്ണം 35,091 ആയി. റാഫയിലേക്കുള്ള വഴികളെല്ലാം സൈനിക ടാങ്കുകള്‍ വിന്യസിച്ചിരിക്കുകയാണ്.

ഗാസയിലാകെ 36ല്‍ 12 ആശുപത്രികള്‍ മാത്രമാണ് ഭാഗികമായെങ്കിലും പ്രവര്‍ത്തിക്കുന്നത്. ഹമാസിന്റെ ഖസം ബ്രിഗേഡ്സിന്റെ നേതൃത്വത്തില്‍ പ്രതിരോധ ശ്രമങ്ങളും നടക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News