ഒരു വർഷത്തിലധികമായി തുടരുന്ന ഗാസയിലെ ആക്രമണത്തിന് അവസാനം കുറിച്ച് വെടിനിർത്തൽ കരാറിന് അംഗീകാരം നൽകി ഇസ്രയേലി മന്ത്രിസഭ. ആറ് മണിക്കൂറിലേറെ നീണ്ട കാബിനറ്റ് യോഗത്തിന് ശേഷമാണ് വെടിനിർത്തൽ കരാറിന് ഇസ്രയേൽ കാബിനറ്റ് അംഗീകാരം നൽകിയിരിക്കുന്നത്. ഞായറാഴ്ച ആരംഭിക്കുന്ന വെടിനിർത്തൽ ഗാസയുടെ ചരിത്രത്തിലെ എക്കാലത്തെയും മാരകമായ യുദ്ധത്തിനാണ് അന്ത്യം കുറിക്കുന്നത്.
ഒക്‌ടോബർ 7 ലെ ആക്രമണത്തിൽ ഹമാസ് ബന്ദികളാക്കിയവരെയും ഇസ്രായേൽ ജയിലുകളിൽ കഴിയുന്ന നൂറുകണക്കിന് ഫലസ്തീൻ തടവുകാരെയും കരാർ നിലവിൽ വരുന്നതോടെ വിട്ടയക്കും. കൂടാതെ, ഞായറാഴ്ച മുതൽ മോചിപ്പിക്കേണ്ട 95 ഫലസ്തീനികളുടെ പട്ടികയും ഇസ്രയേൽ നീതിന്യായ മന്ത്രാലയം പ്രസിദ്ധീകരിച്ചു. ഇതിൽ 69 സ്ത്രീകളും 16 പുരുഷന്മാരും 10 പ്രായപൂർത്തിയാകാത്തവരും ഉൾപ്പെടുന്നുണ്ട്.
ALSO READ; സമാധാനം അരികെ; ഗാസ വെടിനിർത്തൽ കരാറിന് ഇസ്രയേൽ സുരക്ഷാ ക്യാബിനറ്റിന്‍റെ അംഗീകാരം
ശനിയാഴ്ച ചേർന്ന നെതന്യാഹു നയിക്കുന്ന സഖ്യകക്ഷി മന്ത്രിസഭയുടെ സമ്പൂർണ്ണ യോഗത്തിൽ 24 മന്ത്രിമാർ വെടിനിർത്തൽ കരാറിന് അനുകൂലമായി വോട്ട് ചെയ്തപ്പോൾ എട്ട് മന്ത്രിമാർ കരാറിനെ എതിർത്തുവെന്നും റിപ്പോർട്ടുകളുണ്ട്. ഇസ്രയേൽ സമ്പൂർണ്ണ മന്ത്രിസഭാ യോഗം ചേരുന്നതിന് മുമ്പ് ഇസ്രയേലിന്‍റെ സുരക്ഷാകാര്യ മന്ത്രിസഭ കരാറിന് അംഗീകാരം നൽകിയിരുന്നു.
ഒരു വര്‍ഷത്തിലേറെ നീണ്ടു നിന്ന ഇസ്രയേല്‍-ഹമാസ് പോരാട്ടത്തിന് വിരാമമിട്ട് ഗാസയിൽ കഴിഞ്ഞ ദിവസമാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. ആഹ്ളാദപൂർവ്വമാണ് ഗാസയിലെ ജനങ്ങള്‍ വെടിനിര്‍ത്തല്‍ വാര്‍ത്തയെ സ്വീകരിച്ചത്. വെടിനിര്‍ത്തല്‍ കരാറിനെ പിന്തുണച്ച് ലോക രാജ്യങ്ങളും രംഗത്തെത്തിയിരുന്നു. ഡൊണാൾഡ് ട്രംപിന്‍റെ സ്ഥാനാരോഹണത്തിന്‍റെ തലേദിവസമാണ് ഉടമ്പടി പ്രാബല്യത്തിൽ വരിക. കരാർ ഒപ്പിടാൻ സ്ഥാനമൊഴിയുന്ന യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ ടീമിനൊപ്പം പ്രവർത്തിച്ചതിന്‍റെ ക്രെഡിറ്റും ട്രംപിനുണ്ട്.
ALSO READ; അവസാനത്തെ പിടിവള്ളിയും പൊട്ടി; ടിക് ടോക്ക് നൽകിയ ഹരജി യുഎസ് സുപ്രീംകോടതി തള്ളി
കരാർ പ്രകാരം ആദ്യത്തെ ആറാഴ്ചത്തെ വെടിനിർത്തലാണ് ഇപ്പോൾ പ്രാബല്യത്തിൽ വരിക. ഈ കാലയളവിൽ ഹമാസ് ഗാസയിൽ ബന്ദികളാക്കിയിരിക്കുന്ന ഇസ്രയേൽ പൗരന്മാരെയും ഇസ്രയേൽ ജയിലിൽ കഴിയുന്ന പലസതീൻ തടവുകാരെ ഇസ്രയേൽ ഭരണകൂടവും വിട്ടയയ്ക്കും. അതേ സമയം, വെടിനിർത്തൽ കരാറിന്‍റെ പശ്ചാത്തലത്തിൽ വെടിനിർത്തലിന് പിന്നാലെയുള്ള സാഹചര്യം നേരിടാൻ ഭരണകൂടം പൂർണ്ണസജ്ജമാണെന്ന് പലസ്തീൻ അതോറിറ്റ് പ്രസിഡന്‍റ് മഹമൂദ് അബ്ബാസ് അറിയിച്ചിരുന്നു.
ഇസ്രായേല്‍ ഇതുവരെ നടത്തിയ ആക്രണത്തില്‍ കൊല്ലപ്പെട്ടത് 46,584 പലസ്തീന്‍കാരാണ്. ഇതിന്‍റെ നാലിരട്ടിയിലധികം പേർക്ക് പരിക്കേൽക്കുകയും 23 ലക്ഷം പേർ അഭയാർഥികളാവുകയും ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here