സമാനതകളില്ലാത്ത ക്രൂരതകൾക്കാണ് ഗാസയിൽ കഴിഞ്ഞ 15 മാസങ്ങൾ സാക്ഷ്യംവഹിച്ചത്. അതായത് നരകയാതനയുടെ 470 ദിവസങ്ങൾ. യുണിസെഫിന്റെ കണക്കുകൾ പ്രകാരം ഒരുദിവസം ശരാശരി 35 കുട്ടികളാണ് ഗാസയിൽ കൊല്ലപ്പെട്ടത്.
85,000 ടൺ സ്ഫോടകവസ്തുക്കളാണ് ഗാസയുടെ മുകളിലേക്ക് ഇസ്രയേൽ വർഷിച്ചത്. 15 മാസം കൊണ്ട് ഇസ്രയേൽ തകർത്ത കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ മാറ്റാൻ മാത്രം ഒരു ദശാബ്ദം വേണ്ടിവരുമെന്നാണ് യുഎൻ കണക്കാക്കുന്നത്. ഗാസയിലെ 90 ശതമാനം വീടുകളും 80 ശതമാനം വ്യാപാരസ്ഥാപനങ്ങളും 88 ശതമാനം സ്കൂളുകളും 50 ശതമാനം ആശുപത്രികളും ഇസ്രയേൽ തകർന്ന കൂമ്പാരങ്ങളാക്കി മാറ്റി. പകുതിയിലധികം റോഡുകളും കൃഷിയിടങ്ങളും നശിച്ചു.
Also Read: ബന്ദികളാക്കിയവരുടെ വിവരങ്ങൾ ഹമാസ് കൈമാറിയതായി വിവരം; ഇസ്രയേൽ വെടിനിർത്തലിന് തയ്യാറാകുമോ?
തകർന്ന് അവശിഷ്ടങ്ങൾ മാത്രം ബാക്കിയായ ആശുപത്രികളിൽ ദിവസവും പത്തോളം പരിക്കേറ്റ കുട്ടികളുടെ കാല് മുറിച്ചുമാറ്റേണ്ടിവരുന്നതായി യുഎൻ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു.
യുദ്ധം ബാക്കിയാക്കിയ ചിത്രത്തിൽ ഗാസയുടെ അസ്ഥികൂടം മാത്രമാണ് അവശേഷിച്ചിരിക്കുന്നത്. ഇസ്രയേലിന്റെ ചോരക്കൊതിയിൽ വറ്റി നശിച്ച ഗാസയുടെ പുനരുജ്ജീവനം ഇരുപത്തൊന്നാം നൂറ്റാണ്ടുകണ്ട ഏറ്റവും വലിയ മനുഷ്യാവകാശ വെല്ലുവിളിയാകുമെന്ന് കരുതപ്പെടുന്നു.
ഗാസയിലെ ആബാലവൃദ്ധം ജനങ്ങളെ കൊന്നൊടുക്കുന്നതിനായി ഇസ്രയേൽ 68 ബില്യന്‍ ഡോളര്‍ (ഏകദേശം 5,80,000 ലക്ഷം കോടി രൂപ) ചെലവാക്കിയെന്നാണ് റിപ്പോര്‍ട്ട്.ഇതിന്റെ പരിണിതഫലങ്ങൾ ഇസ്രയേൽ സമ്പദ്‌വ്യവസ്ഥയിൽ സമീപഭാവിയിൽ വിള്ളൽവീഴ്‌ത്തുമെന്ന് കരുതപ്പെടുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here