മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യയുടെ ഗഗൻയാൻ സ്വപ്ന ദൗത്യത്തിനു മുന്നോടിയായി അയക്കുന്ന ആളില്ലാ ദൗത്യമായ ഗഗൻയാൻ 1 (ജി1) വീണ്ടും വൈകിയേക്കും. ദൗത്യം നടത്താൻ ലക്ഷ്യമിട്ടിരുന്ന ജനുവരിയിൽ നടക്കുമോയെന്ന് ഉറപ്പില്ലെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. എസ് സോമനാഥ് പറഞ്ഞു. എങ്കിലും നിശ്ചയിച്ച സമയത്തിന് പൂർത്തീകരിക്കുമെന്ന ലക്ഷ്യത്തിലൂന്നിയാണ് മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗഗൻയാൻ ദൗത്യത്തിനു വേണ്ടി മനുഷ്യയാത്രയ്ക്കു യോജിച്ച വിധം പരിഷ്കരിച്ച എൽവിഎം 3 (എച്ച്എൽവിഎം3) റോക്കറ്റിന്റെ ആദ്യ പരീക്ഷണപ്പറക്കൽ കൂടിയാകും ജി1 ദൗത്യം. അതിനായി റോക്കറ്റ് ഘടകങ്ങൾ കൂട്ടിച്ചേർക്കുന്ന ജോലികൾ ഈ മാസം ആരംഭിക്കുമെന്നും ഡോ. എസ് സോമനാഥ് കൂട്ടിച്ചേർത്തു.
റോക്കറ്റ് ഘടകങ്ങളെല്ലാം ശ്രീഹരിക്കോട്ടയിൽ എത്തിയിട്ടുണ്ട്. ക്രൂ മൊഡ്യൂൾ, ക്രൂ സർവീസ് മൊഡ്യൂൾ എന്നിവയുടെ കൂട്ടിച്ചേർക്കൽ ജോലികൾ തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്‍ററിലും ബെംഗളൂരുവിലെ യുആർ റാവു സ്പേസ് സെന്‍ററിലുമായി പുരോഗമിക്കുകയാണ്. ക്രൂ എസ്കേപ് സിസ്റ്റത്തിന്റെ ഭൂരിഭാഗം ഘടകങ്ങളും ശ്രീഹരിക്കോട്ടയിൽ എത്തിയിട്ടുള്ളതിനാൽ അതിന്‍റെ കൂട്ടിച്ചേർക്കൽ ഉടൻ ആരംഭിക്കും. മറ്റ് റോക്കറ്റുകളെ അപേക്ഷിച്ച് എച്ച്എൽവിഎം3 റോക്കറ്റ് പരീക്ഷണത്തിൽ വെല്ലുവിളികൾ കുറവാണെന്നും കൂടുതൽ ആത്മവിശ്വാസമുണ്ടെന്നും സോമനാഥ് പറഞ്ഞു.
അതേ സമയം, ഇന്ത്യൻ യാത്രികരെ സ്വന്തം നിലയിൽ ബഹിരാകാശത്ത് എത്തിക്കുന്ന ഐഎസ്ആർഒ ദൗത്യമായ ഗഗൻയാനുമായി ബന്ധപ്പെട്ടുള്ള കടൽപരീക്ഷണമായ വെൽ ഡെക്ക് റിക്കവറി വിജയകരമായി പൂർത്തിയാക്കി. ഡിസംബർ എട്ടിനായിരുന്നു പരീക്ഷണം നാവികസേനയുടെ സഹായത്തോടെ വിശാഖപട്ടണത്താണു പരീക്ഷണം നടന്നത്. ഗഗൻയാൻ യാഥാർഥ്യമാകുന്നതോടെ സ്വന്തം നിലയ്ക്ക് ബഹിരാകാശത്തേക്ക് ആളെ വിട്ട നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങൾ മാത്രമാണ് ഇതിനു മുൻപ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here