കോഴിക്കോട് ജില്ലയിലെ കോൺഗ്രസ് വിഭാഗീയതയിൽ ഒരു പക്ഷത്തിന് പിന്തുണയേകി ഡി സി സി പ്രസിഡന്‍റ് കെ പ്രവീൺ കുമാർ. സേവാദൾ വിമത വിഭാഗത്തിന്‍റെ പരിപാടി ഉദ്ഘാടനം ചെയ്താണ് ഡിസിസി പ്രസിഡന്‍റ് പിന്തുണ നൽകിയത്. വിഭാഗീയത നിലനിൽക്കുന്ന ഉള്ളിയേരിയിലാണ് ഡിസിസിയുടെ ഇടപെടൽ. നേതൃത്വത്തെ വെല്ലുവിളിച്ച് ഒരു വിഭാഗം നടത്തിയ പരിപാടിക്ക് പാർട്ടി നേതൃത്വം പിന്തുണ നൽകിയതിനെതിരെ കെപിസിസിക്ക് പരാതി നൽകാനാണ് മറു വിഭാഗത്തിന്‍റെ തീരുമാനം.
മുൻ കാല സേവാദൾ പ്രവർത്തകനായിരുന്ന അഗസ്റ്റ്യൻ തെക്കൻ അനുസ്മരണ പരിപാടിയാണ് വിവാദത്തിലായത്. സേവാദൾ സംസ്ഥാന പ്രസിഡന്‍റ് രമേശൻ കരുവാച്ചേരി, ജില്ല പ്രസിഡന്‍റ് ശ്യാം, മറ്റു സംസ്ഥാന – ജില്ലാ ഭാരവാഹികളും പ്രാദേശിക നേതാക്കളും വിട്ട് നിന്ന പരിപാടിയാണ് ഡിസിസി പ്രസിഡന്‍റ് ഉദ്ഘാടനം ചെയ്തത്. വിഭാഗീയ പ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന പരിപാടിയായതിനാൽ കെ മുരളീധരൻ വിട്ടുനിന്ന പരിപാടിയിലാണ് പ്രവീൺകുമാർ ഉദ്ഘാടകൻ ആയത്.
പാർട്ടിക്കകത്ത് വിഭാഗീയ പ്രവർത്തനം ശക്തമായി നില നിൽക്കുന്ന ഉള്ളിയേരിയിൽ, ഡിസിസി പ്രസിഡന്‍റ് തന്നെ ഒരു വിഭാഗം സംഘടിപ്പിച്ച പരിപാടിയിൽ ഉദ്ഘാടകനായതും അണികൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പരിപാടിയുടെ മറവിൽ വ്യാപക പണപ്പിരിവ് നടന്നതായും ആരോപണമുയർന്നിട്ടുണ്ട്. ഡിസിസി പ്രസിഡന്‍റ് കെ.പ്രവീൺ കുമാറിന് പുറമെ ഡിസിസി ട്രഷറർ, കോൺഗ്രസ് ഉള്ളിയേരി മണ്ഡലം പ്രസിഡന്‍റ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here