ജവഹര്‍ലാല്‍ നെഹ്‌റു ലോകത്തോട് വിട പറഞ്ഞിട്ട് ഇന്നേക്ക് 59 വര്‍ഷം

കെ സിദ്ധാര്‍ത്ഥ്‌

ജവഹര്‍ലാല്‍ നെഹ്‌റു ലോകത്തോട് വിട പറഞ്ഞിട്ട് ഇന്നേക്ക് 59 വര്‍ഷം. എല്ലാവരും ഉള്‍ക്കൊള്ളുന്നതാണ് ചരിത്രമെന്നും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ദേശീയതയെന്നും ഇന്ത്യയെ പറഞ്ഞു പഠിപ്പിച്ചയാള്‍. രാജ്യത്തെ മനുഷ്യര്‍ക്ക് ഒരുകാലത്തും മറക്കാനോ രാജ്യം ഭരിക്കുന്നവര്‍ക്ക് ഒരു കാലത്തും മനസ്സിലാക്കാനോ കഴിയാത്തയാള്‍.

1927ല്‍ ആഗോള ഫാസിസ്റ്റ് വിരുദ്ധ മുന്നണിയില്‍ ഇന്ത്യയുടെ പ്രതിനിധിയായി ഒരാള്‍ പങ്കെടുത്തിരുന്നു. സമഗ്രാധിപത്യവാഴ്ചയുടെ കഫം മനുഷ്യ മുഖത്തേക്ക് തുപ്പി തുടങ്ങുന്ന കാലത്ത് തന്നെ വരുംകാല രാഷ്ട്ര നിര്‍മാണത്തില്‍ തന്റെ നിലപാട് പങ്കുവയ്ക്കാന്‍ ശേഷ് ഉണ്ടായിരുന്ന ഒരാള്‍. ജവഹര്‍ലാല്‍ നെഹ്‌റു. കാണാപ്പാഠം പഠിക്കുന്ന പൊതുവിജ്ഞാനത്തേക്കാള്‍ വലുപ്പത്തില്‍ ഇന്ത്യക്ക് മുമ്പിലൂടെ നടക്കുന്ന തീപ്പന്തമായി മാറിയ മനുഷ്യന്‍. കെട്ടുകഥകളില്‍ കുടുങ്ങിക്കിടന്ന രാജ്യത്തെ അവരവരിലേക്ക് തിരിച്ചുകൊണ്ടുവന്ന നായകന്‍. ശാസ്ത്രാഭിരുചി മുതല്‍ കലാഭിരുചി വരെ ഒരു പ്രധാനമന്ത്രിയുടെ മേഖലകളായി പരിണമിപ്പിക്കാമെന്ന് ബോധ്യപ്പെടുത്തിയ രാഷ്ട്രീയക്കാരന്‍.

ഇന്ത്യയുടെ രാഷ്ട്രീയ ഡിഎന്‍എയില്‍ സോഷ്യല്‍ എന്‍ജിനീയറിങ്ങിന്റെ സ്ട്രാന്‍ഡ് തുന്നിപ്പിടിപ്പിക്കുയാണ് നെഹ്‌റു ചെയ്തത്. രാജ്യം കാവിമേലങ്കികള്‍ എത്രകാലം ധരിച്ചാലും ബിജെപി എത്ര കാലം ഭരിച്ചാലും പറിച്ചെറിയാന്‍ കഴിയാത്തത്ര അഗാധമായൊരു മതേതര ബോധം ഇന്ത്യയില്‍ നട്ടുനനച്ചു. ദേശീയതയെ ചരിത്രത്തോടുള്ള തുടരേണ്ട പ്രതികരണ ശേഷിയാക്കി മാറ്റി. അതുകൊണ്ട്, നെഹ്‌റുവിന്റെ ജീവിതസമരത്തില്‍ കൈപൊള്ളിയത് സംഘപരിവാറിന് തന്നെയാകണം. സിഗരറ്റ് വലിക്കുന്ന, സ്ത്രീലമ്പടനായ നെഹ്രുവെന്ന് പരിഹസിച്ച് കൊഞ്ഞനം കുത്തി തോല്‍പ്പിക്കാനാകണം തീരുമാനിക്കപ്പെട്ട ലക്ഷ്യം.

നെഹ്‌റുവിനെ ചരിത്രത്തില്‍ നിന്ന് തന്നെ ഇല്ലാതാക്കാന്‍ നടന്നവര്‍ ഇന്ന് അദ്ദേഹത്തെ ചരിത്രത്തിന്റെ ഒറ്റതിരിഞ്ഞ വഴിയില്‍ ഒരു ചെങ്കോലില്‍ കെട്ടിയിടാനുള്ള പദ്ധതികളിലാണ്. നെഹ്‌റു സ്വപ്നം കണ്ട ജനാധിപത്യവും മതേതരത്വവും പുസ്തകങ്ങളില്‍ നിന്നുപോലും വെട്ടിയതാണ് സംഘപരിവാരം. ഇന്ത്യയുടെ പൗരഭാവി നെഹ്‌റുവെന്ന് ചിന്തിക്കുക പോലും അരുതെന്ന് പിടിവാശി പിടിച്ചതാണ്. വ്യക്തിഹത്യയിലൂടെ കലിപ്പ് തീര്‍ക്കാന്‍ നോക്കിയതാണാ വെറുപ്പിന്റെ പരിവാരം. പാരമ്പര്യ വാദം കൊണ്ട് ആ ഹിന്ദുത്വ പരിവാരത്തിന് തോല്‍പ്പിക്കാന്‍ കഴിയാത്തതാണ് നെഹ്‌റുവിയന്‍ ഓര്‍മ്മ. പൊളിറ്റിക്കല്‍ ഹിന്ദുത്വയെ ഭയപ്പെടുത്തിക്കൊണ്ട് അത് ഇന്ത്യന്‍ മനുഷ്യജീവിതങ്ങളുടെ ഹൃദയങ്ങളില്‍ ജ്വലിക്കുക തന്നെ ചെയ്യും. ഒരു റോസാപ്പൂ പോലെ ഇന്ത്യന്‍ ജനാധിപത്യം പുഞ്ചിരിക്കുക തന്നെ ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News