മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ അജിത് പവാർ വിഭാഗം എൻസിപി സ്ഥാനാർഥിയായി നവാബ് മാലിക് തന്നെ മത്സരിക്കുമെന്നുറപ്പായി. മാൻഖുർദ്-ശിവാജി നഗറിൽ നിന്ന് സ്വതന്ത്രനായി മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിൽ അവസാന നിമിഷമാണ് അജിത് പവാർ പക്ഷത്തിൻ്റെ തീരുമാനം. അതേസമയം, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന ഈ മണ്ഡലത്തിൽ സുരേഷ് പാട്ടീലിനെയാണ് സ്ഥാനാർഥിയായി നിർത്തിയിരിക്കുന്നത്. മഹായുതി സഖ്യത്തിനുള്ളിൽ അപ്രതീക്ഷിത മത്സരം വിവാദമായതോടെ ആരാകും സ്ഥാനാർത്ഥിത്വം പിൻവലിക്കുകയെന്നത് ഇനി കണ്ടറിയണം. അധോലോക നായകൻ ദാവൂദ് ഇബ്രാഹിമുമായുള്ള ബന്ധം ആരോപിച്ചാണ് നവാബ് മാലിക്കിൻ്റെ സ്ഥാനാർത്ഥിത്വത്തിന് തൻ്റെ പാർട്ടി എതിരാണെന്ന് ബിജെപി നേതാവ് ആശിഷ് ഷെലാർ പരസ്യമായി പ്രഖ്യാപിച്ചത്.
ഇതിന് പിന്നാലെ, ശിവാജി നഗർ മണ്ഡലത്തിൽ മകൾ സന മാലിക്കിനെ സ്ഥാനാർഥിയാക്കാൻ നവാബ് മാലിക് തീരുമാനിച്ചിരുന്നു. ഇതിൻ്റെ ഭാഗമായി അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻസിപിയുടെ രണ്ടാം സ്ഥാനാർഥി പട്ടികയിൽ സനയുടെ പേര് പുറത്ത് വിടുകയും ചെയ്തിരുന്നു. നേരത്തെ, മഹാ വികാസ് അഘാഡി (എംവിഎ) സർക്കാരിൽ മന്ത്രിയായിരുന്നു മാലിക്, ദാവൂദിനും ഛോട്ടാ ഷക്കീലും ടൈഗർ മേമനും ഉൾപ്പെടെയുള്ള കൂട്ടാളികൾക്കെതിരെ എൻഐഎ ആദ്യം രജിസ്റ്റർ ചെയ്ത കേസിൽ 2022 ലാണ് അറസ്റ്റിലായത്. ഈ വർഷം ജൂലൈയിൽ ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി പിന്നീട് ജാമ്യം അനുവദിച്ചു. എൻസിപി പിളർപ്പിന് ശേഷം, സഖ്യകക്ഷിയായ ബിജെപിയുടെ എതിർപ്പിനെ അവഗണിച്ച് ഉപമുഖ്യമന്ത്രി അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള വിഭാഗം എംഎൽഎയെ കൂടെ ചേർക്കുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here