ശബരിമലയിൽ ഇത്തവണ തീർഥാടനത്തിന് എത്തിയത് 53 ലക്ഷം പേരെന്ന് കണക്ക്. സമീപകാലത്തൊന്നുമില്ലാത്ത റെക്കോർഡാണ് ഇത്. പരാതി രഹിതമായ ഈ തീർഥാടനകാലം സർക്കാരിൻ്റെ മികച്ച ഏകോപനത്തിൻ്റെ ഫലം കൂടിയാണ്. 53,09,906 തീർഥാടകരാണ് ഇത്തവണ ശബരിമലയിൽ ദർശനം നടത്തിയതെന്നാണ് ദേവസ്വം ബോർഡിൻ്റെ പ്രാരംഭ കണക്ക്. സ്പോട്ട് ബുക്കിങ് വഴി 10,03,305 തീർഥാടകരും ദർശനത്തിനായി സന്നിധാനത്തെത്തി.
അഭൂതപൂര്‍വമായ തീർഥാടക തിരക്കിനാണ് 2024-25 സാക്ഷ്യം വഹിച്ചതെന്ന് ദേവസ്വം ബോർഡ് അധികൃതരും സാക്ഷ്യപ്പെടുത്തുന്നു. അതേസമയം, ശബരിമല ക്ഷേത്രത്തിലെ മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് പരിസമാപ്തി കുറിച്ച് ജനുവരി 20ന് രാവിലെ നടയടച്ചു. പന്തളം രാജപ്രതിനിധി തൃക്കേട്ടനാൾ രാജരാജ വർമയുടെ ദർശനത്തോടെ രാവിലെ 6:30 നാണ് നട അടച്ചത്. രാവിലെ 5 ന് നട തുറന്നശേഷം കിഴക്കേമണ്ഡപത്തിൽ ഗണപതിഹോമം നടന്നു.
ALSO READ: തിരുവനന്തപുരത്ത് മീൻ പിടിക്കാൻ പോയ ആൾക്കു നേരെ കാട്ടാനയുടെ ആക്രമണം, ഗുരുതര പരുക്ക്
തിരുവാഭരണ സംഘം തിരുവാഭരണ പേടകങ്ങളുമായി അയ്യനെ വണങ്ങി അനുവാദം വാങ്ങി പന്തളം കൊട്ടാരത്തിലേക്ക് മടക്കഘോഷയാത്ര തിരിച്ചു. തുടർന്ന് രാജപ്രതിനിധി സോപാനത്തെത്തി അയ്യപ്പ ദർശനം നടത്തി. ശേഷം മേൽശാന്തി അരുൺകുമാർ നമ്പൂതിരി അയ്യപ്പവിഗ്രഹത്തിൽ വിഭൂതിയഭിഷേകം നടത്തി കഴുത്തിൽ രുദ്രാക്ഷമാലയും കൈയിൽ യോഗദണ്ഡും അണിയിച്ചു. ഹരിവരാസനം ചൊല്ലി വിളക്കുകളണച്ച് മേൽശാന്തി ശ്രീക്കോവിലിന് പുറത്തിറങ്ങി നടയടച്ചു താക്കോൽക്കൂട്ടം രാജപ്രതിനിധിക്ക് കൈമാറി.
പതിനെട്ടാം പടിയിറങ്ങി ആചാരപരമായ ചടങ്ങുകൾ നടത്തി ദേവസ്വം പ്രതിനിധികളുടെയും മേൽശാന്തിയുടെയും സാന്നിധ്യത്തിൽ രാജപ്രതിനിധി താക്കോൽക്കൂട്ടം ശബരിമല അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ബിജു വി നാഥിന് കൈമാറി. മാസപൂജകൾക്കുള്ള ചെലവിനായി പണക്കിഴിയും നൽകി. തുടർന്ന് രാജപ്രതിനിധിയും സംഘവും പന്തളം കൊട്ടാരത്തിലേക്ക് യാത്ര തിരിച്ചു. ജനുവരി 23ന് തിരുവാഭരണഘോഷയാത്ര പന്തളത്ത് എത്തിച്ചേരും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here