ഗൗരവതരമായ രാഷ്ട്രീയ വിഷയമായി ഫെഡറലിസവും സാമ്പത്തിക ഫെഡറലിസവും മാറുമ്പോഴും കേരളത്തിലെ പ്രതിപക്ഷം വളരെ സങ്കുചിതമായ കക്ഷി രാഷ്ട്രീയ താല്‍പര്യങ്ങളുമായി ബി.ജെ.പിയുടെ രാഷ്ട്രീയ പ്രചാരവേലകള്‍ക്ക് ഒപ്പം നില്‍ക്കുന്നത് അങ്ങേയറ്റം നിരാശാജനകമാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യാനുള്ള ഉപക്ഷേപം – ചര്‍ച്ചയ്ക്കുള്ള ധനകാര്യമന്ത്രിയുടെ മറുപടിയിലാണ് ഇക്കാര്യം വ്യക്തിമാക്കിയത്. മന്ത്രി കെ എന്‍ ബാലഗോപാലിന്റെ മറുപടിയുടെ പൂര്‍ണ രൂപം:-
കേരളത്തിലാകെ സാമ്പത്തിക ബുദ്ധിമുട്ടാണ്, ആര്‍ക്കും ഒന്നും ലഭിക്കുന്നില്ല സമസ്ത മേഖലകളും സ്തംഭിച്ചിരിക്കുന്നു എന്നൊക്കെയാണ് പ്രതിപക്ഷ ആക്ഷേപം. ഇത് യാഥാര്‍ത്ഥ്യത്തിന് നിരക്കാത്തതാണ്. കേരളത്തിന്റെ ചരിത്രത്തില്‍ ഏറ്റവും ഭാരിച്ച ചെലവുകള്‍ നിര്‍വഹിക്കുന്ന സര്‍ക്കാരാണിത്. കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പ്രതിവര്‍ഷം ശരാശരി ചെലവ് 70,000 കോടി രൂപയായിരുന്നു. ഒന്നാം പിണറായി സര്‍ക്കാരിന്റെ അഞ്ചുവര്‍ഷക്കാലം ഒരു വര്‍ഷത്തെ ശരാശരി ചിലവ് 1.17 ലക്ഷം കോടി രൂപയായിരുന്നു എങ്കില്‍ ഈ സര്‍ക്കാരിന്റെ ആദ്യത്തെ മൂന്നുവര്‍ഷത്തെ ശരാശരി ചിലവ് 1.61 ലക്ഷം കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്.
2023-24 സാമ്പത്തിക വര്‍ഷത്തില്‍ സെപ്റ്റംബര്‍ മാസം വരെ കാലയളവില്‍ സംസ്ഥാനത്തിന്റെ ആകെ ചെലവ് 85,700 കോടി രൂപയായിരുന്നു. ഈ വര്‍ഷം (202425) സെപ്റ്റംബര്‍ മാസം വരെയുള്ള ആകെ ചെലവ് 94882 കോടി രൂപയാണ്. ഏതാണ്ട് 9000-ലധികം കോടിരൂപയുടെ ഈ വര്‍ഷം അധികം ചെലവായിട്ടുണ്ട്. വരുമാനത്തിന്റെ കാര്യത്തില്‍ ആകട്ടെ, സംസ്ഥാന സര്‍ക്കാരിന്റെ തനത് വരുമാനത്തില്‍ റിക്കോര്‍ഡ് വര്‍ദ്ധനവുണ്ടാക്കാന്‍ നമുക്കു കഴിഞ്ഞു. 2020-21 മുതല്‍ 2023-24 സാമ്പത്തിക വര്‍ഷങ്ങള്‍ക്കിടയില്‍ സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനത്തില്‍ 64.10% വര്‍ദ്ധനവ് ആര്‍ജ്ജിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 2020-21 ല്‍ 47,660 കോടി രൂപയായിരുന്ന തനത് നികുതി വരുമാനം 2023-24 ല്‍ 74,329 കോടി രൂപയായി ഉയര്‍ന്നു. നികുതിയേതര വരുമാനത്തില്‍ ഇതേ കാലയളവില്‍ നൂറ് ശതമാനത്തിലേറെയാണ് വര്‍ദ്ധന.
2020-21 ല്‍ 7327 കോടിയായിരുന്ന നികുതിയേതര വരുമാനം 2023-24ല്‍ 16,346 കോടിയായിരുന്നു. റവന്യൂ കമ്മി 20,063 കോടി രൂപയില്‍ നിന്ന് 18,140 കോടിയായി കുറഞ്ഞു. ധനക്കമ്മി 35,203 കോടിയില്‍ നിന്ന് 34,257 കോടിയായി കുറഞ്ഞിട്ടുണ്ട്. 2020-21 ല്‍ 4.56 ശതമാനമായിരുന്ന ധനക്കമ്മി കഴിഞ്ഞ വര്‍ഷം 2.9 ശതമാനത്തിലേക്ക് താഴ്ത്താനായിട്ടുണ്ട്. റവന്യൂ കമ്മി 2.6 ശതമാനത്തില്‍ നിന്ന് 1.5 ശതമാനത്തിലേക്ക് താഴ്ത്താനായി. കടം ജി.എസ്.ഡി.പി അനുപാതം 2020-21 ല്‍ 38.41 ശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷമിത് 33.4 ശതമാനമായി കുറയ്ക്കാനായി. ഇതെല്ലാം കേരളം ധന ദൃഢീകരണ പാതയിലാണെന്ന് അക്കൗണ്ടന്റ് ജനറല്‍ തന്നെ ചൂണ്ടിക്കാണിച്ചതാണ് സര്‍. കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന കൊടിയ സാമ്പത്തിക അവഗണനയാണ് ഇപ്പോള്‍ അനുഭവപ്പെടുന്ന സാമ്പത്തിക പ്രയാസങ്ങള്‍ക്ക് കാരണം എന്നത് കേരള ജനതയ്ക്ക് ആകെ അറിയാവുന്ന കാര്യമാണ്. എന്നാല്‍ കേന്ദ്രത്തിലെ ബിജെപി ഗവണ്‍മെന്റിന് വിമര്‍ശിക്കാനുള്ള മടി കൊണ്ടാണോ അതോ എല്‍ഡിഎഫ് ഗവണ്‍മെന്റ് പറയുന്നതിനൊപ്പം നില്‍ക്കാനുള്ള വിമുഖത കൊണ്ടാണോ എന്നറിയില്ല, ശരിയായ നിലപാട് സ്വീകരിക്കാന്‍ കേരളത്തില്‍ പ്രതിപക്ഷത്തിന് കഴിയുന്നില്ല.
കേന്ദ്ര സര്‍ക്കാരില്‍ നിന്ന് സംസ്ഥാനത്തിനുള്ള ധന കൈമാറ്റങ്ങള്‍ സംബന്ധിച്ച കണക്കുകളുടെ പരിശോധന കേന്ദ്ര അവഗണനയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്തുന്നു. 2021-22 ല്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന വിവിധ ഇനങ്ങളിലായി 47,837 കോടി രൂപ കേരളത്തിന് ലഭിച്ചു. 2022-23 ല്‍ ആകട്ടെ 45,639 കോടി രൂപയും. കഴിഞ്ഞ വര്‍ഷമാകട്ടെ അക്കൗണ്ടന്റ് ജനറലിന്റെ പ്രാഥമിക കണക്കുകളില്‍ കേന്ദ്രത്തില്‍ നിന്നുള്ള ധന കൈമാറ്റം 33,811 കോടി രൂപയായി കുറഞ്ഞു. 2021-22 വര്‍ഷത്തെ അപേക്ഷിച്ച് 14,026 കോടി രൂപയുടെ കുറവ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 26 ശതമാനമാണ് കേന്ദ്ര വിഹിതങ്ങളിലുണ്ടായ കുറവ്.
വിവിധ ഗ്രാന്റുകളുടെ കണക്ക് പ്രത്യേകമായി എടുത്ത് പരിശോധിച്ചാല്‍ കേന്ദ്ര സര്‍ക്കാരിന്റെ കടുത്ത വിവേചനം കൂടുതല്‍ വ്യക്തമാകും. 2021-22 ല്‍ ഗ്രാന്റ് ഇന്‍ എയ്ഡായി കേന്ദ്ര സര്‍ക്കാരില്‍ നിന്ന് 30,017 കോടി രൂപ ലഭിച്ചു. കഴിഞ്ഞ വര്‍ഷമാകട്ടെ ഇത് 12,068 കോടി രൂപയായി ചുരുങ്ങി. 2021-22 ല്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കേന്ദ്ര ഗ്രാന്റുകളില്‍ 3.38 ശതമാനം കുറവുണ്ടായി. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തിന് ലഭിക്കേണ്ട ഗ്രാന്റുകളില്‍ 56 ശതമാനം വരെ കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചു. 2021-22 ല്‍ സംസ്ഥാന മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജി.എസ്.ഡി.പി) 5.12 ശതമാനം കേന്ദ്രത്തില്‍ നിന്നുള്ള ധന കൈമാറ്റങ്ങളായിരുന്നു. 2023-24 ല്‍ ഇത് 2.88ശതമാനമായി ചുരുങ്ങി.
സംസ്ഥാന സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക ഉദ്ദേശ സ്ഥാപനങ്ങളായ കിഫ്ബി, പെന്‍ഷന്‍ കമ്പനി തുടങ്ങിയ സ്ഥാപനങ്ങള്‍ അവരുടെ സ്വന്തം നിലയ്ക്ക് എടുക്കുന്ന വായ്പകള്‍ സംസ്ഥാനത്തിന്റെ കടമായി കണക്കാക്കി 2022-23, 2023-24 സാമ്പത്തിക വര്‍ഷങ്ങളിലും പൊതു കണക്കിനത്തിലെ നീക്കിയിരിപ്പ് സംസ്ഥാനത്തിന്റെ കടമെടുപ്പില്‍ ഉള്‍പ്പെടുത്തി 2017 സാമ്പത്തിക വര്‍ഷം മുതല്‍ 2023-24 സാമ്പത്തിക വര്‍ഷം വരെയും യഥാക്രമം 15,895.50 കോടി രൂപയും 91,617.59 കോടി രൂപയും സംസ്ഥാനത്തിന്റെ കടമെടുപ്പില്‍ കുറവ് ചെയ്തിട്ടുണ്ട്. ഈ രണ്ടിനങ്ങളിലായി സംസ്ഥാനത്തിന് ലഭ്യമാക്കേണ്ട വായ്പാ വരുമാനത്തില്‍ ഉണ്ടായ ആകെ കുറവ് 1,07,513 കോടി രൂപയാണ്.
ഈ സാമ്പത്തിക വര്‍ഷം മാത്രം ഈ വകയില്‍ 21,100 കോടി രൂപയുടെ കുറവുണ്ടായി. കഴിഞ്ഞദിവസം വയനാട് ദുരന്തത്തില്‍ കേരളത്തോട് കേന്ദ്രം കാട്ടുന്ന അവഗണനയ്‌ക്കെതിരെ നമ്മള്‍ ഒറ്റക്കെട്ടായി സംസാരിച്ചു. ഒരു വിഷയത്തില്‍ മാത്രം ഒതുങ്ങുന്നതല്ല കേന്ദ്രത്തിന്റെ കേരളത്തോടുള്ള സമീപനം. സംസ്ഥാന പദ്ധതി ചെലവ് വെട്ടിക്കുറയ്ക്കുന്നതായിട്ടാണ് പ്രചാരണം. ഇത്തരത്തില്‍ പദ്ധതി ചെലവില്‍ ഒരു വെട്ടിക്കുറവും വരുത്തിയിട്ടില്ല. ആരോഗ്യ കുടുംബക്ഷേമ മേഖലയെ 56.84 ശതമാനം പദ്ധതി വിഹിതം ചെലവഴിച്ചിട്ടുണ്ട്. കായിക മേഖലയില്‍ 64.43 ശതമാനവും പൊതുമരാമത്തില്‍ 52.55 ശതമാനവും, ജലവിഭവ മേഖലയില്‍ 55.83 ശതമാനവും പദ്ധതി ചെലവ് പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഏതാണ്ട് എല്ലാ മേഖലയിലും 50 ശതമാനത്തിന് മുകളിലേക്ക് ചെലവ് എത്തിയിട്ടുണ്ട്. എന്നാല്‍ പദ്ധതി ചെലവില്‍ ചില താല്‍ക്കാലിക ക്രമീകരണങ്ങള്‍ വരുത്തിയിട്ടുണ്ട്. സ്ഥിതി മാറുന്നതിന് അനുസരിച്ച് ഈ താല്‍ക്കാലിക ക്രമീകരണങ്ങളും ഒഴിവാക്കും. പദ്ധതി വെട്ടിക്കുറയ്ക്കുക എന്നത് സര്‍ക്കാര്‍ നിലപാടല്ല. ഒപ്പം ഒരു മേഖലയിലും ചെലവ് ചുരുക്കുന്ന സമീപനവും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. ഓണക്കാലത്ത് അടക്കം വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സംസ്ഥാനത്തിനായി. എന്നാല്‍ രാജ്യത്ത് വില കുതിച്ചുയരുകയാണ് എന്നാണ് ആര്‍.ബി.ഐയുടെ അടക്കം റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
കേരളം ശ്രീലങ്ക ആകുമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ നിരന്തര ആക്ഷേപം. എന്നാല്‍ ശ്രീലങ്കയും കേരളത്തിന്റെ പാത സ്വീകരിക്കുന്നു എന്നാണ് അനുഭവത്തില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത്. യുഡിഎഫ് ഭരണകാലത്തെ സ്ഥിതിഗതികളല്ല ഇപ്പോള്‍ കേരളത്തിലുള്ളത്.
കേവലം 600 രൂപ പെന്‍ഷന്‍ ഉണ്ടായിരുന്നത് 18 മാസം കുടിശിക ആക്കിയാണ് യു.ഡി.എഫ് സര്‍ക്കാര്‍ അധികാരം വിട്ടത്. അത് 1600 രൂപയാക്കി വര്‍ദ്ധിപ്പിക്കുന്നതിനും പ്രതിമാസം വിതരണം ചെയ്യുന്നതിനുമുള്ള നടപടികള്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ചു.
കെ എസ് ആര്‍ ടി സി പെന്‍ഷന്‍കാരടക്കം ആത്മഹത്യ ചെയ്യുന്ന കാലമായിരുന്നു യു.ഡി.എഫ് ഭരണകാലം. ഇന്ന് KSRTC ജീവനക്കാരന് ശമ്പളം കിട്ടുന്നുണ്ട്. അവര്‍ക്ക് ശമ്പള പരിഷ്‌കരണം നല്‍കി. നഷ്ടത്തില്‍ ആയ ഒരു പൊതുമേഖല സ്ഥാപനത്തിലാണ് ശമ്പള പരിഷ്‌കരണം ഉറപ്പാക്കിയത്. ഒന്നാം പിണറായി സര്‍ക്കാര്‍ 5 വര്‍ഷം കൊണ്ട് കെഎസ്ആര്‍ടിസിക്ക് നല്‍കിയത് 4918 കോടി രൂപയാണ്. ഈ സര്‍ക്കാര്‍ ഇതുവരെ നല്‍കിയത് ആകട്ടെ 6200 കോടിയോളം രൂപയും. രാജ്യത്തെമ്പാടുമുള്ള പൊതുമേഖല സ്ഥാപനങ്ങളെയും പൊതു സ്ഥാപനങ്ങളെയും ഇറച്ചി വിലയ്ക്ക് വില്‍ക്കുക എന്നതാണ് നയമെങ്കില്‍, അവയെ സംരക്ഷിക്കുക എന്നതാണ് കേരളത്തില്‍ സ്വീകരിച്ചിട്ടുള്ള നയം.
കേന്ദ്രസര്‍ക്കാരും ദേശീയ അന്തര്‍ദേശീയ ഏജന്‍സികളും പുറത്തിറക്കുന്ന പട്ടികകളില്‍ കേരളം ഏറ്റവും മുന്നിലെത്തുന്നു. കേരളത്തിന്റെ ആഭ്യന്തര വരുമാനം വര്‍ദ്ധിക്കുന്നു. പുതിയ റോഡുകള്‍ പാലങ്ങള്‍ കെട്ടിടങ്ങള്‍ വികസന പദ്ധതികള്‍ വന്‍കിട പദ്ധതികള്‍ എല്ലാം ഒന്നിനുപുറകെ ഒന്നായി കടന്നുവരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ ചെലവേറിയ ക്ഷേമ പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തുന്നു. 60 ലക്ഷം പേര്‍ക്ക് ക്ഷേമ പെന്‍ഷന്‍ മുതല്‍ സര്‍വര്‍ക്കും സൗജന്യ ചികിത്സ വരെയുള്ള പദ്ധതികള്‍ വിജയകരമായി മുന്നോട്ടുപോകുന്നു. രാജ്യത്താകെ നിയമന നിരോധന അവസ്ഥയിലാണ്. കേന്ദ്ര സര്‍വ്വീസില്‍ മാത്രം 10 ലക്ഷത്തിലധികം ഒഴിവുകള്‍ നികത്താതെ ഇട്ടിരിക്കുന്നു. രാജ്യത്തെ പി.എസ്.സികളുടെ നിയമനങ്ങളുടെ 60 ശതമാനവും കേരള പി.എസ്.സി വഴിയാണ് നടന്നിട്ടുള്ളതെന്ന യു.പി.എസ്.സിയുടെ സ്ഥിതിവിവര റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയപ്പോള്‍ അവിടെ പ്രത്യേക ബോര്‍ഡുകള്‍ വഴി വേറെയും നിയമനങ്ങള്‍ നടക്കുന്നുണ്ടെന്ന് പ്രതിപക്ഷം നിയമസഭയില്‍ അവകാശപ്പെട്ടു. എന്നാല്‍ അത്തരം നിയമനങ്ങളുടെ എണ്ണവും പരിമിതമാണെന്നാണ് സ്ഥിതിവിവര കണക്കുകള്‍ വ്യക്തമാക്കുന്നത്.
സാമ്പത്തിക പ്രയാസങ്ങള്‍ക്കും വെല്ലുവിളികള്‍ക്കുമിടയിലും കോവിഡ് ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് കേരളം ശക്തമായ തിരിച്ചുവരവിലൂടെ വളര്‍ച്ച രേഖപ്പെടുത്തിയ വര്‍ഷമാണ് 2023-24. നീതി ആയോഗിന്റെ 2023-ലെ ബഹുമുഖ ദാരിദ്ര്യ സൂചിക (മള്‍ട്ടി ഡയമെന്‍ഷണല്‍ ദാരിദ്ര്യസൂചിക ഇന്‍ഡക്‌സ്) അനുസരിച്ച് കേരളമാണ് രാജ്യത്തെ ഏറ്റവും മികച്ച പ്രകടനം (0.002%) കാഴ്ച വെച്ച സംസ്ഥാനം. ഉയര്‍ന്ന പ്രതിശീര്‍ഷ വരുമാനമുള്ള ആദ്യ ആറ് സംസ്ഥാനങ്ങളില്‍ കേരളവുമുണ്ട്. സംസ്ഥാനത്തിന്റെ പ്രതിശീര്‍ഷ വരുമാനം 2022-23-ലെ സ്ഥിര വിലയില്‍ 6.06 ശതമാനം വര്‍ധിച്ച് 1,74,214 രൂപയായി. ഇത് ദേശീയ ശരാശരിയായ 1,15,746 രൂപയേക്കാള്‍ ഗണ്യമായി ഉയര്‍ന്നതാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പിന്റെ കണക്കുകളില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംസ്ഥാന മൊത്ത ആഭ്യന്തര ഉല്‍പ്പാദനം തനത് വിലയില്‍ 13.16 ശതമാനവും, സ്ഥിരവിലയില്‍ 6.78 ശതമാനവും വളര്‍ച്ച കൈവരിച്ചു. സാമൂഹ്യക്ഷേമ, വികസന ചെലവുകളില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പ്രാധാന്യം ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തിയിട്ടുണ്ടെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.
ALSO READ:വയനാട്, പാലക്കാട്, ചേലക്കര ഉപ തെരഞ്ഞെടുപ്പുകള്‍ നവംബർ 13ന്; വോട്ടെണ്ണൽ നവംബർ 23ന്
വ്യവസായ സൗഹൃദ റാങ്കിംഗില്‍ കേരളം ഒന്നാമതാണ്. സ്റ്റാര്‍ട്ടപ്പ് എക്കോ സിസ്റ്റത്തിന്റെ വികാസത്തിലും കേരളം രാജ്യത്ത് ഒന്നാമത് എത്തി. നീതി ആയോഗിന്റെ മള്‍ട്ടി ഡയമെന്‍ഷണല്‍ പോവര്‍ട്ടി ഇന്‍ഡക്‌സ് (ബഹുമുഖ ദാരിദ്ര്യ സൂചിക) പ്രകാരം ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനം കേരളമാണ്. ജനസംഖ്യയുടെ 0.44 ശതമാനം മാത്രമാണ് ദരിദ്രര്‍. ഇവരെയും ഈ വര്‍ഷത്തിനുള്ളില്‍ തന്നെ അതി ദാരിദ്ര്യത്തില്‍ നിന്ന് മുക്തരാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ഏറ്റെടുത്തിട്ടുള്ളത്. എന്നാല്‍ ഉത്തര്‍ പ്രദേശില്‍ 22.93 ശതമാനവും, മധ്യപ്രദേശില്‍ 20.63 ശതമാനവുമാണ് ദരിദ്രരുടെ പട്ടികയിലുള്ളത്. ശിശു മരണനിരക്കും മാതൃമരണ നിരക്കും ഏറ്റവും കുറവുള്ള സംസ്ഥാനവും കേരളമാണ്. നീതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ സൂചികയില്‍ തുടര്‍ച്ചയായി മൂന്നാം തവണയും ഒന്നാമത് കേരളമാണ്. നീതി ആയോഗിന്റെ സ്റ്റേറ്റ് ഹെല്‍ത്ത് ഇന്‍ഡക്‌സിലും കേരളം ഒന്നാമതായി തുടരുന്നു. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ഹാന്‍ഡ് ബുക്കില്‍ മനുഷ്യവിഭവ വികസന സൂചികയില്‍ ഒന്നാമത് കേരളമാണ്. ജീവിത ദൈര്‍ഘ്യ സൂചികയില്‍ രാജ്യത്ത് ഒന്നാം സ്ഥാനം കേരളത്തിനാണ്. എല്ലാ വീടുകളിലും ശുചിമുറികളുള്ള സംസ്ഥാനവും കേരളമാണ്. ദേശീയ കുടുംബാരോഗ്യ സര്‍വ്വേ പ്രകാരം പോഷകാഹാര കുറവ് ബാധിച്ച കുട്ടികള്‍ ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമാണ്. പെണ്‍കുട്ടികളുടെ സ്‌കൂള്‍ പ്രവേശനത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന കേരളം തന്നെയാണ് കുട്ടികളുടെ സ്‌കൂള്‍ കൊഴിഞ്ഞ് പോക്ക് ഒഴിവാക്കുന്ന കാര്യത്തിലും മുന്നില്‍ നില്‍ക്കുന്നത്. സ്വത്തിന്റെ വിതരണത്തിലെ അസന്തുലിതാവസ്ഥ ഏറ്റവും കുറവുള്ള സംസ്ഥാനം, ഇന്ത്യ സ്‌കില്‍ റിപ്പോര്‍ട്ട് പ്രകാരം യുവജനങ്ങള്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന തൊഴിലിടം എന്നിവയും കേരളത്തിന് അവകാശപ്പെടാന്‍ കഴിയുന്ന നേട്ടങ്ങളാണ്. പ്രായവ്യത്യാസമില്ലാതെ സ്ത്രീപുരുഷന്മാര്‍ ജോലി ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ഒന്നും രണ്ടും നഗരങ്ങള്‍ കൊച്ചിയും തിരുവനന്തപുരവുമാണ്.
ഇത്തവണത്തെ സാമ്പത്തിക നൊബേല്‍ ഇന്നലെ പ്രഖ്യാപിച്ചു. ടര്‍ക്കിഷ്- അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞനായ ഡാരന്‍ അസമോഗ് ലു, ബ്രിട്ടീഷ് വംശജനായ ഡോ.സൈണ്‍ ജോണ്‍സണ്‍, അമേരിക്കക്കാരനായ പ്രൊഫ. ജെയിംസ് എ റോബിന്‍സണ്‍ എന്നിവരാണ് ഇത്തവണ നൊബേല്‍ സമ്മാനത്തിന് അര്‍ഹരായത്.
ഓരോ രാജ്യവും സാമ്പത്തികമായി എങ്ങനെ വേറിട്ട് നില്‍ക്കുന്നു എന്നതായിരുന്നു അവരുടെ പഠന വിഷയം. ഓരോ രാജ്യത്തിന്റെയും വ്യത്യസ്ത രാഷ്ട്രീയ സംവിധാനങ്ങളും നിയമവാഴ്ചയും ഭരണ രീതികളും ആ രാജ്യത്തിന്റെ സാമ്പത്തിക മണ്ഡലത്തെ എങ്ങനെ സ്വാധീനിക്കുകയും രൂപപ്പെടുത്തുകയും ചെയ്യുന്നു എന്ന് അവര്‍ പഠിക്കുകയുണ്ടായി.
ALSO READ:മഹാരാഷ്ട്ര-ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് നവംബർ 13നും 20നും; വോട്ടെണ്ണൽ 23ന്
ചരിത്രപരവും സാമൂഹികവും സാമ്രാജ്യത്വപരവുമായ കാരണങ്ങള്‍ ഒരു നാടിന്റെ സാമ്പത്തിക മണ്ഡലത്തിന്റെ രൂപീകരണത്തിന് അടിസ്ഥാനമായി വര്‍ത്തിച്ചതെങ്ങനെ എന്ന പഠനം ഇന്ത്യന്‍ സാഹചര്യത്തില്‍ ഏറെ പ്രസക്തമാണ്. ഭരണഘടനയും രാഷ്ട്രീയ സംവിധാനവും ഫെഡറലിസവുമെല്ലാം പരസ്പരം പ്രവര്‍ത്തിച്ച് രൂപപ്പെടുത്തുന്ന ഒരു സാമ്പത്തിക മണ്ഡലമാണ് നമ്മുടെ രാജ്യത്തിന്റേത്. രാജ്യത്തിന്റെ വൈവിദ്ധ്യത്തെ നിലനിര്‍ത്താനും അതിന്റെ സവിശേഷതകള്‍ അംഗീകരിക്കാനും ഈ സ്ഥാപനങ്ങളുടെ മാതൃകാപരമായ പ്രവര്‍ത്തനം അത്യന്താപേക്ഷിതമാണ്.
ഇന്ത്യയുടെ ഭരണഘടനയുടെ അന്തസത്ത തന്നെ നമ്മുടെ ഫെഡറല്‍ സംവിധാനമാണ്. ചെലവ് ബാധ്യതകളും നികുതി സാധ്യതകളും ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്തമാണ്. വികസന പ്രവര്‍ത്തനങ്ങളും ക്ഷേമ പ്രവര്‍ത്തനങ്ങളും ഓരോ സംസ്ഥാനവും അതത് പ്രദേശത്തെ പ്രത്യേകതകള്‍ക്ക് അനുസരിച്ച് നടപ്പിലാക്കേണ്ടതാണ്. എന്നാല്‍ ഭരണഘടനാ മൂല്യങ്ങള്‍ തകര്‍ത്തും ഫെഡറലിസത്തെ കാറ്റില്‍പറത്തിയും കേന്ദ്രം നടത്തുന്ന നടപടികള്‍ രാജ്യത്തിന്റെ സാമ്പത്തിക ഐക്യത്തിനും സംസ്ഥാനങ്ങളുടെ നിലനില്‍പ്പിനും ഇത് ഭീഷണിയാകുമ്പോള്‍ നൊബേല്‍ സമ്മാനാര്‍ഹമായ പഠനങ്ങളുടെ പ്രസക്തി വര്‍ദ്ധിക്കുകയാണ്. ഗൗരവതരമായ രാഷ്ട്രീയ വിഷയമായി ഫെഡറലിസവും സാമ്പത്തിക ഫെഡറലിസവും മാറുമ്പോഴും കേരളത്തിലെ പ്രതിപക്ഷം വളരെ സങ്കുചിതമായ കക്ഷി രാഷ്ട്രീയ താല്‍പര്യങ്ങളുമായി ബി.ജെ.പിയുടെ രാഷ്ട്രീയ പ്രചാരവേലകള്‍ക്ക് ഒപ്പം നില്‍ക്കുന്നത് അങ്ങേയറ്റം നിരാശാജനകമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here