കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാമത് എഡിഷന് പ്രൗഢമായ തുടക്കം. ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുസ്തകോത്സവം ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ അറിയപ്പെടുന്ന സാഹിത്യോത്സവങ്ങളുടെ മാപ്പിൽ ഇടംനേടാൻ നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് സാധിച്ചു എന്നത് ശ്രദ്ധേയമാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. പുതിയ തലമുറയെ അക്ഷരങ്ങളുടെയും പുസ്തകങ്ങളുടെയും വെളിച്ചത്തിലേക്കു ആകർഷിക്കും വിധത്തിലാണത് പുസ്തകോത്സവം ഒരുക്കിയിട്ടുള്ളത്. കേരളത്തിലെ വായനാസമൂഹത്തിന് പ്രമുഖരായ സാഹിത്യപ്രതിഭകൾക്കൊപ്പം ആശയവിനിമയം നടത്താനും ഇത് അവസരമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇതോടൊപ്പം ഇത്തവണത്തെ നിയമസഭാ പുരസ്‌ക്കാരം എം മുകുന്ദന് സമർപ്പിച്ചു. പരമ്പരാഗതവും സാമ്പ്രദായികവുമായ എഴുത്തിന്റെ വഴികളിൽ നിന്നുമാറി നടന്നുകൊണ്ട് രചനയിലും ആസ്വാദനത്തിലും പുതുവഴി വെട്ടിത്തുറന്ന സാഹത്യകാരനാണ് എം മുകുന്ദൻ എന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് ലോക സാഹിത്യ നഗരി ആയതുപോലെ തിരുവനന്തപുരം യുനെസ്‌കോയുടെ വേൾഡ് ബുക്ക് ക്യാപിറ്റൽ സ്ഥാനത്തിന് അർഹമാവുമെന്ന് പ്രത്യാശിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം
കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാമത് എഡിഷന് തുടക്കമായി. ഈ കാലയളവു കൊണ്ടുതന്നെ ഇന്ത്യയിലെ അറിയപ്പെടുന്ന സാഹിത്യോത്സവങ്ങളുടെ മാപ്പിൽ ഇടംനേടാൻ പുസ്തകോത്സവത്തിന് സാധിച്ചു എന്നത് ശ്രദ്ധേയമാണ്. പുതിയ തലമുറയെ അക്ഷരങ്ങളുടെയും പുസ്തകങ്ങളുടെയും വെളിച്ചത്തിലേക്കു ആകർഷിക്കും വിധത്തിലാണത് പുസ്തകോത്സവം ഒരുക്കിയിട്ടുള്ളത്. കേരളത്തിലെ വായനാസമൂഹത്തിന് പ്രമുഖരായ സാഹിത്യപ്രതിഭകൾക്കൊപ്പം ആശയവിനിമയം നടത്താനും ഇത് അവസരമൊരുക്കും. ഇതോടൊപ്പം തന്നെ ഇത്തവണത്തെ നിയമസഭാ പുരസ്‌ക്കാരം എം മുകുന്ദന് സമർപ്പിച്ചു. പരമ്പരാഗതവും സാമ്പ്രദായികവുമായ എഴുത്തിന്റെ വഴികളിൽ നിന്നുമാറി നടന്നുകൊണ്ട് രചനയിലും ആസ്വാദനത്തിലും പുതുവഴി വെട്ടിത്തുറന്ന സാഹത്യകാരനാണ് എം മുകുന്ദൻ.
ലോകസാഹിത്യത്തിലെ ചലനങ്ങൾ കേരളത്തിൽ അവതരിപ്പിച്ച അദ്ദേഹം ഈ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെച്ച് ആദരിക്കപ്പെടുന്നതിൽ ഒരു ഔചിത്യ ഭംഗിയുണ്ട്. പുസ്തകോത്സവവുമായി ബന്ധപ്പെട്ട് ഒരു നിർദ്ദേശം മുന്നോട്ടുവെക്കുന്നു. യുനെസ്‌കോ ഓരോ വർഷവും ഓരോ നഗരത്തെ ലോക പുസ്തക തലസ്ഥാനമായി അംഗീകരിക്കാറുണ്ട്. ഡൽഹി ഈ വിധത്തിൽ ഒരിക്കൽ അംഗീകരിക്കപ്പെട്ടിരുന്നു. ഈ പുസ്തകോത്സവം മുൻനിർത്തി ബഹുമാനപ്പെട്ട നിയമസഭാ സ്പീക്കർക്ക് യുനെസ്‌കോയ്ക്ക് കത്തയക്കാവുന്നതാണ്. യുനെസ്‌കോ അത് അംഗീകരിക്കുമെന്നും കോഴിക്കോട് ലോക സാഹിത്യ നഗരി ആയതുപോലെ തിരുവനന്തപുരം യുനെസ്‌കോയുടെ വേൾഡ് ബുക്ക് ക്യാപിറ്റൽ സ്ഥാനത്തിന് അർഹമാവുമെന്നും പ്രത്യാശിക്കാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here