ശിവസേന ഷിൻഡെ പക്ഷം സ്ഥാനാർത്ഥിയും സിറ്റിംഗ് എംഎൽഎയുമായ സദാ സർവങ്കർ നാമനിർദ്ദേശ പത്രിക പിൻവലിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതോടെ, മഹിം സീറ്റിനെ ചുറ്റിപ്പറ്റിയുള്ള സസ്‌പെൻസ് അവസാനിച്ചു. മഹാരാഷ്ട്ര നവ നിർമ്മാൺ സേനയുടെ സ്ഥാനാർഥിയായി രാജ് താക്കറെയുടെ മകൻ അമിത് താക്കറെ മത്സരിക്കുന്ന മാഹിം മണ്ഡലത്തിൽ വൻ ട്വിസ്റ്റ് സംഭവിച്ചു. ഷിൻഡെ സേന സ്ഥാനാർഥിയായ സദാ സർവങ്കർ തൻ്റെ സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും അവസാന നിമിഷം മലക്കം മറിഞ്ഞതോടെ മാഹിമിൽ ത്രികോണ മത്സരത്തിന് തീരുമാനമായി.
മാഹിം സീറ്റ് സംസ്ഥാന രാഷ്ട്രീയ വൃത്തങ്ങളിൽ ശ്രദ്ധ കേന്ദ്രമായത് എംഎൻഎസ് തലവൻ രാജ് താക്കറെയുടെ മകൻ അമിത് തെരഞ്ഞെടുപ്പിൽ അരങ്ങേറ്റം കുറിക്കാൻ തിരഞ്ഞെടുത്തതോടെയാണ്. ബിജെപിയും ഷിൻഡെയുടെ നേതൃത്വത്തിലുള്ള ചില സേനാ നേതാക്കളും ഉൾപ്പെടെയുള്ള ഭരണ സഖ്യം അമിതിന് പിന്തുണയുമായി മുന്നോട്ട് വന്നിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാജ് താക്കറെ മഹായുതിക്ക് നൽകിയ നിരുപാധിക പിന്തുണ കൂടി കണക്കിലെടുത്തായിരുന്നു തീരുമാനം.
ഔദ്യോഗിക മഹായുതി സ്ഥാനാർത്ഥിയായി സർവങ്കർ മത്സരരംഗത്തുള്ളതിനാൽ, അമിതിനെ പിന്തുണച്ച് നാമനിർദ്ദേശ പത്രിക പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി, സേന നേതാക്കൾ അഭ്യർത്ഥിച്ചെങ്കിലും മത്സരിക്കാനുള്ള തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ്. മുംബൈയിൽ ഭരണമുന്നണിക്കെതിരെ മത്സരിക്കുന്ന തൻ്റെ സ്ഥാനാർത്ഥികളെ രാജ് താക്കറെ പിൻവലിക്കണമെന്ന നിർദ്ദേശമാണ് സർവങ്കർ മുന്നോട്ട് വച്ചിരുന്നത്.
ഇന്നലെയായിരുന്നു നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം. രാവിലെ മുതൽ സദാ ശരവങ്കർ പലരെയും കാണുകയായിരുന്നു. അതിനുശേഷം ഉച്ചക്ക് 2 മണിയോടെ രാജ് താക്കറെയെ കാണാൻ പോയെങ്കിലും എംഎൻഎസ് നേതാവ് സന്ദർശനം നിരസിച്ചു. കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ച രാജ് താക്കറെ ഇരു സേനാ നേതാക്കളെയും രൂക്ഷമായി വിമർശിച്ചപ്പോഴും ബിജെപിയെ ഒഴിവാക്കിയിരുന്നതും ശ്രദ്ധേയമാണ്.
Also Read; കൊടകര കുഴൽപ്പണക്കേസ്; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് സംസ്ഥാന പൊലീസ് മേധാവി നൽകിയ കത്ത് കൈരളി ന്യൂസിന്
അമിത് താക്കറെയെ തിരഞ്ഞെടുക്കാൻ ശ്രമിക്കുമെന്ന് ബിജെപിയുടെ ആശിഷ് ഷെലാർ പറഞ്ഞു. മഹായുതിയുടെ സ്ഥാനാർത്ഥിയെ മാത്രമേ താൻ തിരഞ്ഞെടുക്കൂ എന്ന് നാരായൺ റാണെയും വ്യക്തമാക്കി. അപ്പോൾ മാഹിമിൽ എന്ത് സംഭവിക്കും? ബിജെപി ഔദ്യോഗികമായി ആരെ പിന്തുണയ്ക്കും? ബിജെപി നേതാക്കൾ ആരുടെ റാലിയിൽ പ്രത്യക്ഷപ്പെടും? കാത്തിരുന്നു കാണാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here