ലെബനനിൽ അമേരിക്കയും ഫ്രാൻസും മുൻകൈയെടുത്തു കൊണ്ടുള്ള വെടിനിർത്തൽ കരാർ നാളെ മുതൽ പ്രാബല്യത്തിൽ വരുമെന്ന് റിപ്പോർട്ട്. ലബനൻ സമയം രാത്രി 10ന് പ്രഖ്യാപിക്കുന്ന വെടിനിർത്തൽ ബുധനാഴ്ച രാവിലെ 10 മണിയോടെ പുറത്തു വരുമെന്ന് ലബനൻ ചാനലായ അൽ ജദീദ് റിപ്പോർട്ട് ചെയ്തു. എന്നാൽ, വെടിനിർത്തൽ നിർദേശത്തിൽ അന്തിമ തീരുമാനമെടുക്കാനുള്ള നിർണായക ഇസ്രായേൽ മന്ത്രിസഭാ യോഗം പുരോഗമിക്കുകയാണ്.
കരാറനുസരിച്ച് സൗത്ത് ലബനനിൽ ബഫർസോൺ ഉണ്ടാകില്ലെന്നും റിപ്പോർട്ടുണ്ട്. അതേസമയം ഹിസ്ബുല്ലയുമായുള്ള വെടിനിർത്തൽ ചർച്ചകൾ അന്തിമഘട്ടത്തിലാണെന്ന് ഐക്യരാഷ്ട്രസഭയിലെ ഇസ്രായേൽ പ്രതിനിധി ഡാന്നി ഡാനോൻ വ്യക്തമാക്കിയിരുന്നു.
കരാർ പ്രകാരം തെക്കൻ ലബനാനിൽ നിന്ന് ഇസ്രായേൽ സൈന്യം പൂർണമായി പിൻമാറുകയും 60 ദിവസത്തിനുള്ള മേഖലയുടെ സമ്പൂർണ നിയന്ത്രണം ലബനാൻ സൈന്യം ഏറ്റെടുക്കുകയും ചെയ്യുക എന്നതാണ് വെടിനിർത്തൽ കരാറിലെ പ്രധാന നിബന്ധന. അതേസമയം വെടിനിർത്തൽ ചർച്ച നടക്കുമ്പോഴും ലബനനിലുടനീളം വ്യോമാക്രമണം കടുപ്പിക്കുകയാണെന്ന് ഇസ്രയേൽ.
മധ്യ ബൈറൂത്തിലെ പാർപ്പിട സമുച്ചയം ഇസ്രായേൽ സൈന്യം ബോംബിട്ടു തകർത്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ ലബനാനിലെ ഇസ്രായേൽ ആക്രമണത്തിൽ 31 പേരാണ് കൊല്ലപ്പെട്ടത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here