പാവപ്പെട്ടവർക്കും നിരാലംബർക്കും ആശ്രയം നൽകുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ച സാമൂഹിക സുരക്ഷാ പെൻഷനിൽ കയ്യിട്ട് വാരി സർക്കാർ ഉദ്യോഗസ്ഥർ. സംസ്ഥാന സർക്കാരിലെ 1458 ഉദ്യോഗസ്ഥരാണ് സാമൂഹിക പെൻഷൻ തുക കൈക്കലാക്കി വൻ കൊള്ള നടത്തുന്നതായി കണ്ടെത്തിയിട്ടുള്ളത്. ധനവകുപ്പിൻ്റെ പ്രത്യേക നിർദ്ദേശ പ്രകാരം ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. പരിശോധനയിൽ ഗസറ്റഡ് ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവർ തട്ടിപ്പിൽ പങ്കാളികളായിട്ടുള്ളതായി കണ്ടെത്തി.
കോളജ് അസി. പ്രൊഫസർമാരും ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകരും ഉൾപ്പെടെയാണ് 1-2 ലക്ഷം രൂപ വരെയുള്ള ശമ്പളത്തിനു പുറമെ സർക്കാരിൻ്റെ ക്ഷേമ പെൻഷനും വാങ്ങുന്നത്. സംഭവത്തിൽ കുറ്റക്കാരായിരിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അനധികൃതമായി കൈപ്പറ്റിയ പെൻഷൻ തുക പലിശയടക്കം തിരിച്ചുപിടിക്കുമെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിർദ്ദേശിച്ചു.
ശമ്പളത്തിനു പുറമേ സർക്കാരിൻ്റെ സാമൂഹിക സുരക്ഷാ പെൻഷനും വാങ്ങുന്ന ഉദ്യോഗസ്ഥരുടെ കണക്ക് ഇങ്ങനെയാണ്:
2 അസിസ്‌റ്റൻ്റ് പ്രൊഫസർമാർ: ഒരാൾ തിരുവനന്തപുരം ജില്ലയിലെ സർക്കാർ കോളേജിലാണ് ജോലി എടുക്കുന്നത്. മറ്റൊരാൾ പാലക്കാട് ജില്ലയിലെ സർക്കാർ കോളജിൽ ജോലി ചെയ്യുന്നു; 3 ഹയർ സെക്കൻ്ററി അധ്യാപകർ, 373 ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ; 224 പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ; 124 മെഡിക്കൽ എജ്യൂക്കേഷൻ വകുപ്പ് ജീവനക്കാർ; 114 ആയൂർവേദ വകുപ്പ് (ഇന്ത്യൻ സിസ്‌റ്റം ഓഫ് മെഡിസിൻ) ജീവനക്കാർ; 74 മൃഗസംരക്ഷണ വകുപ്പ് ജീവനക്കാർ; 47 പൊതുമരാമത്ത് വകുപ്പ് ജീവനക്കാർ; കൂടാതെ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ 46 പേർ, ഹോമിയോപ്പതി വകുപ്പിൽ 41 പേർ. കൃഷി, റവന്യൂ വകുപ്പുകളിൽ 35 പേർ, ജുഡീഷ്യറി ആൻഡ് സോഷ്യൽ ജസ്‌റ്റീസ് വകുപ്പിൽ 34 പേർ, ഇൻഷ്വറൻസ് മെഡിക്കൽ സർവീസ് വകുപ്പിൽ 31, കോജിയറ്റ് എജ്യൂക്കേഷൻ വകുപ്പിൽ 27, ഹോമിയോപ്പതിയിൽ 25 എന്നിങ്ങനെയും ഉദ്യോഗസ്ഥർ സാമൂഹിക ക്ഷേമ പെൻഷൻ കൈപ്പറ്റുന്നു.
ALSO READ: ഹേമ കമ്മിറ്റി റിപ്പോർട്ട്; നോഡൽ ഓഫീസറെ നിയമിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു
മറ്റ് വകുപ്പുകളിലും സ്ഥാപനങ്ങിലും പെൻഷൻ പറ്റുന്നവരുടെ എണ്ണം ചുവടെ: വിൽപന നികുതി 14, പട്ടികജാതി ക്ഷേമം 13, ഗ്രാമ വികസനം, പൊലീസ്, പിഎസ്‌സി, ആയുർവേദ മെഡിക്കൽ എഡ്യുക്കേഷൻ 10 വീതം, സഹകരണം 8, ലജിസ്ലേച്ചർ സെക്രട്ടറിയറ്റ്, തൊഴിൽ പരിശീലനം, പൊതുഭരണം, വൊക്കേഷണൽ ഹയർ സെക്കണ്ടറി 7 വീതം, വനം വന്യജീവി 9, സോയിൽ സർവെ, ഫിഷറീസ് 6 വീതം, തദ്ദേശ ഭരണം, വാഹന ഗതാഗതം, വ്യവസായവും വാണിജ്യവും, ഫയർഫോഴ്‌സ്, ക്ഷീര വികസനം, പൊതുവിതരണം, അഡ്വക്കേറ്റ് ജനറൽ ഓഫീസ് 4 വീതം, സാമൂഹിക ക്ഷേമം, രജിസ്‌ട്രേഷൻ, മ്യൂസിയം, പ്രിൻ്റിങ്, ഭക്ഷ്യസുരക്ഷ, എക്‌സൈസ്, ആർക്കിയോളജി 3 വീതം, തൊഴിൽ, ലീഗൽ മെട്രോളജി, മെഡിക്കൽ എക്‌സാമിനേഷൻ ലബോട്ടറി, ഇക്കണോമിക്സ് ആൻഡ് സ്‌റ്റാറ്റിറ്റിക്‌സ്, ലാ കോളേജുകൾ 2 വീതം, എൻസിസി, ലോട്ടറീസ്, ജയിൽ, തൊഴിൽ കോടതി, ഹാർബർ എൻജിനീയറിങ്, ഇലക്‌ട്രിക്കൽ ഇൻസ്‌പക്‌ട്രേറ്റ്, ഡ്രഗ്‌സ് കൺട്രോൾ, പിന്നോക്ക വിഭാഗ വികസനം, കയർ വികസനം 1 വീതം.
വിവിധ തലങ്ങളിലുള്ള പരിശോധനകൾ തുടരാനാണ് ധന വകുപ്പ് തീരുമാനം. അനർഹരായവരെ കണ്ടെത്തി ഒഴിവാക്കുകയും, അർഹരായവർക്ക് മുഴുവൻ കൃത്യമായി പെൻഷൻ വിതരണം ഉറപ്പാക്കുകയും ചെയ്യുന്ന നടപടികൾ തുടരുമെന്ന് ധന വകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here