‘കണ്ടുനില്‍ക്കാന്‍ കഴിയാത്ത അവസ്ഥ; അരയ്ക്ക് താഴേയ്ക്ക് കടിച്ചുപറിച്ചിരുന്നു’; നിഹാലിന്റെ മരണത്തില്‍ വിങ്ങലോടെ നാട്ടുകാര്‍

കണ്ണൂരില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ മരിച്ച നിഹാല്‍ വീടിന് പുറത്തേക്ക് അധികം പോകാറുണ്ടായിരുന്നില്ലെന്ന് നാട്ടുകാര്‍. ഗെയ്റ്റ് തുറന്നു കിടക്കുന്ന സാഹചര്യത്തില്‍ ഇടയ്ക്ക് പുറത്തുപോയിട്ടുണ്ട്. എന്നാല്‍ അധിക ദൂരം പോകാറില്ല. തൊട്ടടുത്ത വീട്ടില്‍ ഉണ്ടാകും. ഇന്നലെ വൈകിട്ട് കുട്ടിയെ വീട്ടില്‍ കാണാത്ത സാഹചര്യത്തില്‍ നടത്തിയ തെരച്ചിലില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്നും നാട്ടുകാര്‍ കൈരളി ന്യൂസിസോട് പറഞ്ഞു.

Also Read- സ്‌കൂളിലെ പരിപാടിയില്‍ നിറഞ്ഞ് നിഹാല്‍; നൊമ്പരമായി വീഡിയോ

മൃഗീയമായ രീതിയിലാണ് നിഹാല്‍ ആക്രമിക്കപ്പെട്ടത്. കണ്ടുനില്‍ക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു മൃതദേഹം. നായ്ക്കള്‍ കൂട്ടമായി ആക്രമിച്ച് വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നു. പല സ്ഥലങ്ങളിലും രക്തക്കറ ഉണ്ടായിരുന്നു. മൃതദേഹം കണ്ടെത്തുമ്പോള്‍ അരയ്ക്ക് താഴേയ്ക്ക് നായ്ക്കള്‍ കടിച്ചുപറിച്ച നിലയിലായിരുന്നു. മുഖത്തും സാരമായ പരുക്കുണ്ടായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു.

ഇന്നലെയാണ് കണ്ണൂര്‍ മുഴുപ്പിലങ്ങാടില്‍ പതിനൊന്ന് വയസുകാരനെ തെരുവ് നായ കടിച്ചുകൊന്നത്. മുഴപ്പിലങ്ങാട് കെട്ടിനകം പള്ളിക്കടുത്ത് ദാറുല്‍ റഹ്മാനില്‍ നൗഷാദിന്റെ മകന്‍ നിഹാല്‍ നൗഷാദാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് അഞ്ചോടെ കുട്ടിയെ വീട്ടില്‍നിന്ന് കാണാതായിരുന്നു. വീട്ടുകാരും ബന്ധുക്കളും തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചു. ബന്ധുക്കളും നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലിനിടെയാണ് രാത്രി ഒമ്പതോടെ കുട്ടിയെ സമീപത്തെ ആളൊഴിഞ്ഞ വീട്ടുപറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Also Read- സ്പീഡ് ബോട്ടില്‍ ഫോട്ടോഷൂട്ട്; ഹണിമൂണ്‍ ആഘോഷത്തിനിടെ നവദമ്പതികള്‍ കടലില്‍ മുങ്ങിമരിച്ചു

കുട്ടിയുടെ മുഖവും വയറും നായ് കടിച്ചുകീറിയിരുന്നു. ഓട്ടിസം ബാധിച്ച് സംസാരശേഷിയില്ലാത്തതിനാല്‍ തെരുവുനായ് ആക്രമണത്തില്‍ കുട്ടിക്ക് നിലവിളിക്കാനുമായില്ല. ആളൊഴിഞ്ഞ വീട്ടുപറമ്പില്‍നിന്ന് വൈകീട്ട് തെരുവുനായ്ക്കളുടെ ബഹളം ഏറെനേരം കേട്ടതായി തിരച്ചിലിനിടെ സമീപവാസികള്‍ പറഞ്ഞതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ ആളൊഴിഞ്ഞ പറമ്പ് പരിശോധിച്ചത്. വീടിനോട് ചേര്‍ന്ന തൊടിയില്‍ ചെടികള്‍ക്കിടയില്‍ ചോരയില്‍ കുളിച്ചായിരുന്നു മൃതദേഹം. ധര്‍മടം സ്വാമിക്കുന്ന് ജേസീസ് സ്‌പെഷല്‍ സ്‌കൂള്‍ വിദ്യാര്‍ഥിയാണ് നിഹാല്‍. വീടിന്റെ ഗേറ്റ് തുറന്നപ്പോള്‍ കുട്ടി പുറത്തുപോയതാണെന്നാണ് കരുതുന്നത്. എടക്കാട് പൊലീസ് സ്ഥലത്തെത്തി നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News