സഹായം ആവശ്യമായിരുന്ന കാലഘട്ടത്തില്‍ നിന്നും പാര്‍ട്ടി വളര്‍ന്നു; ആര്‍എസ്എസിന്റെ സഹായം ബിജെപിക്ക് ആവശ്യമില്ലെന്ന് ജെ പി നദ്ദ

ആര്‍എസ്എസിനെ പൂര്‍ണമായും തളളി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ. ആര്‍എസ്എസിന്റെ സഹായം പാര്‍ട്ടിക്ക് ആവശ്യമില്ലെന്നും സഹായം ആവശ്യമുണ്ടായിരുന്ന കാലഘട്ടത്തില്‍ നിന്നും പാര്‍ട്ടി വളര്‍ന്നുവെന്നും ജെ പി നദ്ദ.  ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബിജെപി അധ്യക്ഷന്‍ ആര്‍എസ്എസിനെ തളളിയത്. ബിജെപി സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയപാര്‍ട്ടിയാണെന്നും സ്വയം പ്രാപ്തിയുണ്ടെന്നും ജെ പി നദ്ദ പറഞ്ഞു.

ആര്‍എസ്എസ് ആശയങ്ങളില്‍നിന്ന് നരേന്ദ്ര മോദിയും അമിത് ഷായും അടക്കമുള്ള നേതാക്കള്‍ അകലുന്നുവെന്ന കടുത്ത അതൃപ്തി തീവ്ര ഹിന്ദുത്വവാദികള്‍ക്കിടയില്‍ ഉളളപ്പോഴാണ് ജെ പി നദ്ദയുടെ പ്രതികരണം. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ജെ പി നദ്ദ ആര്‍എസ്എസിനെ പൂര്‍ണമായും തളളിയത്. ആര്‍എസ്എസ് സഹായം ആവശ്യമായിരുന്ന കാലത്തില്‍നിന്ന് പാര്‍ട്ടി വളര്‍ന്നു. ഇപ്പോള്‍ സ്വയം പ്രാപ്തിയുണ്ടെന്നും നദ്ദ പറഞ്ഞു.

അടല്‍ ബിഹാരി വാജ്‌പേയിയുടെ കാലത്തുനിന്ന് ബിജെപിയിലെ ആര്‍എസ്എസ് സാന്നിധ്യം എങ്ങനെയാണ് മാറിയതെന്ന ദേശീയ മാധ്യമ ലേഖകന്റെ ചോദ്യത്തിനായിരുന്നു നദ്ദയുടെ മറുപടി. തുടക്കത്തില്‍ ഞങ്ങള്‍ക്ക് ശക്തി കുറവായിരുന്നു. ആര്‍എസ്എസിനെ ആവശ്യമായിരുന്നു. ഇന്ന് ഞങ്ങള്‍ വളര്‍ന്നു. ഇന്ന് ഞങ്ങള്‍ ശേഷിയുള്ളവരാണ്. ബിജെപി സ്വന്തമായി പ്രവര്‍ത്തിക്കുന്നു.’ആര്‍എസ്എസ് സാംസ്‌കാരിക, സാമൂഹിക സംഘടനയും ബിജെപി രാഷ്ട്രീയ സംഘടനയുമാണ്.

ആര്‍എസ്എസ് ഒരു പ്രത്യയശാസ്ത്ര സംഘടനയാണ്. അതാണ് ഇപ്പോഴുള്ള വ്യത്യാസമെന്നും നദ്ദ ചൂണ്ടിക്കാട്ടി.  രണ്ടാം മോദി സര്‍ക്കാരിന്റെ കാലഘട്ടമായതോടെ, ബിജെപി ആര്‍എസ്എസ് നയങ്ങളില്‍നിന്ന് വ്യതിചലിക്കുന്നതായി തീവ്ര ഹിന്ദുത്വവാദികളും ആര്‍എസ്എസിനോട് ചേര്‍ന്നുനില്‍ക്കുന്നവരും വിമര്‍ശിച്ചിരുന്നു. മാത്രമല്ല, ബിജെപിയും ആര്‍എസ്എസും തമ്മിലുളള ആഭ്യന്തര പ്രശ്‌നങ്ങളും കുറേനാളുകളായി സങ്കീര്‍ണമായിട്ടുണ്ട്. പ്രത്യേകിച്ച് നരേന്ദ്രമോദിയുടെ വളര്‍ച്ച ആര്‍എസ്എസിനും മുകളിലാണെന്ന വിലയിരുത്തലാണ് തീവ്രഹിന്ദുത്വവാദികള്‍ക്കുളളത്.

2005ല്‍ 30 വര്‍ഷത്തിലധികം ബിജെപിയെ നയിച്ച എല്‍കെ അദ്വാനിയെ ആര്‍എസ്എസ് മാറ്റിയതും ഇതേ അതൃപ്തിയിലായിരുന്നു. ജെ പി നദ്ദയുടെ പ്രസ്താവനയിലൂടെ സമാനമായ സാഹചര്യം ബിജെപിയിലും ആര്‍എസ്എസിനും ഉടലെടുത്തുവെന്നത് വ്യക്തം. ലോക്‌സഭാ തെരഞ്ഞെടുപ്പ് ച്രചരണം ശക്തമായി മുന്നോട്ടുപോകുമ്പോഴാണ് ബിജെപി അധ്യക്ഷന്റെ പ്രസ്താവനയെന്നതും ശ്രദ്ധേയം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News