ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള ഇലോണ്‍ മസ്‌കിന്റെ തീരുമാനത്തെ വിമര്‍ശിച്ച് ട്വിറ്റര്‍ സഹസ്ഥാപകനും മുന്‍ സിഇഒയുമായ ജാക്ക് ഡോര്‍സി. മസ്‌കിന് കീഴില്‍ ട്വിറ്ററിന്റെ പ്രവര്‍ത്തനം മോശമാണ്. 100 കോടി ഡോളര്‍ ബ്രേക്ക് അപ്പ് ഫീ നല്‍കി ട്വിറ്റര്‍ ഏറ്റെടുക്കുന്നതില്‍ നിന്ന് മസ്‌ക് പിന്‍മാറുന്നത് തന്നെയായിരുന്നു നല്ലതെന്നും ഡോര്‍സി ചൂണ്ടിക്കാണിച്ചു. തന്റെ സമയം നല്ലതല്ലെന്ന് മനസിലാക്കിയ മസ്‌ക് അതിനനുസരിച്ച് പ്രവര്‍ത്തിച്ചില്ലന്നും ഡോര്‍സി കുറ്റപ്പെടുത്തി. തന്റെ പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ബ്ലൂ സ്‌കൈയില്‍ ഒരു ഉപഭോക്താവിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ജാക്ക് ഡോര്‍സി. കഴിഞ്ഞ വര്‍ഷമാണ് 4400 കോടി ഡോളറിന് ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തത്. എന്നാല്‍ കമ്പനി ഏറ്റെടുത്തതിന് ശേഷം മസ്‌ക് സ്വീകരിച്ച നടപടികള്‍ വ്യാപകമായ വിമര്‍ശനങ്ങള്‍ക്കാണ് വഴിയൊരുക്കിയത്.
അതേ സമയം, കാഴ്ചയില്‍ ട്വിറ്ററുമായി ഒട്ടേറെ സമാനതകളുമായാണ് ജാക്ക് ഡോര്‍സി ബ്ലൂ സ്‌കൈ എന്ന പേരില്‍ പുതിയ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചിരിക്കുന്നത്. ട്വിറ്ററിന്റെ രണ്ടാം പതിപ്പ് എന്ന പേര് ഇതിനകം ബ്ലൂ സ്‌കൈ നേടിക്കഴിഞ്ഞു. ബ്ലൂ സ്‌കൈ ആപ്പില്‍ ട്വിറ്ററിന് സമാനമായ ഒട്ടനവധി ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് പോസ്റ്റുകള്‍ പങ്കുവയ്ക്കാനും ഷോര്‍ട്ട് അപ്‌ഡേറ്റുകള്‍ ഫോളോ ചെയ്യാനും സാധിക്കും. അതേസമയം, ട്വിറ്ററിലെ പ്രധാന ഫീച്ചറുകളായ ഹാഷ്ടാഗ്, ഡയറക്ട് മെസേജ് തുടങ്ങിയവ ബ്ലൂ സ്‌കൈയില്‍ ലഭ്യമല്ല.
കുറഞ്ഞ മാസങ്ങള്‍ കൊണ്ട് മാധ്യമപ്രവര്‍ത്തകര്‍, രാഷ്ട്രീയക്കാര്‍, സെലിബ്രിറ്റികള്‍ കാണിക്കുന്നവര്‍ പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമിലേക്ക് എത്തിയിട്ടുണ്ട്. ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്ന് മാത്രം 3,75,000 തവണ ആണ് ബ്ലൂ സ്‌കൈ ഡൗണ്‍ലോഡ് ചെയ്തിട്ടുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here