പിതാവിന്‍റെ പ്രായത്തെ വരെ മോശമാക്കുമ്പോള്‍ പ്രതികരിക്കാതിരിക്കാന്‍ ക‍ഴിയുന്നില്ല, അധിക്ഷേപങ്ങൾക്ക് മറുപടിയുമായി ജെയ്‌കിൻ്റെ സഹോദരൻ

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ വികസനം ചര്‍ച്ചയാകാതിരിക്കാന്‍ പരമാവധി ശ്രമങ്ങളാണ് യുഡിഎഫ് നടത്തുന്നത്. വികാരം വോട്ടാക്കാനും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ജെയ്ക് സി തോമസിനെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കാനുമാണ് പ്രചാരണ സമയം യുഡിഎഫ് ഉപയോഗിക്കുന്നത്. ജയ്കിനെയും കുടുംബത്തെയും അധിക്ഷേപിക്കുന്ന തരത്തിലേക്ക് വരെ കോണ്‍ഗ്രസ് അണികള്‍ നീങ്ങി. ഇതിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ജെയ്ക് സി തോമസിന്‍റെ സഹോദരന്‍ തോമസ് സി തോമസ്.

ജെയ്‌ക്ക് അനധികൃതമായി കോടികൾ സമ്പാദിച്ചെന്നും മറ്റുമൊക്കെ ഉള്ള ആരോപണങ്ങളോട് പ്രതികരിക്കേണ്ടെന്നാണ് ജെയ്‌ക്ക് ഉൾപ്പടെ പറഞ്ഞതെന്നും, പക്ഷെ പിതാവിൻ്റെ പ്രായത്തെ വരെ മോശമായി ചിത്രീകരിക്കുന്നത് കണ്ടപ്പോൾ മിണ്ടാതിരിക്കാനായില്ലെന്നും തോമസ്‌ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു.

ALSO READ: മാത്യു കു‍ഴല്‍നാടന്‍ എംഎല്‍എ മറുപടി പറയാത്ത പ്രധാനപ്പെട്ട ചോദ്യങ്ങള്‍

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പുര്‍ണരൂപം:

“പ്രിയരേ

ഞാൻ ഒരു സജീവ രാഷ്ട്രീയ പ്രവർത്തകനോ പ്രചാരകനോ അല്ല. എല്ലാ രാഷ്ട്രീയത്തിൽപ്പെട്ട ആളുകളെയും ബഹുമാനിക്കുന്ന സ്നേഹിക്കുന്ന സാധാരണക്കാരനായ ഒരു ദൈവവിശ്വാസിയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എൻ്റെ സഹോദരനും പുതുപ്പള്ളി മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാർത്ഥിയുമായ ജെയ്‌ക്ക് സി തോമസിനെ വ്യക്തിപരമയി അധിക്ഷേപിക്കുന്ന പോസ്റ്റുകൾ കാണാനിടയായി. ജെയ്‌ക്ക് അനധികൃതമായി കോടികൾ സമ്പാദിച്ചെന്നും മറ്റുമൊക്കെ ഉള്ള ആരോപണങ്ങളോട് പ്രതികരിക്കേണ്ടന്നാണ് ജെയ്‌ക്ക് ഉൾപ്പടെ പറഞ്ഞത്. പക്ഷെ ഞങ്ങളുടെ പിതാവിൻ്റെ പ്രായത്തെ വരെ മോശമായി ചിത്രീകരിക്കുന്നത് കണ്ടപ്പോൾ മിണ്ടാതിരിക്കാനായില്ല. എല്ലാവരുടെയും സംശയങ്ങൾ തീർക്കുന്നതിനായി ചില കാര്യങ്ങൾ പങ്കു വയ്ക്കുകയാണ്.

1. ഞങ്ങളുടെ പിതാവിൻ്റെ പ്രായത്തെ സംബന്ധിച്ച്?

ജീവിച്ചിരുന്നെങ്കിൽ ഞങ്ങളുടെ പിതാവിന് ഇപ്പോൾ 100 വയസ്സിനു മേലെ പ്രായം ഉണ്ടാകുമായിരുന്നു. 2011-ൽ അദ്ദേഹം മരിക്കുമ്പോൾ 89 വയസ്സായിരുന്നു. അദ്ദേഹം വിവാഹം കഴിച്ചത് വളരെ വൈകി ആണ്. മലങ്കര യാക്കോബായ സഭയിലെ അഭിവന്ദ്യ മെത്രപ്പോലീത്ത ആയിരുന്ന പെരുമ്പള്ളി തിരുമേനിയുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടായിരുന്നു. വൈകിയ വേളയിലും അദ്ദേഹത്തെ വിവാഹത്തിന് നിർബന്ധിച്ചതും അതിനു മുൻകൈ എടുത്തതും തിരുമേനിയാണ്. ഫാ ഗീവര്ഗീസ് ചട്ടത്തിൽ അച്ഛൻ്റെ കാർമികത്വത്തിൽ നടന്ന വിവാഹത്തിൽ തിരുമേനി പങ്കെടുത്തില്ലെങ്കിലും പിന്നീട് എൻ്റെ മാമോദിസ നടത്തിയത് അദ്ദേഹമായിരുന്നു. എൻ്റെ പിതാവിൻ്റെ വാർധക്യ കാലത്ത്‌ ഉണ്ടായ മക്കളാണു ഞങ്ങൾ രണ്ടു പേരും.

ALSO READ: രാജ്യത്ത് വിലക്കയറ്റം കൂടുതല്‍ രാജസ്ഥാനില്‍, കേരളം ദേശീയ ശരാശരിക്കും പിന്നില്‍

2. ജെയ്‌ക്കിൻ്റെ സ്വത്തിനെ സംബന്ധിച്ച്

എൻ്റെ പിതാവിൻ്റെ മാതാവും പിതാവും അവരുടെ അയ്‌മ‌നത്തെ വീട് വിറ്റു 1930-കളിൽ മണർകാട് എത്തി സ്ഥലം വാങ്ങി. അന്ന് വാങ്ങിയ സ്ഥലത്തിന് മുന്നിലൂടെ കെ കെ റോഡ് വന്നത് പിന്നെയാണ്. സ്വാതന്ത്ര്യത്തിനു മുമ്പ് അദ്ദേഹം കോട്ടയം ചന്തയിൽ ബിസിനസ് ആരംഭിച്ചു പിന്നീട് ഇവിടെ മണർകാട്ട് സ്വന്തമായി ചെരുപ്പു കമ്പനിയും തുടങ്ങി. പിന്നീട് 2005-ൽ അദ്ദേഹം വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നു ബിസിനസ് അവസാനിപ്പിച്ചു. അന്ന് ഞങ്ങൾ സ്‌കൂൾ വിദ്യാർത്ഥികൾ ആയിരുന്നു. പിന്നീട് ഞാൻ 2010-ൽ അടച്ചു പോയ കട തുറന്നു നടത്താന് ആരംഭിച്ചു. ജെയ്‌ക്ക് പിന്നീടാണ് സജീവ രാഷ്ട്രീയ പ്രവർത്തകൻ ആകുന്നത്.

2019-ൽ ജെയ്ക്കും വിവാഹിതനായ ശേഷം ഞാൻ മണർകാട്ടെ ഞങ്ങളുടെ സ്ഥലത്തു തറവാടിൻ്റെ മുന്നിലായി ബാങ്ക് ലോൺ എടുത്തു വീട് വച്ച് മാറി. അതിനു മുമ്പ് തന്നെ പിതാവിൻ്റെ സ്വത്ത് രണ്ടു മക്കൾക്കുമായി ‘അമ്മ പകുത്തു തന്നു. ഇപ്പോൾ അമ്മയും ജെയ്ക്കും ഗീതുവും തറവാടിലും ഞാനും കുടുംബവും ഞങ്ങളുടെ വീട്ടിലും ഒരേ മനസ്സൊടെ ഒരുമയൊടെ ജീവിക്കുന്നു. ഹൈവെ സൈഡിൽ ഇരിക്കുന്ന ഭൂമിക്കു വിലകൂടുക സ്വാഭാവികം ആണ്. ഇതൊക്കെ ഈ നാട്ടിലെ കോൺഗ്രസുകാർ ഉൾപ്പടെ ഉള്ളവർക്ക് അറിയാവുന്ന കര്യവുമാണ്. നിങ്ങൾക്കു ആർക്കെങ്കിലും ഇത് സംബന്ധിച്ച് എന്തെങ്കിലും രേഖകൾ ആവശ്യമുണ്ടെങ്കിൽ ഞാൻ നൽകാം.

ജെയ്‌കിനെ നിങ്ങൾക്കു വിമർശിക്കാം എതിർക്കാം. പക്ഷെ ഞങ്ങളുടെ പിതാവിനെ വെറുതെ വിടുക. സോഷ്യൽ മീഡിയയിൽ ഇല്ലെങ്കിലും ഞങ്ങളുടെ അമ്മയും ഇതൊക്കെ അറിയുകയും വേദനിക്കുകയും ചെയ്യുന്നുണ്ട്. എഴുതാനും വായിക്കാനും അറിയില്ലായിരുന്നെങ്കിലും ഞങ്ങളുടെ അച്ച പറഞ്ഞു തന്ന ഒരു കാര്യമുണ്ട്. ഒരിക്കലും കള്ളത്തരം കാണിക്കരുതെന്നു. ചിറയിൽ തോമസിന്റെ മക്കൾ അങ്ങനെ കള്ളത്തരം ചെയ്യുന്നവരാണെന്നു ഇന്നാട്ടുകാർ ഒരിക്കലും പറയില്ലെന്ന് ഞങ്ങൾക്ക് ഉറപ്പുമുണ്ട്. ”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News