സംഘപരിവാര്‍ വര്‍ഗ്ഗീയതയ്‌ക്കെതിരെ കേരളത്തിന്റെ പ്രതിരോധം ഉറപ്പിച്ച ജനമുന്നേറ്റ ജാഥ

പിവി കുട്ടന്‍

ഫെബ്രുവരി 20-ാം തിയതി പോളിറ്റ് ബ്യൂറോ അംഗവും കേരള മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത ജനകീയ പ്രതിരോധ ജാഥ, പുത്തരികണ്ടം മൈതാനത്ത് സമാപിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലൂടെയും സഞ്ചരിച്ചാണ് ജാഥ സമാപന കേന്ദ്രത്തിലേക്ക് എത്തിയിരിക്കുന്നത്.

ഓരോ സ്വീകരണ കേന്ദ്രത്തിലും വളരെ ആവേശകരമായ സ്വീകരണം എറ്റുവാങ്ങിയായിരുന്നു കാസര്‍ക്കോടു നിന്നും തിരുവനന്തപുരത്തേക്കുള്ള പ്രതിരോധ ജാഥയുടെ പ്രയാണം. കാലഘട്ടത്തിന്റെ രാഷ്ട്രീയം പറയുന്നതിനൊപ്പം, വരും കാലത്ത് എങ്ങനെയായിരിക്കണം പോസിറ്റീവായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തേണ്ടത് എന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും വളരെ വിശദമായി ജാഥ സംവദിച്ചു.

ജാഥാ ക്യാപ്റ്റനും ജാഥാംഗങ്ങളും ലക്ഷക്കണക്കിന് ജനങ്ങളുമായാണ് വിവിധ സ്വീകരണ കേന്ദ്രങ്ങളിലായി സംവദിച്ചത്. ജാഥക്ക് തുടക്കം കുറിച്ച കാസര്‍ക്കോട് ജില്ലയിലെ ആദ്യത്തെ രണ്ടു സ്വീകരണ കേന്ദ്രങ്ങളും സിപിഐഎമ്മിന് വലിയ സ്വാധീനം ഇല്ലാത്ത കേന്ദ്രങ്ങളായിരുന്നു. പക്ഷെ അവിടേക്ക് വലിയ രീതിയില്‍ ആളുകള്‍ ജാഥയെ സ്വീകരിക്കാനായി ഒഴുകിയെത്തിയിരുന്നു. സിപിഐഎമ്മിന്റെ ശക്തികേന്ദ്രങ്ങളിലും സിപിഐഎമ്മിന് സ്വാധീനം കുറഞ്ഞ കേന്ദ്രങ്ങളിലുമെല്ലാം ജാഥയെ വരവേല്‍ക്കുന്നതിന് വേണ്ടി പതിനായിരങ്ങളാണ് കാത്തുനിന്നത്. ചുട്ടുപൊള്ളുന്ന ചൂടിനെ അവഗണിച്ചുകൊണ്ടാണ് സമൂഹത്തിന്റെ വിവിധ തുറകളില്‍ പെട്ടവര്‍ ഈ നിലയില്‍ ജാഥയെ വരവേറ്റത്. ഈ ജനസഞ്ചയത്തില്‍ കുട്ടികളും സ്ത്രീകളും പ്രായമായവരും യുവാക്കളുമെല്ലാമുണ്ടായിരുന്നു.

അതോടൊപ്പം തന്നെ ജാഥയുടെ ഭാഗമായി ഓരോ ജില്ലയിലെയും പൗരപ്രമുഖരുമായും വിവിധ മേഖലകളില്‍ വ്യാപരിക്കുന്ന വ്യക്തിത്വങ്ങളുമായും എംവി ഗോവിന്ദന്‍ മാസ്റ്ററും ജാഥാംഗങ്ങളും സംവദിച്ചിരുന്നു. ഈ കൂടിക്കാഴ്ചകളില്‍ നിരവധി ആശയങ്ങളാണ് രൂപപ്പെട്ടത്. മുന്നോട്ടുപോകുമ്പോള്‍ സര്‍ക്കാര്‍ നടപ്പിലാക്കേണ്ട തുടര്‍പ്രവര്‍ത്തനങ്ങള്‍, സിപിഐഎം എന്തൊക്കെ തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കണം തുടങ്ങിയ വിഷയങ്ങളില്‍ നിരവധി ആശയങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളുമെല്ലാം ഇത്തരം കൂടിക്കാഴ്ചകളില്‍ ഉരുത്തിരിഞ്ഞ് വന്നിരുന്നു. അതൊക്കെ പരമാവധി പ്രായോഗികമായ തലത്തിലേക്ക് എത്തിക്കാനാണ് സിപിഐഎം തീരുമാനം.

ജാഥയെ സ്വീകരിക്കാനെത്തിയവര്‍ സിപിഐഎമ്മിന്റെ പ്രവര്‍ത്തനങ്ങളെ എങ്ങനെ നോക്കി കാണുന്നു എന്നതിനെയും പ്രതിഫലിപ്പിച്ചിരുന്നു. തൃശ്ശൂരിലെ ജാഥ വേദിയില്‍ എത്തിയ ദമ്പതികള്‍ ഇരുപത് ലക്ഷം രൂപയാണ് സിപിഐഎമ്മിന് സംഭാവന നല്‍കിയത്. പാവങ്ങള്‍ക്ക് വീടുവച്ച് നല്‍കുന്ന സിപിഐഎമ്മിന്റെ പദ്ധതിയെക്കുറിച്ച് അറിഞ്ഞാണ് ഇവര്‍ വേദിയിലെത്തി പണം സംഭാവന ചെയ്തത്.

ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങളുടെ ഗുണഭോക്താക്കളായ വലിയൊരു വിഭാഗം ജനങ്ങള്‍ ഹൃദയപൂര്‍വ്വം ജാഥയെ സ്വീകരിക്കാന്‍ അണിചേര്‍ന്നു എന്നതാണ് എടുത്ത് പറയേണ്ടത്. കാലങ്ങളായി പട്ടയം ലഭിക്കാതിരുന്ന ജനസഹസ്രങ്ങള്‍ക്ക് ഇടതു സര്‍ക്കാര്‍ പട്ടയം നല്‍കിയിരുന്നു. ഇത്തരത്തില്‍ പട്ടയം ലഭിച്ചവര്‍, ലൈഫ് പദ്ധതി പ്രകാരം കിടപ്പാടം ലഭിച്ചവര്‍ തുടങ്ങി സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന വലിയൊരു വിഭാഗം ജനത ജാഥയുടെ ഭാഗമായി അണിചേര്‍ന്നു.

ജനകീയ പ്രതിരോധ ജാഥയിലേക്ക് ഒഴുകിയെത്തിയ ജനലക്ഷങ്ങളോട് രാജ്യത്തിന്റെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് കൂടി സംവദിച്ചാണ് ജാഥ ഇന്ന് സമാപിച്ചത്. കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടികളെക്കുറിച്ച് ജാഥ സമഗ്രമായി സംവദിച്ചു. അതോടൊപ്പം കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ കോര്‍പ്പറേറ്റ് അനുകൂല സാമ്പത്തിക നയസമീപനങ്ങള്‍ സാധാരണക്കാരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നതിനെക്കുറിച്ചും ജാഥ ജനങ്ങളോട് സംസാരിച്ചു. ഇത്തരം പ്രതിസന്ധികള്‍ക്കെല്ലാം നടുവില്‍ നിന്ന് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കുന്ന ജനക്ഷേമ ബദല്‍ നയങ്ങളെക്കുറിച്ചും ജാഥ വിശദീകരിച്ചു. സംഘപരിവാര്‍ ഉയര്‍ത്തുന്ന വര്‍ഗീയതയ്‌ക്കെതിരായ മതനിരപേക്ഷതയുടെ ഉദാത്തമായ പ്രതിരോധ മുദ്രാവാക്യം കൂടി ജാഥ മുന്നോട്ട് വച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News