വൈ സജിത്ത്
ഇതിന് മുൻപ് നമ്മൾ ലോകകപ്പ് ഉയർത്തുമ്പോൾ നമ്മുടെ പേസ് ബൗളിങ് കുന്തമുനയായി സാഹീർഖാൻ ഉണ്ടായിരുന്നു. ഒരു ഇടം കയ്യൻ ബൗളർ ആ സ്ഥാനത്ത് ഇന്ത്യക്കായി വരികയെന്നതും ഓരോ വിഷമഘട്ടത്തിലും പ്രതീക്ഷയ്ക്ക് അപ്പുറം ഒരു പ്രകടനം നടത്തുക എന്നതും എല്ലാ രീതിയിലും നമുക്ക് ആ വിജയത്തിലെ നിർണായകഘടകമായിരുന്നു.
എന്നാൽ സഹീർഖാന് ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരമായി പലരും വന്നുവെങ്കിലും ഉത്തരം പൂർണമായത് ബുമ്രയിലായിരുന്നു. ഐപിഎല്ലിൽ ആദ്യമായി കാണുമ്പോൾ പെട്ടെന്ന് തമിഴ് സിനിമയിലെ ഒരു ഫേമസ് ഡയലോഗാണ് ഓർത്തത്; ‘ശിവാജിയെ പാർതിരുക്കെ. എംജിആർ പാർതിരുക്കെ, ആനാ, ഇന്ത മാതിരി ഒരു…’
ALSO READ: തിരുവനന്തപുരത്ത് റെക്കോഡ് മഴ; പെയ്തത് 20 സെന്റീമീറ്ററിലേറെ മഴ
വ്യത്യസ്തമായ ആക്ഷനുള്ള പോൾ ആഡംസിനെ അറിയാം, മലിങ്കയെ അറിയാം, എന്നാൽ ഇതെന്ത് സാധനം എന്നായിരുന്നു എന്റെ ചിന്ത. എന്നാൽ തേച്ചു മിനുക്കിയെടുത്തപ്പോൾ കുറഞ്ഞ വർഷങ്ങൾക്കുള്ളിൽ ലോകം ഭയക്കുന്ന ഒരു ബൗളർ ആയി ബുമ്ര മാറി. അങ്ങേയറ്റത്തെ കളി മികവിനൊപ്പം പല താരങ്ങൾക്കും ഉണ്ടാവുന്ന തലക്കനം ഒട്ടുപോലും ഇല്ലാതെ, ചിരിക്കുന്ന മുഖമുള്ള, സ്മൈലിങ് അസാസിൻ ആയി ബുമ്ര വളർന്നു.
ലോകകപ്പിന് മുൻപുണ്ടായ പരിക്കോടെ ബുമ്രയ്ക്ക് എതിരായി വിമർശനങ്ങൾ ഒരുപാട് ഉയർന്നു. ഐപിഎൽ മാത്രം കളിക്കാൻ താത്പര്യമുള്ള മുംബൈ ഇന്ത്യൻസ് പ്ലെയർ എന്ന് മാത്രമായി പരിഹാസം. എന്നാൽ ലോകകപ്പിലെ വെറും മൂന്ന് മത്സരങ്ങൾ കഴിയുമ്പോൾ ചിത്രം മാറിക്കഴിഞ്ഞു. പഴയതിലും മൂർച്ചയേറിയ ആയുധങ്ങളുമായി ബൂം ബൂം ബുമ്ര വരവറിയിച്ചിരിക്കുന്നു.
അപ്പോഴും ഒരു സംശയം ! ഫാസ്റ്റ് ബൗളേഴ്‌സിനെയും സ്പിൻ ബൗളേഴ്‌സിനയും കാണുന്ന നമുക്ക് ബുമ്രയെ ഏതിൽപ്പെടുത്താൻ കഴിയും. കിടിലൻ ഓഫ് ബ്രേക്ക്, ലെഗ് ബ്രേക്ക്, ദൂസ്‌ര, ഗൂഗ്ലി, കൂടെ മികച്ച ടേൺ. ഇതൊക്കെ ഉള്ള ഒരു ഫാസ്റ്റ് ബൗളർ ആണോ? അതോ,140+ സ്പീഡിൽ എറിയാൻ കഴിയുന്ന ഒരു ലോകോത്തര സ്പിന്നർ ആണോ എന്ന് ആരെയും ചിന്തിപ്പിക്കുന്ന ബൗളർ !
ALSO READ: എൽഡിഎഫ് നൽകിയ മറ്റൊരു ഉറപ്പ് കൂടി യാഥാർഥ്യമാകുന്നു, വിഴിഞ്ഞത്തിന്റെ ചരിത്രം ഇങ്ങനെ…
ഒന്ന് മാത്രം ഉറപ്പിക്കാം. ഇന്ത്യൻ ക്രിക്കറ്റ് പ്രൊഡ്യൂസ് ചെയ്ത ഏറ്റവും മികച്ച ഒന്നാമത്തെയും രണ്ടാമത്തെയും ബൗളർ ബുമ്ര തന്നെ.
മൂന്നാം സ്ഥാനത്തേയ്ക്ക് ആർക്ക് വേണമെങ്കിലും വരാം !
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here