മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യത; രോഗികള്‍ നിര്‍ദേശങ്ങള്‍ പാലിക്കണം: മന്ത്രി വീണാ ജോര്‍ജ്

ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുകയും കരള്‍ വീക്കത്തിന് കാരണമാവുകയും ചെയ്യുന്നതിനാല്‍ വളരെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മഞ്ഞപ്പിത്തം ബാധിച്ചവരില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അപൂര്‍വമായി രോഗം ഗുരുതരമാവുകയും മരണം വരെ സംഭവിക്കുകയും ചെയ്യുമെന്നതിനാല്‍ രണ്ടാഴ്ച വളരെ നിര്‍ണായകമാണ്.

പനി, ക്ഷീണം, ഛര്‍ദ്ദി തുടങ്ങിയ രോഗലക്ഷണങ്ങള്‍ പ്രകടമായതിന് ശേഷം രണ്ടാഴ്ച വരെയും അല്ലെങ്കില്‍ മഞ്ഞപിത്തം ആരംഭിച്ചതിന് ശേഷം ഒരാഴ്ച വരെയും മറ്റുള്ളവരുമായി അടുത്ത സമ്പര്‍ക്കം ഒഴിവാക്കുക. മലിനമായ ജലസ്രോതസുകളിലൂടെയൂം, മലിനമായ ജലം ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഭക്ഷണ പാനീയങ്ങളിലൂടെയും രോഗം ബാധിച്ചവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നതിലൂടെയുമാണ് ഹെപ്പറ്റൈറ്റിസ് എ പകരുന്നത്. അതിനാല്‍ വളരെ ശ്രദ്ധിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

ഒരു സ്ഥലത്ത് മഞ്ഞപ്പിത്ത വ്യാപനമുണ്ടായാല്‍ വീണ്ടും ആ സ്ഥലത്ത് അവരില്‍ നിന്നും പൊതു സമൂഹത്തിലേക്ക് (ദ്വിതീയ തലത്തിലേക്ക്) രോഗം പകരാതിരിക്കാന്‍ വളരെ ശ്രദ്ധിക്കണം. അതിനാല്‍ ഹെപ്പറ്റൈറ്റിസ് എയുടെ ഇന്‍ക്യുബേഷന്‍ പീരീഡായ ആറാഴ്ച വിശ്രമിക്കണം. രോഗം മൂര്‍ച്ഛിക്കാതിരിക്കാനും മറ്റുള്ളവരിലേക്ക് പകരാതിരിക്കാനും ഇത് പ്രധാനമാണ്. ഭക്ഷ്യ സ്ഥാപനങ്ങളില്‍ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണ്. ഹെല്‍ത്ത് കാര്‍ഡിന്റെ കാലാവധി തീര്‍ന്നവര്‍ സമയബന്ധിതമായി പുതുക്കുക. രോഗം സംശയിക്കുന്നവര്‍ ഒരു കാരണവശാലും ഭക്ഷ്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യരുത്. ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കിയിട്ടുണ്ട്.

കുടിവെള്ള സ്ത്രോതസുകള്‍ സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്യുക വളരെ പ്രധാനമാണ്. പ്യൂരിഫയറുകളില്‍ നടക്കുന്ന ശുദ്ധീകരണത്തിലൂടെ മാത്രമായി ഹെപ്പറ്റൈറ്റിസ് എ വൈറസ് നശിക്കുകയില്ല. അതിനാല്‍ തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നതാണ് ഏറ്റവും സുരക്ഷിതം.

പനി, ക്ഷീണം, ഛര്‍ദ്ദില്‍, മഞ്ഞപിത്തം ഉള്‍പ്പെടെയുള്ള രോഗലക്ഷണങ്ങളാണ് പ്രധാനമായും കാണുക. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ശാസ്ത്രീയ ചികിത്സ തേടുക. വ്യാജ പ്രചരണങ്ങള്‍ക്ക് പിന്നാലെ പോയി രോഗം ഗുരുതരമാക്കരുത്. പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ വളരെ ശ്രദ്ധിക്കണം.

ഹെപ്പറ്റൈറ്റിസ് രോഗം സ്ഥിരീകരിച്ചതോ, സംശയിക്കുന്നതോ ആയവരും, രോഗികളെ പരിപാലിക്കുന്നവരും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

· 2 ആഴ്ച വരെയും അല്ലെങ്കില്‍ മഞ്ഞപിത്തം ആരംഭിച്ചതിന് ശേഷം ഒരാഴ്ച വരെയും മറ്റുള്ളവരുമായി അടുത്ത സമ്പര്‍ക്കം ഒഴിവാക്കുക. (ലൈംഗിക ബന്ധം ഉള്‍പ്പടെ).
· ഭക്ഷണ, പാനീയങ്ങള്‍ തയ്യാറാക്കുന്നതില്‍ നിന്നും മാറി നില്‍ക്കുക.
· കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുന്നത് ശീലമാക്കുക, പ്രത്യേകിച്ച് മല-മൂത്ര വിസര്‍ജനത്തിന് ശേഷവും ഭക്ഷണം കഴിക്കുന്നതിന് മുമ്പും.
· രോഗി ഉപയോഗിക്കുന്ന ശുചിമുറികളിലെ പ്രതലങ്ങള്‍, ബ്ലീച്ച് ലായനി ഉപയോഗിച്ച് വൃത്തിയാക്കിയതിന് ശേഷം മാത്രം മറ്റുള്ളവര്‍ ഉപയോഗിക്കുക.
· ഹോസ്റ്റലുകള്‍, ഡോര്‍മിറ്ററികള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ രോഗബാധിതരെ പ്രത്യേകമായി താമസിപ്പിക്കുക.
· രോഗി ഉപയോഗിച്ച വസ്ത്രങ്ങളും, പാത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്.
· രോഗി ഉപയോഗിച്ച വസ്ത്രങ്ങളും പാത്രങ്ങളും പ്രത്യേകം കഴുകേണ്ടതാണ്. അവ 0.5% ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കുക. (15 ഗ്രാം അല്ലെങ്കില്‍ 3 ടീ സ്പൂണ്‍ അല്ലെങ്കില്‍ 1 ടേബിള്‍ സ്പൂണ്‍ ബ്ലീച്ചിംഗ് പൗഡര്‍ 1 ലിറ്റര്‍ വെള്ളത്തില്‍ കലക്കിയാല്‍ 0.5% ബ്ലീച്ചിംഗ് ലായനി തയ്യാറാക്കാവുന്നതാണ്.)
· ആള്‍ക്കഹോള്‍ അടങ്ങിയ ഹാന്‍ഡ് റബ്ബുകള്‍ ഹെപ്പറ്റൈറ്റിസ് എ അണു നശീകരണത്തിന് ഫലപ്രദമല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News