ജാവദേക്കറിനും സതീശനും ഒരേ സ്വരം; ലക്ഷ്യം എല്‍ഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കുക: സിപിഐഎം

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റുമായി ബന്ധപ്പെട്ടുണ്ടായ പൊതു സാമൂഹ്യ പ്രശ്നങ്ങള്‍ കൂട്ടായി നിന്ന് പരിഹരിക്കേണ്ടതിന് പകരം രാഷ്ട്രീയ മുതലെടുപ്പ് നടത്തലാണ് ബിജെപിയുടെ ലക്ഷ്യമെന്ന് സിപിഐഎം. ബ്രഹ്‌മപുരം മാലിന്യ പ്ലാന്റുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍ പ്രചരിപ്പിക്കുന്നത് വസ്തുതയ്ക്ക് നിരക്കാത്ത കാര്യങ്ങളാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

ബ്രഹ്‌മപുരം തീപിടുത്തം സിബിഐ അന്വേഷിക്കണമെന്ന് പ്രകാശ് ജാവദേക്കറിനു പിന്നാലെ പ്രതിപക്ഷനേതാവ് വി ഡി സതീശനും ആവശ്യപ്പെട്ടിരിക്കുകയാണ്. എന്ത് വില കൊടുത്തും സംസ്ഥാനത്തെ ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള കൂട്ടുകെട്ടാണ് ഇതില്‍ നിന്നും വ്യക്തമാകുന്നതെന്ന് സിപിഐഎം ചൂണ്ടിക്കാട്ടി.

ബ്രഹ്‌മപുരത്തേത് രണ്ടുവര്‍ഷം കൊണ്ടുണ്ടായ പ്രശ്നമല്ല. ഇത് 2012 മുതലുള്ള പ്രശ്‌നമാണെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മാലിന്യം കുന്നുകൂടുന്നത് സമൂഹത്തിന്റെയാകെ പൊതുപ്രശ്നമാണ്. അത് പരിഹരിക്കാന്‍ കേന്ദ്രത്തിനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പൊതുവായ ഉത്തരവാദിത്തമാണുള്ളത്. രാഷ്ട്രീയ മുതലെടുപ്പ് നടത്തി നേട്ടം കൊയ്യാനുള്ള ബിജെപിയുടേയും കോണ്‍ഗ്രസിന്റേയും ശ്രമങ്ങളെ ജനങ്ങള്‍ തിരിച്ചറിയുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.

ബ്രഹ്‌മപുരത്തെ മാലിന്യം തരംതിരിക്കുന്നതിനുള്‍പ്പെടെ വിവിധ ജോലികള്‍ക്ക് ആഗോള ടെണ്ടര്‍ വിളിച്ചാണ് കുറഞ്ഞ നിരക്ക് കോട്ട് ചെയ്ത കമ്പനിക്ക് കരാര്‍ നല്‍കിയത്. ആര്‍ക്കും ഉപകരാര്‍ നല്‍കിയിട്ടില്ല. കരാറെടുത്ത കമ്പനിക്ക് യന്ത്രങ്ങള്‍ വാടകക്കെടുക്കാമെന്ന് മാത്രമാണ് വ്യവസ്ഥ. സുതാര്യമായ നടപടികളിലൂടെയാണ് കരാര്‍ നല്‍കിയത്. കരാര്‍ പ്രകാരമുള്ള ജോലികളില്‍ വീഴ്ച നടത്തിയതായി തെളിഞ്ഞാല്‍ കമ്പനിക്കെതിരെ കര്‍ശനമായ നടപടിയെടുക്കുന്നതിനും കോര്‍പറേഷന് മുന്നില്‍ തടസങ്ങളൊന്നുമില്ല. സര്‍ക്കാരും തദ്ദേശ സ്വയംഭരണ വകുപ്പും, കോര്‍പറേഷനും ഇക്കാര്യങ്ങള്‍ സംശയത്തിന് ഇടനല്‍കാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വച്ച് തന്നെ ബ്രഹ്‌മപുരം പ്ലാന്റിലെ തീപിടുത്തം സംബന്ധിച്ച് ത്രിതല അന്വേഷണം പ്രഖ്യാപിച്ചിട്ടുമുണ്ട്. സര്‍ക്കാരിന് മുന്നില്‍ ഒന്നും ഒളിക്കാനില്ല എന്നുതന്നെയാണ് ഇതെല്ലാം കാണിക്കുന്നതെന്നും സിപിഐഎം പ്രസ്താവനയിലൂടെ അറിയിച്ചു.

2016ലെ കേന്ദ്ര മാലിന്യ ചട്ടം കേരളം പാലിക്കുന്നില്ലെന്നും പ്രധാനമന്ത്രിയുടെ സ്വച്ഛഭാരത് പദ്ധതി നടപ്പാക്കുന്നില്ലെന്നും ജാവഡേക്കര്‍ പറഞ്ഞതും പച്ചക്കള്ളമാണ്. ഇക്കാര്യങ്ങള്‍ ജാവ്‌ഡേക്കര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ മന്ത്രാലയങ്ങളില്‍ നിന്ന് തന്നെ അന്വേഷിച്ച് മനസിലാക്കാവുന്നതാണ്. കേന്ദ്ര ചട്ടങ്ങള്‍ 2016 മുതല്‍ തന്നെ കേരളം നടപ്പാക്കിയതാണ്. കേന്ദ്ര ചട്ടങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് നടപ്പാക്കാതിരിക്കാന്‍ കഴിയില്ലെന്ന സാമാന്യ ധാരണയെങ്കിലും ജാവ്‌ഡേക്കര്‍ക്ക് ഉണ്ടാവേണ്ടതായിരുന്നു. സ്വച്ഛഭാരതും കേരളത്തില്‍ മികച്ച നിലയില്‍ നടപ്പാക്കി വരുന്നതായും സിപിഐഎം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News