പച്ചയായ മനുഷ്യന്‍, 45 വര്‍ഷത്തെ നീണ്ട സൗഹൃദം; സിദ്ദിഖിന്റെ ഓര്‍മകളില്‍ ജയറാം

സംവിധായകന്‍ സിദ്ദിഖിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് നടന്‍ ജയറാം. നഷ്ടപെട്ടത് ഏറ്റവും അടുത്ത സുഹൃത്തിനെയാണെന്നും ജയറാം മാധ്യമങ്ങളോട് പ്രതികരിച്ചു.

ജയറാമിന്റെ വാക്കുകള്‍

‘പച്ചയായ മനുഷ്യനായിരുന്നു. 45 വര്‍ഷത്തോളം നീണ്ട സൗഹൃദമാണ്, പുല്ലേപ്പടി ജംഗ്ഷനില്‍ വച്ചാണ് ആ സൗഹൃദം ആരംഭിച്ചത്. കലാഭവന്‍ ഓര്‍മ്മകള്‍ ഒരുപാടുണ്ട്. സിദ്ദിഖ് കുറെയേറെ നല്ല ഓര്‍മകള്‍ സമ്മാനിച്ച സംവിധായകനാണ്. സ്വഭാവ ദൂഷ്യങ്ങള്‍ ഒന്നും ഇല്ലാത്ത ഒരു വ്യക്തിക്ക് വരാന്‍ പാടില്ലാത്ത അസുഖങ്ങള്‍ പിടിപെടുകയും കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ കൊണ്ട് തന്നെ അത് ഇത്രയേറെ വ്യാപിച്ച് നമ്മളെയൊക്കെ വിട്ടു പിരിഞ്ഞു പോകുന്ന അവസ്ഥയിലേക്ക് മാറുകയായിരുന്നു. ഇരുപത്തി നാല് മണിക്കൂര്‍ മുമ്പ് ഈ വാര്‍ത്ത എല്ലാവരും കേട്ടത് വളരെ ഞെട്ടലോടുകൂടിയാണ്.

Also Read: വളരെ പ്രിയപ്പെട്ടവരുടെ തുടരേയുള്ള വേർപാടുകൾ..സ്വന്തം സിദ്ദിക്കിന് ആദരാഞ്ജലി; മമ്മൂട്ടി

നാല്‍പ്പത്തിയഞ്ച് വര്‍ഷത്തോളമുള്ള സൗഹൃദമാണ് ഞങ്ങളുടേത്. അന്നിവിടത്തെ പുല്ലേപ്പടി ജംഗ്ഷനില് വൈകുന്നേരങ്ങളില്‍ ഞങ്ങള്‍ ഒത്തുകൂടാറുണ്ടായിരുന്നു. സിദ്ദിഖിനും ലാലിനുമൊപ്പം ഞാനുമുണ്ടാകും. റഹ്മാന്‍, സൈനുദ്ദീന്‍, അന്‍സാര്‍, പ്രസാദ്, അങ്ങനെ ഞങ്ങള്‍ എല്ലാവരും കൂടിയിട്ടാണ് വൈകുന്നേരങ്ങളില്‍ ഒത്തുകൂടാറ്. അന്ന് സിനിമ സ്വപ്നങ്ങളാണ് എല്ലാവരുടെയും മനസ്സില്‍. പക്ഷേ, പില്‍ക്കാലത്ത് ഇങ്ങനെ ഒരുമിച്ച് വര്‍ക്ക് ചെയ്യാന്‍ സാധിക്കുമെന്ന് വിചാരിച്ചിട്ടില്ല. അന്ന് കലാഭവനില്‍ ആയിരുന്നു ഞങ്ങള്‍ എല്ലാവരും.

Also Read: സംവിധായകൻ സിദ്ദിഖിന്റെ വേർപാടിൽ അനുശോചനം അറിയിച്ച് എംവി ഗോവിന്ദൻ മാസ്റ്റർ

സിദ്ദിഖ് ഒരു പച്ചയായ മനുഷ്യനായിരുന്നു. ഇത്രയും ഹൃദയശുദ്ധിയുള്ള മനുഷ്യന്‍ മലയാള സിനിമയില്‍ വേറെ ഉണ്ടാവില്ല. നമ്മളെല്ലാവരും പെട്ടെന്ന് അങ്ങനെ പറയുമ്പോള്‍ ആദ്യം എടുത്തു പറയുന്ന ഒരു പേരാണ് പ്രേംനസീര്‍. ഞാന്‍ തന്നെ പലപ്പോഴും സിദ്ദിഖിനോട് പറഞ്ഞിട്ടുണ്ട്. നിങ്ങള്‍ പ്രേം നസീറിനേക്കാള്‍ ഒരു പിടി മുകളിലാണ്. ഇപ്പോഴും ഞാന്‍ അദ്ദേഹത്തോട് പറയും. കാരണം അത്രയും ശുദ്ധനായിട്ടുള്ള ഒരു മനുഷ്യനാണ്. ഇങ്ങനെയുള്ള ആളുകളെയൊക്കെ ദൈവം പെട്ടെന്ന് വിളിച്ചുകൊണ്ടുപോകുന്നുവെന്ന വിശ്വസിക്കാന്‍ പറ്റുന്നില്ല’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News