കര്‍ണാടകയില്‍ കോണ്‍ഗ്രസ് തരംഗത്തില്‍ അടിപതറി ജെഡിഎസ്സും. തൂക്കുസഭ വന്നാല്‍ നിര്‍ണായക ശക്തിയായി അധികാരത്തിലെത്താമെന്ന ജെഡിഎസിന്റെ മോഹങ്ങളാണ് തകര്‍ന്നടിഞ്ഞത്. കഴിഞ്ഞ തവണത്തേക്കാള്‍ പകുതിയോളം സീറ്റുകള്‍ ജനതാദള്‍ സെക്കുലറിന് ഇത്തവണ നഷ്ടപ്പെട്ടു.
കര്‍ണാടകയില്‍ വിലപേശല്‍ ശക്തിയായി അധികാരം സ്വപ്നം കണ്ടിരുന്ന ജെഡിഎസ്സിന് ശക്തി കേന്ദ്രങ്ങളിലടക്കം വലിയ തിരിച്ചടിയാണ് നേരിട്ടത്. കഴിഞ്ഞ തെരഞ്ഞെടുപ്പിന് സമാനമായി ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത അനിശ്ചിതത്വം നിറഞ്ഞ ചരിത്രം ആവര്‍ത്തിക്കുമെന്നും അങ്ങനെ ഒരിക്കല്‍ കൂടി അധികാരം കൈപ്പിടിയിലൊതുക്കാമെന്നായിരുന്നു കുമാരസ്വാമിയുടെ പ്രതീക്ഷ.
പോളിംഗിന് പിന്നാലെ നിലപാട് വ്യക്തമാക്കാതെ കോണ്‍ഗ്രസും ബിജെപിയും സര്‍ക്കാരുണ്ടാക്കാന്‍ സഹായം ആവശ്യപ്പെട്ടുവെന്ന പ്രസ്താവനയിലൂടെ രണ്ട് പാര്‍ട്ടികള്‍ക്കും ഒരു പോലെ ചര്‍ച്ചകള്‍ക്കുള്ള വാതില്‍ തുറന്നിട്ടു. മുഖ്യമന്ത്രി പദം തന്നെയായിരുന്നു ലക്ഷ്യം.
എന്നാല്‍ വോട്ടെണ്ണി തുടങ്ങിയപ്പോള്‍ സ്വപ്നങ്ങളും പ്രതീക്ഷകളെല്ലാം അസ്ഥാനത്തായി.
ജെഡിഎസ് ഉരുക്ക് കോട്ടയായ പഴയ മൈസൂരുവിലേക്ക് കോണ്‍ഗ്രസ് കടന്നു കയറി. എച്ച് ഡി കുമാരസ്വാമി ചന്ന പട്ടണയില്‍ നിന്ന് വിജയിച്ചെങ്കിലും മകന്‍ നിഖില്‍ കുമാര സ്വാമി ആദ്യ തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ ജെഡിഎസ്സിന്റെ ഉറച്ച കോട്ടയായ രാമനഗരയില്‍ പരാജയപ്പെട്ടു.. കഴിഞ്ഞ തവണ കുമാരസ്വാമി രണ്ട് മണ്ഡലങ്ങളില്‍ വിജയിച്ചപ്പോള്‍ രാജി വെച്ച് ഭാര്യ അനിതാ കുമാരിയെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ച് വിജയിപ്പിച്ച മണ്ഡലത്തിലായിരുന്നു മകന്‍ നിഖിലിന്റെ തോല്‍വി.
ഭരണ വിരുദ്ധ വികാരം അവസരമാക്കി മാറ്റി പ്രചാരണം നയിച്ച കോണ്‍ഗ്രസിന്റെ മുന്നേറ്റത്തില്‍ പകുതിയോളം സീറ്റുകള്‍ ജെഡിഎസ്സിന് നഷ്ടപ്പെട്ടു. ജെഡിഎസ്സിന് പരമ്പരാഗതമായി ലഭിച്ചിരുന്ന വൊക്കലിംഗ വോട്ടില്‍ വലിയ ചോര്‍ച്ചയുണ്ടായി. തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ബിജെപി യെ തുറന്നെതിര്‍ക്കാന്‍ ജെഡിഎസ് തയ്യാറായിരുന്നില്ല. പലപ്പോഴും ബിജെപിയുമായി ഒത്തുതീര്‍പ്പ് രാഷ്ട്രീയം കളിച്ചു. വ്യക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കാതെ അധികാരത്തിനായി വിലപേശലിനിറങ്ങിയ ജെഡിഎസിനുള്ള കനത്ത തിരിച്ചടിയാവുകയാണ് തെരഞ്ഞെടുപ്പ് ഫലം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here