തിരുവനന്തപുരം: കാഞ്ഞിരപ്പള്ളിയിലെ ബിരുദവിദ്യാർഥിനിയായിരുന്ന ജസ്നയെ കാണാതായ സംഭവത്തിൽ വഴിത്തിരിവ്. കാഴ്ചയിൽ ജസ്നയെന്ന് തോന്നിക്കുന്ന യുവതി മുണ്ടക്കയത്തെ ലോഡ്ജിൽ എത്തിയിരുന്നതായാണ് മുൻ ജീവനക്കാരി ഒരു മാധ്യമത്തോട് വെളിപ്പെടുത്തുന്നത്. കാണാതാകുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ് വെളുത്ത് മെലിഞ്ഞ യുവാവിനൊപ്പം ജസ്നയെന്ന് തോന്നിക്കുന്ന പെൺകുട്ടി എത്തിയതെന്ന് ജീവനക്കാരി പറയുന്നു. ഇതേ ലോഡ്ജിന് സമീപത്തുനിന്നാണ് ജസ്നയുടെ സിസിടിവി ദൃശ്യം ലഭിച്ചത്.
പത്രത്തിൽ വന്ന പടം കണ്ടാണ് ജസ്നയെന്ന് തിരിച്ചറിഞ്ഞതെന്ന് ലോഡ്ജ് ജീവനക്കാരി പറയുന്നു. രാവിലെ പതിനൊന്നരയോടെയാണ് ജസ്നയെന്ന് തോന്നിക്കുന്ന യുവതി തനിച്ച് ലോഡ്ജിൽ എത്തിയത്. റോസ് നിറത്തിലുള്ള ചുരിദാറായിരുന്നു യുവതി ധരിച്ചിരുന്നത്. ഒരു ടെസ്റ്റ് എഴുതാനായി എത്തിയതാണെന്നും സുഹൃത്ത് വരാനുണ്ടെന്നും പറഞ്ഞാണ് മുറിയെടുത്തത്. ഉച്ചയോടെ അജ്ഞാതനായ യുവാവും എത്തി. ഇരുവരും വൈകുന്നേരം നാലുമണിയോടെ അവിടെനിന്ന് പോകുകയും ചെയ്തു. ലോഡ്ജിലെ 102-ാം നമ്പർ മുറിയാണെടുത്തതെന്നും ലോഡ്ജിലെ മുൻ ജീവനക്കാരി പറഞ്ഞു.
അതേസമയം കേസ് അന്വേഷിച്ച സിബിഐ ഇതേക്കുറിച്ച് തന്നോട് ഒന്നും ചോദിച്ചിട്ടില്ലെന്നും ലോഡ്ജ് ജീവനക്കാരി വ്യക്തമാക്കി. പിന്നീട് ജസ്നയെ കാണാതായെന്ന വാർത്ത ഫോട്ടോ സഹിതം പേപ്പറിൽ കണ്ടപ്പോൾ, ഇത് ഇവിടെ വന്ന യുവതിയല്ലേയെന്ന് ലോഡ്ജ് ഉടമയോട് ചോദിച്ചിരുന്നു. എന്നാൽ ഇക്കാര്യം ആരോടും പറയരുതെന്നാണ് ലോഡ്ജ് ഉടമ പറഞ്ഞത്. തനിക്ക് പരിചയമുള്ള ചില പൊലീസുകാരോട് ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും ലോഡ്ജ് ജീവനക്കാരി പറഞ്ഞു.
ജസ്നയുടെ പിതാവ് ജെയിംസ് നല്‍കിയ ഹർജിയില്‍ തിരുവനന്തപുരം സിജെഎം കോടതി തുടരന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണം അവസാനിപ്പിക്കുകയാണെന്ന് അറിയിച്ച് സിബിഐ കോടതിയില്‍ സമർപ്പിച്ച റിപ്പോർട്ട് തള്ളി തുടരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പിതാവ് നല്‍കിയ ഹർജി പരിഗണിച്ചാണ് തുടർ അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here