ജീവന്‍ തിരികെ കിട്ടിയ സന്തോഷം അധികനേരം തുടര്‍ന്നില്ല; തുരങ്കത്തില്‍ നിന്നും പുറത്തെത്തിയ തൊഴിലാളിയെ കാത്തിരുന്നത് ദു:ഖ വാര്‍ത്ത

ഉത്തരാഖണ്ഡിലെ സില്‍ക്യാര തുരങ്കത്തില്‍ 17 ദിവസത്തോളം പുറംലോകത്തെക്കെത്തുവാന്‍ കാത്തിരുന്ന 41 തൊഴിലാളികള്‍ക്ക് പുനര്‍ജന്മം ലഭിച്ച വാര്‍ത്ത ഏവര്‍ക്കും ആശ്വാസം പകരുന്നതായിരുന്നു. 41 കുടുംബങ്ങളാണ് ജീവന്‍ കൈയില്‍ പിടിച്ച് ജീവിച്ചത്. പ്രിയപ്പെട്ടവരെ ഇനി ഒരിക്കലും കാണാന്‍ കഴിയില്ലെന്ന് കരുതി തള്ളിനീക്കിയ ദിനങ്ങളില്‍ ഓരോരോ തടസങ്ങളും പിന്നിട്ട് അവര്‍ 41 പേരും പുറത്തെത്തി. പക്ഷേ അതില്‍ 27കാരനായ ഭുക്തു മുര്‍മുവിന് ജീവിതം തിരികെ കിട്ടിയ ആശ്വാസത്തില്‍, തന്നെ തേടി എത്തിയ വാര്‍ത്ത അത്ര നല്ലതല്ലായിരുന്നു. അവസാന നിമിഷം വരെ തന്റെ  തിരിച്ചുവരവിനായി കാത്തിരുന്ന പിതാവിന്റെ വിയോഗ വാര്‍ത്തയായിരുന്നു മുര്‍മുവിന് കേള്‍ക്കേണ്ടി വന്നത്.

വാര്‍ത്ത കേട്ടതോടെ മുര്‍മു നിശബ്ദനായി. വീട്ടിലേക്ക് ഓടിയെത്തണമെന്നായി. എന്നാല്‍ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാകാതെ വീട്ടിലേക്ക് മടങ്ങാനും സാധിക്കില്ല. ദീപാവലി ആഘോഷങ്ങള്‍ക്കിടയിലാണ് 41 തൊഴിലാളികള്‍ തുരങ്കത്തില്‍ അകപ്പെട്ട് പോയത്. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ നിരവധി തടസങ്ങളാണ് നേരിടേണ്ടി വന്നത്. 41 പേരില്‍ ഭൂരിഭാഗം പേരും ഉത്തരാഖണ്ഡിന് പുറത്തുനിന്നുള്ളവരാണ്. പതിനഞ്ച് പേര്‍ ജാര്‍ഖണ്ഡില്‍ നിന്നായിരുന്നു.

ALSO READ:  ലോകത്തിലെ ഏറ്റവും നീളമുള്ള മുടി; ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യക്കാരി

ഭുക്തു മുര്‍മുവിന്റെ പിതാവ് ബസന്ത് മുര്‍മു, മകന്റെ തിരിച്ചുവരവിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. തുടര്‍ച്ചയായി രക്ഷാപ്രവര്‍ത്തനത്തിന്റെ വിവരങ്ങള്‍ വീക്ഷിക്കുകയും പ്രതീക്ഷയോടെ കാത്തിരിക്കുകയുമായിരുന്നു. ജാര്‍ഖണ്ഡിലെ കിഴക്കന്‍ സിംഗ്ബും ജില്ലയിലുള്ളവരാണ് ഭുക്തുവും കുടുംബവും. അവിടെ ഗ്രാമവാസികള്‍ക്കിടയില്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ വിവരങ്ങളെല്ലാം വ്യാജമാണെന്നും ഭുക്തു കൊല്ലപ്പെട്ടു എന്ന തരത്തിലും വ്യാജ പ്രചരണം നടന്നു.

മകന്‍ മരിച്ചു കഴിഞ്ഞെന്നും പുറത്തുവരുന്ന വിവരങ്ങളൊന്നും വിശ്വസിക്കാന്‍ കഴിയില്ലെന്നും ചിലര്‍ നേരിട്ടു തന്നെ ബസന്ത് മുര്‍മുവിനോട് പറഞ്ഞു. ഇതൊന്നും വിശ്വസിക്കാന്‍ അദ്ദേഹം കൂട്ടാക്കിയില്ലെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യത്തെ ഈ സംഭവം ബാധിക്കാന്‍ തുടങ്ങി. മാനസികമായി തളരുകയും ചെയ്തു. ഈ ആഘാതത്തിലാവാം അദ്ദേഹം, ഭുക്തുവും മറ്റുള്ള തൊഴിലാളികളും പുറത്തുവരുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ് മരിക്കാന്‍ കാരണമെന്ന് ബന്ധുക്കള്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News