മഹാരാഷ്ട്രയില്‍ നിന്നും ജോണി നടന്നത് ഒന്നും രണ്ടുമല്ല മുന്നൂറു കിലോമീറ്ററാണ്. തന്റെ ഇണയെ തേടിയുള്ള യാത്രയിലാണ് ഏഴു വയസോളം മാത്രം പ്രായമുള്ള ജോണി. മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയില്‍ നിന്നാരംഭിച്ച ജോണിയുടെ യാത്ര ഇപ്പോള്‍ എത്തിനില്‍ക്കുന്നത് തെലങ്കാനയിലെ ആദിലാബാദിലാണ്. കടുവയുടെ ഈ യാത്ര പ്രാദേശികരില്‍ ഭീതി ഉയര്‍ത്തുന്നുണ്ടെങ്കിലും പേടിക്കാനൊന്നുമില്ലെന്നും ജോണിയുടെ യാത്രയ്ക്ക് തടസം സൃഷ്ടിക്കരുതെന്നുമാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
കടുവയുടെ ശരീരത്തില്‍ ഘടിപ്പിച്ചിരിക്കുന്ന റേഡിയോ കോളര്‍ വഴി വനം വകുപ്പ് യാത്ര നിരീക്ഷിക്കുന്നത്. ശൈത്യകാലത്ത് കടുവകള്‍ തന്റെ ഇണയെ തേടി ഇത്തരം യാത്രകള്‍ നടത്തുന്നത് സാധാരണയാണെന്ന് ആദിലാബാദ് ജില്ലാ വനം വകുപ്പ് ഉദ്യോഗസ്ഥനായ പ്രശാന്ത് ബാജിറാവു പാട്ടീല്‍ പറയുന്നു. സ്വന്തം അധീനപ്രദേശ പരിധിയില്‍ ഇണകളെ കണ്ടെത്താന്‍ കഴിയാതെ വരുന്നതോടെയാണ് ആണ്‍ കടുവകള്‍ യാത്ര ആരംഭിക്കുന്നത്.
ഒക്ടോബര്‍ മൂന്നാം വാരമാണ് ജോണി യാത്ര ആരംഭിച്ചത്. ആദ്യം ആദിലാബാദിലെ ബോത്ത് മണ്ഡലിലാണ് കാണപ്പെട്ടത്. പിന്നീട് നിര്‍മല്‍ ജില്ലയില് കുന്ദല, സാരംഗപൂര്‍, മാമാദാ, പേംപ്പി മണ്ഡല്‍ വഴി ഉത്തന്നൂരിലെത്തി. ഹൈദരാബാദ് – നാഗ്പൂര്‍ എന്‍എച്ച് 44 ഹൈവേ കടന്ന് തിര്‍യാനി പ്രദേശത്തേക്ക് എത്തിയിരിക്കുകയാണ്. ആണ്‍ കടുവകള്‍ക്ക് പെണ്‍ കടുവകള്‍ പുറപ്പെടുവിപ്പിക്കുന്ന പ്രത്യേക മണം മനസിലാക്കാന്‍ സാധിക്കും. നൂറുമീറ്റര്‍ അകലെവരെയുള്ള ഈ മണം ആണ്‍കടുവയ്ക്ക് മനസിലാക്കാന്‍ കഴിയും. ഇതാണ് മികച്ച ഇണകളിലേക്ക് കടുവകളെ നയിക്കുന്നത്.
പുതിയ പ്രദേശങ്ങള്‍ സ്ഥാപിക്കാന്‍ ദൂരങ്ങള്‍ താണ്ടാന്‍ പ്രത്യേക കഴിവാണ് കടുവകള്‍ക്കുള്ളത്. മാത്രമല്ല ഇരയ്ക്കായി ക്ഷമയോടെ കാത്തിരിക്കാനും ഇവയ്ക്ക് കഴിയും. കുടുംബങ്ങള്‍ സൃഷ്ടിച്ച് പഴയ പ്രദേശം കുട്ടികള്‍ക്കായി ഒഴിഞ്ഞ് കൊടുക്കുകയും ചെയ്യാറുണ്ട് കടുവകള്‍. ജോണിയുടെ യാത്ര പ്രണയത്തെ തേടി മാത്രമല്ല. യാത്രക്കിടയില്‍ അഞ്ചോളം പശുക്കളെയാണ് കൊന്നുതിന്നത്. പശുക്കളെ വേട്ടയാടാനുള്ള മൂന്നോളം ശ്രമങ്ങള്‍ പരാജയപ്പെടുകയും ചെയ്തു. ഇണയെ തേടിയുടെ യാത്ര മനുഷ്യര്‍ക്ക് ഭീഷണിയല്ലെന്നും കടുവയുടെ യാത്രയ്ക്ക് തടസമുണ്ടാക്കി സാഹചര്യം വഷളാക്കരുതെന്ന നിര്‍ദേശവും വനം വകുപ്പ് നല്‍കിയിട്ടുണ്ട്. മിക്കവാറും കാവാല്‍ ടൈഗര്‍ റിസര്‍വില്‍ ജോണി തങ്ങാനാണ് സാധ്യതയെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഇലൂസിംഗ് മേരു പറയുന്നു.
അങ്ങനെ സംഭവിക്കുകയാണെങ്കില്‍ കടുവ സങ്കേതത്തിലെ, കടുവകളുടെ എണ്ണത്തില്‍ വലിയ തോതില്‍ വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചില കടുവകള്‍ കുടിയേറി കടുവ സങ്കേതത്തില്‍ എത്താറുണ്ടെങ്കിലും സ്ഥിരമായൊരു താമസത്തിന് തയ്യാറാകാറില്ല. അതേസമയം ജോണി അവിടെ താമസമാക്കിയാല്‍ അതൊരു വഴിത്തിരിവാകുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here