ഡാറ്റാ പ്ലാനുകളുടെ അടക്കം നിരക്ക് കുത്തനെ കൂട്ടിയതോടെ രണ്ട് കോടിയോളം ഉപയോക്താക്കളെ ജിയോയ്ക്ക് നഷ്ടമായെന്ന് റിപ്പോർട്ട്. ഈ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ 1.90 കോടി ഉപയോക്താക്കൾ ജിയോ ഉപേക്ഷിച്ചുവെന്നാണ് വിവരം.
നിരക്ക് കൂട്ടുന്നുവെന്ന പ്രഖ്യാപനം ജിയോ കമ്പനി നടത്തിയത് മുതൽ തങ്ങൾ ജിയോ വിട്ട് മറ്റ് സേവന ദാതാവിലേക്ക് മാറുകയാണെന്നും ഇത്തരത്തിൽ നിരക്ക് കുത്തനെ കൂട്ടുന്നത് അന്യായമാണെന്നും സോഷ്യൽ മീഡിയയിലൂടെ അടക്കം നിരവധി പേർ അഭിപ്രായപ്പെട്ടിരുന്നു. ജനങ്ങളുടെ ഈ പ്രതികരണം കമ്പനിയെ ബാധിച്ചുവെന്ന് തന്നെയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന കണക്കുകൾ വ്യക്തമാക്കുന്നത്.
അതേസമയം രണ്ട് കോടിയോളം ഉപയോക്താക്കൾ ജിയോ വിട്ടത് തങ്ങളെ ഒരു രീതിയിലും ബാധിക്കുകയില്ലെന്നാണ് കമ്പനി നൽകുന്ന പ്രതികരണം. നിരക്ക് കൂട്ടുമ്പോൾ ഉപയോക്താക്കളിൽ ചിലർ മറ്റ് കമ്പനികളിലേക്ക് മാറുന്നത് സർവ്വസാധാരണമാണെന്നും ഈ മാറ്റം കമ്പനിയുടെ ലാഭത്തെ ഒരുതരത്തിലും ബാധിക്കില്ലെന്നും ജിയോ അധികൃതർ അറിയിച്ചു.
ജൂലൈ ആദ്യമാണ് ജിയോ തങ്ങളുടെ ഡാറ്റ പ്ലാനുകളുടെ നിരക്ക് വർധിപ്പിച്ചത്. 50 രൂപ മുതൽ 600 രൂപ വരെയാണ് പ്ലാനുകളിലെ നിരക്ക് കൂട്ടിയത്. ജിയോയ്ക്ക് പുറമെ വി, എയർടെൽ അടക്കമുള്ള കമ്പനികളും പ്ലാനുകളുടെ നിരക്ക് കൂട്ടിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here