വി.ഗംഗാധരൻ സ്മാരക ട്രസ്റ്റ് അവാർഡ് ജെ.കെ.മേനോൻ ഏറ്റുവാങ്ങി ; വ്യവസായരംഗത്തെ വലിയ മാറ്റത്തിൽ പ്രവാസി സംരംഭകരുടെ സംഭാവനകൾ മറക്കാനാവില്ലെന്ന് മന്ത്രി പി രാജീവ്

സാമൂഹികപ്രതിബദ്ധതയുളള മികച്ച യുവ പ്രവാസിവ്യവസായിക്കുളള വി.ഗംഗാധരൻ സ്മാരകട്രസ്റ്റ് അവാർഡ് ഖത്തർ ആസ്ഥാനമായ എബിഎൻ കോർപറേഷൻ ചെയർമാനും നോർക്ക റൂട്ട്‌സ് ഡയറക്ടറുമായ ജെ.കെ.മോനോന്. കൊല്ലത്ത് നടന്ന സമ്മേളനത്തിൽ സമ്മാനിച്ചു. കേരളത്തിലെ വ്യവസായരംഗത്തെ വലിയ മാറ്റത്തിൽ പ്രവാസി സംരംഭകരുടെ സംഭാവനകൾ മറക്കാനാവില്ലെന്ന് അവാർഡ് സമ്മാനിച്ചുകൊണ്ട് വ്യവസായ-നിയമമന്ത്രി പി.രാജീവ് പറഞ്ഞു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് പുരസ്‌കാരം.

ഏറ്റവും കൂടുതൽ വിദ്യാസമ്പന്നരായ വീട്ടമ്മമാരുളള നാടാണ് കേരളം. ആ വീട്ടമ്മമാർക്ക് വീട്ടിലിരുന്നു ജോലി ചെയ്യുന്നതിനുളള സൗകര്യങ്ങൾ സർക്കാർ ഒരുക്കുന്നുണ്ട്. കഴിഞ്ഞ മൂന്നുവർഷത്തിനുളളിൽ ഏകദേശം മൂന്നുലക്ഷം ചെറുതും വലുതുമായ സംരംഭങ്ങൾ തുടങ്ങിയിട്ടുണ്ട്. ഇതിൽ ഒരു ലക്ഷത്തോളം സംരംഭങ്ങൾ വനിതകളുടെ നേതൃത്വത്തിലുളളതാണ്. പ്രവാസി ജീവിതം അവസാനിപ്പിച്ച് കൂടുതൽപേർ തിരികെ നാട്ടിലെത്തി സംരംഭങ്ങൾ തുടങ്ങുന്നത് വർദ്ധിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.

ALSO READ : ‘പൊതുവിദ്യാഭ്യാസ മേഖല രാജ്യത്തിനു മുന്നിൽ തലയുയർത്തി നിൽക്കുന്നു’ ; പുതിയ ഹൈടെക് സ്കൂളുകളുടെ ഉദ്‌ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി

കൊല്ലത്ത് കടപ്പാക്കട സ്‌പോർട്‌സ് ക്ലബ്ബിലെ സ്വരലയ ഓഡിറ്റോറിയത്തിൽ നടന്ന അവാർഡ് സമ്മേളനം റവന്യൂമന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. നാട്ടിലെ ഭൂമിയുടെ കരം പ്രവാസികൾക്ക് ഓൺലൈൻ വഴി അടയ്ക്കാനുളള സൗകര്യം ഉടൻ ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. പിണറായി സർക്കാരിന്റെ മൂന്നാം വാർഷികത്തിന്റെ ഭാഗമായുളള നൂറുദിന കർമപദ്ധതിയിൽ ഇതിനുളള പ്രഖ്യാപനം ഉണ്ടാകുമെന്നും മന്ത്രി രാജൻ അറിയിച്ചു.

കൊല്ലം നഗരത്തിലെ സമർത്ഥരായ 100 വിദ്യാർത്ഥികൾക്ക് ജെ കെ മേനോന്റെ നാമധേയത്വത്തിലുളള വിദ്യാഭ്യാസ സ്‌കോളർഷിപ്പ് സമ്മേളനത്തിൽ ജെ കെ മോനോൻ വിതരണം ചെയ്തു. 1000 രൂപയും സർട്ടിഫിക്കറ്റുമാണ് നൽകിയത്. ഹിന്ദുസ്ഥാൻ ലാറ്റക്‌സിന്റെ മുൻ സിഎംഡിയും വി.ഗംഗാധരന്റെ മകനുമായ ഡോ.ജി.രാജ്‌മോഹൻ പ്രശസ്തിപത്രം അവതരിപ്പിച്ചു. ട്രസ്റ്റ് ചെയർമാൻ അഡ്വ.ജി.സത്യബാബു അധ്യക്ഷനായിരുന്നു. എം.കെ.പ്രേമചന്ദ്രൻ എംപി, ട്രസ്റ്റ് സെക്രട്ടറി ആർ.എസ്.ബാബു എന്നിവർ സംസാരിച്ചു. മുൻ സ്പീക്കറും സ്വാതന്ത്ര്യസമരസേനാനിയും എൻഎസ്എസ് ജനറൽ സെക്രട്ടറിയുമായിരുന്ന വി.ഗംഗാധരനെയും ജീവകാരുണ്യപ്രവർത്തനത്തിലെ ആഗോള മലയാളി മുദ്രയായ പത്മശ്രീ അഡ്വ.സി.കെ.മേനോനെയും സമ്മേളനത്തിൽ പ്രത്യേകമായി സ്മരിച്ചു.

പ്രശസ്ത ഗായകരായ ഉണ്ണിമേനോൻ, രാജലക്ഷ്മി എന്നിവർ നയിച്ച കലാസന്ധ്യ അവാർഡ് സമ്മേളനത്തിന് കൂടുതൽ ചാരുത പകർന്നു. നടനം ഡാൻസ് അക്കാദമിയിലെ നർത്തകരുടെ നൃത്തവിരുന്നും ഉണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News