അമേരിക്കന്‍ കടക്കെണി; ഡെമോക്രാറ്റ്- റിപ്പബ്ലിക്കന്‍ ചര്‍ച്ച ഫലപ്രദമെന്ന് ജോ ബൈഡന്‍

അമേരിക്കന്‍ കടക്കെണിഭീതി പരിഹരിക്കാനുള്ള ഡെമോക്രാറ്റ്- റിപ്പബ്ലിക്കന്‍ ചര്‍ച്ച ഫലപ്രദമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍. ഇരുചേരികളും അകലത്തിലാണെങ്കിലും ഈ ആഴ്ചയോടെ പരിഹാരം ഉണ്ടാകുമെന്ന് ജനപ്രതിനിധിസഭാ സ്പീക്കര്‍ കെവിന്‍ മക്കാര്‍ത്തിയും വ്യക്തമാക്കി. പ്രശ്‌നത്തിന് പൂര്‍ണ പരിഹാരം കാണാന്‍ ഓസ്‌ട്രേലിയ- പാപ്പുവ ന്യൂ ഗിനിയ സന്ദര്‍ശനം ഉപേക്ഷിച്ചിരിക്കുകയാണ് ബൈഡന്‍.

കടംവാങ്ങല്‍ പരിധി ഉയര്‍ത്തിയില്ലെങ്കില്‍ ജൂണ്‍ ഒന്നിനുള്ളില്‍ അമേരിക്ക കടക്കെണിയില്‍ അകപ്പെടുമെന്ന പ്രശ്‌നം പരിഹരിക്കാന്‍ വൈറ്റ്ഹൗസില്‍ ചേര്‍ന്ന യോഗത്തിലാണ് പ്രസിഡന്റ് ജോബൈഡനും ജനപ്രതിനിധി സഭാ സ്പീക്കര്‍ കെവിന്‍ മക്കാര്‍ത്തിയും പങ്കെടുത്തത്. ഡെമോക്രാറ്റ്, റിപ്പബ്ലിക്കന്‍ പാര്‍ട്ടികളിലെ പ്രമുഖ നേതാക്കളും പങ്കെടുത്ത യോഗത്തില്‍ പൂര്‍ണപരിഹാരമുണ്ടായില്ലെങ്കില്‍ പോലും സമവായത്തില്‍ എത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഏറ്റവും ഫലപ്രദമായ ചര്‍ച്ച സംഘടിപ്പിക്കാന്‍ കഴിഞ്ഞുവെന്നാണ് ചര്‍ച്ചയ്ക്കുശേഷമുള്ള ജോ ബൈഡന്റെ പ്രതികരണം.

ഇരു ചേരികളും തമ്മില്‍ ഇനിയും അകലെയാണെങ്കിലും ഈയാഴ്ച തന്നെ പരിഹാരം കാണാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി കെവിന്‍ മക്കാര്‍ത്തിയും അറിയിച്ചു. 31.4 ട്രില്യണ്‍ ഡോളര്‍, അതായത് 2580 ലക്ഷം കോടി രൂപയുടെ കടത്തിലാണ് നിലവില്‍ അമേരിക്ക. അമേരിക്കയ്ക്ക് ചെലവുകള്‍ നടത്തി ഇനിയും മുന്നോട്ടു പോകണമെങ്കില്‍ കടംവാങ്ങല്‍ പരിധി ഉയര്‍ത്തുക അനിവാര്യം. എന്നാല്‍, ചെലവ് ചുരുക്കല്‍ നടത്താതെ പരിധി ഉയര്‍ത്താന്‍ അനുവദിക്കില്ലെന്നാണ് റിപ്പബ്ലിക്കന്‍മാരുടെ പക്ഷം.

അതേസമയം പ്രശ്‌നപരിഹാരങ്ങള്‍ക്കായി ഓസ്‌ട്രേലിയ, പാപ്പുവ ന്യൂ ഗിനിയ സന്ദര്‍ശനം ഉപേക്ഷിച്ചിരിക്കുകയാണ് ജോബൈഡന്‍. മെയ് 19ന് ജപ്പാനിലെ ഹിരോഷിമയില്‍ ആരംഭിക്കുന്ന ജി 7 ചര്‍ച്ചകളില്‍ പങ്കെടുക്കാനായി ബുധനാഴ്ച ബൈഡന്‍ യാത്ര തിരിക്കുമെങ്കിലും ഞായറാഴ്ച തന്നെ അമേരിക്കയില്‍ തിരിച്ചെത്താനാണ് സാധ്യത.

ജപ്പാനില്‍ ഇരുന്നും ടെലിഫോണ്‍ വഴി സാമ്പത്തിക പ്രശ്‌നപരിഹാരത്തിന് ചര്‍ച്ചകള്‍ തുടരുമെന്നാണ് ബൈഡന്റെ പ്രഖ്യാപനം. ജി7 യോഗത്തിനുശേഷമായിരുന്നു ക്വാഡ് അംഗങ്ങളുടെ യോഗത്തില്‍ പങ്കെടുക്കാന്‍ യുഎസ് പ്രസിഡന്റ് ഓസ്‌ട്രേലിയയില്‍ എത്തേണ്ടിയിരുന്നത്. ഇന്ത്യ, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ കൂടി അംഗങ്ങളായ ക്വാഡിലെ അമേരിക്കന്‍ അസാന്നിധ്യം മറ്റ് ചര്‍ച്ചകള്‍ക്ക് വഴിവെച്ചേക്കും. ചരിത്രത്തില്‍ ആദ്യമായി ഒരു അമേരിക്കന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനത്തിനാണ് പാപ്പുവ ന്യൂ ഗിനിയയിലും പദ്ധതിയിട്ടിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News