ബിജെപി നേതാക്കൾ ക്രൈസ്തവ ദേവാലയങ്ങൾ സന്ദർശിച്ചതിനെ വിമർശിച്ച് ഡോ. ജോൺ ബ്രിട്ടാസ് എംപി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പോയി എന്തുകൊണ്ടാണ് അവിടെയുള്ള ക്രൈസ്തവ സഹോദരങ്ങളെ കാണാത്തതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു. അവരുടെ പള്ളികൾ ഇനി തകർക്കില്ലെന്നും ആരാധനാ സ്വാതന്ത്ര്യം തടയില്ലെന്നും ഉറപ്പിച്ചു പറയണമെന്നും ജോൺ ബ്രിട്ടാസ് ആവശ്യപ്പെട്ടു.
കേരളത്തിൽ അക്കൗണ്ട് തുറക്കുക എന്നുള്ളത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്നാണ്. അതിനുവേണ്ടിയാണ് ബിജെപി നേതാക്കൾ പുതിയൊരു വഴിത്താരയിലേക്ക് തിരിഞ്ഞിരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയത്തെ നമ്മൾ ഇങ്ങോട്ടേക്ക് ആനയിക്കില്ല എന്നതാകട്ടെ ഈ ഈസ്റ്റർ ദിനത്തിന്റെ സന്ദേശമെന്നും ജോൺ ബ്രിട്ടാസ് എംപി കൂട്ടിച്ചേത്തു.
ഫേസ്ബുക്ക് കുറിപ്പ്
ബിജെപി നേതാക്കൾ അരമനകളിൽ വരുമ്പോൾ അവരെ സ്വീകരിക്കുന്നതിൽ ഒരു തകരാറും ഇല്ല .. അതിഥി ദേവോ ഭവ . എന്നാൽ അവർ ചായക്കൊപ്പം അച്ചപ്പവും കൊഴുക്കട്ടയും കഴിക്കുമ്പോൾ നമ്മുടെ പിതാക്കന്മാർ ചില സത്യങ്ങൾ പറയണം . സമാധാനവും സൗഹാർദ്ദവും സാഹോദര്യവും പുലരുന്ന നാടാണ് നമ്മുടെ കേരളം . നിങ്ങൾ ഭരിക്കുന്ന സംസ്ഥാനങ്ങളും ഇതുപോലെ ആയിക്കൂടെ ? ഞങ്ങളെ കാണാൻ വരുന്നപോലെ അവിടെയുള്ള ക്രൈസ്തവ സഹോദരങ്ങളെയും പോയി കാണണം . അവരുടെ പള്ളികൾ ഇനി തകർക്കില്ലെന്നും ആരാധന സ്വാതന്ത്ര്യം തടയില്ലെന്നും ഉറപ്പിച്ചു പറയണം . കേക്ക് ഒന്നും കൊണ്ടുപോയില്ലെങ്കിലും , കൈ പിടിച്ചു കുലുക്കി നല്ലൊരു ആശംസ നൽകണം ..
എനിക്കുറപ്പുണ്ട് .. അരമന പടി കടന്നുവന്ന ബിജെപി നേതാക്കളോട് ഏറെക്കുറെ ഈ അർഥം വരുന്ന കാര്യങ്ങൾ പിതാക്കന്മാര് പറഞ്ഞിട്ടുണ്ടാകും . അധികം നാളായില്ലല്ലോ ക്രൈസ്തവർക്കെതിരെ നടക്കുന്ന വേട്ടക്കെതിരെ പിതാക്കന്മാർ തലസ്ഥാനനഗരിയായ ഡൽഹിയിലെ ജന്തർ മന്ദറിൽ പ്രതിഷേധം സമരം നടത്തിയിട്ട് !
തിരഞ്ഞെടുപ്പിന് ഇനി ഒരു വർഷം മാത്രമേ ഉള്ളു. കേരളത്തിൽ അക്കൗണ്ട് തുറക്കുക എന്നുള്ളത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്നാണ്. അതിനുവേണ്ടിയാണ് നമ്മുടെ ബിജെപി നേതാക്കൾ പുതിയൊരു വഴിത്താരയിലേക്ക് തിരിഞ്ഞിരിക്കുന്നത്. മലയാറ്റൂർമല ചവിട്ടി കയറാൻ കഴിയില്ലെങ്കിലും അരമനകളെങ്കിലും കയറണം.അങ്ങനെയെങ്കിലും അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് കരസ്ഥമാക്കണം.
ബിജെപിയുടെ ഈ ഔട്രീച്ചിനെ കുറിച്ച് പല തവണ ഞാൻ സംസാരിച്ചിട്ടുണ്ട്. തലശ്ശേരി അതിരൂപത മെത്രാനായി പാംപ്ലാനി പിതാവ് സ്ഥാനമേൽക്കുന്ന ചടങ്ങിൽ ഒരാവശ്യവുമില്ലാതെ വിദേശകാര്യ സഹമന്ത്രി വിവാദങ്ങൾക്ക് വഴിമരുന്നിട്ടിരുന്നു. അന്ന് അതിനുള്ള മറുപടി കൊടുത്തിരുന്നു. പാർലമെന്റിലും ഇതേക്കുറിച്ചു ഞാൻ സംസാരിച്ചിരുന്നു. ക്രൈസ്തവരോടുള്ള ബിജെപി നേതാക്കളുടെ സ്നേഹം ഉച്ചസ്ഥായിയിലാകുന്ന വേളയിൽ ആ പരാമർശങ്ങൾക്കു കൂടുതൽ പ്രസക്തിയുണ്ട്.
ഈസ്റ്റർ എന്നത് പ്രതീക്ഷയുടെ ഉദ്‌ഘോഷം ആണ് .
വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയത്തെ നമ്മൾ ഇങ്ങോട്ടു ആനയിക്കില്ല എന്നതാകട്ടെ ഈ ഈസ്റ്റർ ദിനത്തിന്റെ സന്ദേശം .
ജോൺ ബ്രിട്ടാസ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here