നേമം റെയില്‍വെ ടെര്‍മിനല്‍ പദ്ധതിക്ക് കേന്ദ്രം കത്തിവെക്കുന്നു, കേരളത്തോട് വെല്ലുവിളി

തിരുവനന്തപുരം സെൻട്രൽ റെയില്‍വെ സ്റ്റേഷനിലെ തിരക്ക് ഒഴിവാക്കാനായിരുന്നു 117 കോടി രൂപ ചിലവില്‍ നേമം പദ്ധതി പ്രഖ്യാപിച്ചത്. ഒരു പതിറ്റാണ്ട് മുമ്പ് ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതി ഇതുവരെ പൂര്‍ത്തിയാക്കാനായിട്ടില്ല. 2011-2012 വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിക്ക് 2019ല്‍ കേന്ദ്ര റെയില്‍വെ മന്ത്രി തറക്കല്ലിട്ടു. ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചായിരുന്നു ആ നീക്കം. പിന്നീട് ഒന്നും സംഭവിച്ചില്ല.

ഇപ്പോള്‍ പദ്ധതിയുടെ ഭാഗമായുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. സ്റ്റേബിളിങ് ലൈനുകൾ, പവർകാർ ഷെഡ്, സിക്ക് ലൈനുകൾ തുടങ്ങി നിരവധി നിർമ്മാണ പ്രവർത്തനങ്ങൾ ഒഴിവാക്കാനും പിറ്റ് ലൈനുകളുടെ എണ്ണം രണ്ടായി ചുരുക്കാനുമാണ് നീക്കം. ഈ നടപടിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്നോട്ടുപോകണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ അംഗം ഡോ. ജോണ്‍ ബ്രിട്ടാസ് എം.പി കേന്ദ്ര റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവിന് കത്തയച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് ദക്ഷിണ റെയില്‍വെ ജനറല്‍ മാനേജരുടെ യോഗത്തില്‍ നല്‍കിയ ഉറപ്പിന്‍റെ ലംഘനമാണ് ഇപ്പോഴത്തെ നീക്കമെന്നും ബ്രിട്ടാസ് ആരോപിച്ചു.

നേമം പദ്ധതി ഉപേക്ഷിക്കുകയാണെന്ന് 2022 മെയ് 30ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ബജറ്റില്‍ പ്രഖ്യാപിക്കുകയും തറക്കല്ലിടുകയും ചെയ്ത പദ്ധതി ഉപേക്ഷിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി ബ്രിട്ടാസ് വീണ്ടും കേന്ദ്രത്തിന് കത്തുനല്‍കി. ഇതോടെ നേമം പദ്ധതിയുമായി ബന്ധപ്പെട്ട് പുതിയ പഠനം നടക്കുകയാണെന്നും അത് പരിശോധിച്ച് തുടര്‍ നടപടി ആലോചിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ നിലപാട് മാറ്റി. സ്തംഭനാവസ്ഥ പരിഹരിച്ച് എത്രയും വേഗം പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള തീരുമാനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ കൈകൊള്ളുകയാണ് ഈ ഘട്ടത്തില്‍ വേണ്ടത് ജോണ്‍ ബ്രിട്ടാസ് ആവശ്യപ്പെട്ടു. ഇതോടൊപ്പം കൊച്ചുവേളിക്ക് അനുവദിച്ചിരുന്ന ആട്ടോമാറ്റിക് കോച്ച് വാഷിംഗ് പ്ലാൻറ് സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി തിരുനൽവേലിയിലേക്ക് മാറ്റിയ നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യവും ബ്രിട്ടാസ് ഉന്നയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News