എസ്-സി, എസ്- ടി വിഭാഗങ്ങളുടെ പുരോഗതിയെ അട്ടിമറിക്കാൻ കേന്ദ്രസർക്കാർ നീക്കം; ജോൺ ബ്രിട്ടാസ് എംപിയുടെ ഇടപെടൽ വിജയം കണ്ടു

പട്ടികജാതി – പട്ടികവർഗ്ഗ വിഭാഗങ്ങളുടെ വികസനത്തെ തുരങ്കം വെക്കാനുള്ള ആസൂത്രിതമായ നീക്കം നടത്തി കേന്ദ്രസർക്കാർ . പുറമേയ്ക്ക് നിഷ്കളങ്കം എന്ന് തോന്നുമെങ്കിലും കൗശലപൂർവ്വമായ ചെറിയൊരു മാറ്റത്തിലൂടെ എസ്.സി – എസ്.ടി വിഭാഗങ്ങളുടെ വികസനം അട്ടിമറിക്കാനാണ് ശ്രമം നടന്നത്. അതേസമയം വിഷയത്തിൽ ജോൺ ബ്രിട്ടാസ് എംപിയുടെ സമയോചിതമായ ഇടപെടൽ വിജയം കണ്ടു.

എസ്.സി – എസ്.ടി വിഭാഗങ്ങൾക്ക് എംപി വികസന ഫണ്ടിൽ നിന്നും യഥാക്രമം 15 ശതമാനവും 7.5 ശതമാനവും തുക വകയിരുത്തണമെന്ന എംപിലാഡ്സ് മാർഗരേഖയിലെ വ്യവസ്ഥയിലാണ് പുതിയ മാർഗരേഖ പുറത്തിറക്കിയപ്പോൾ കേന്ദ്രസർക്കാർ വെള്ളം ചേർത്തത്. ‘നിർബന്ധിതം’ ഒഴിവാക്കി ‘വേണമെങ്കിൽ ആകാം’ എന്നായിരുന്നു ഭേദഗതി. ഒരു എംപിക്ക് പ്രതിവർഷം അഞ്ചു കോടി രൂപയാണ് വികസന ഫണ്ടിലേക്ക് ലഭിക്കുന്നത്. ഇതിന്റെ 22.5 ശതമാനം എന്ന് പറയുമ്പോൾ വലിയൊരു തുകയാണ്. ഒരു എംപി അഞ്ചു വർഷത്തിനിടയിൽ 5.625 കോടി രൂപ ഈ വിഭാഗങ്ങളുടെ വികസനത്തിനായി ചെലവഴിക്കണം. ഈ വിഷയത്തിലാണ് ജോൺ ബ്രിട്ടാസ് എം പി സമയോചിതമായി ഇടപെട്ടത്.

ജോൺ ബ്രിട്ടാസ് എംപി ഏറ്റെടുത്ത പോരാട്ടത്തെ പിന്തുണയ്ക്കാൻ സിപിഐ (എം) ഉണ്ടായിരുന്നു. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാഷും വിഷയത്തിൽ ശക്തമായി പ്രതികരിച്ചു.

ഇതേ തുടർന്ന് ഒരാഴ്ച തികയുന്നതിനു മുൻപ് പ്രതിലോമകരമായ തീരുമാനം പിൻവലിക്കാൻ കേന്ദ്രം നിർബന്ധിതമായി. ഏറ്റെടുത്ത രണ്ട് വിഷയങ്ങളിൽ അനുകൂല തീരുമാനമുണ്ടായി. പട്ടികജാതി- പട്ടികവർഗ്ഗങ്ങൾക്കുള്ള നിർബന്ധിത വകയിരുത്തൽ കേന്ദ്രം പുനഃസ്ഥാപിച്ചു. കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ പ്രതികൂലമായി ബാധിക്കുമായിരുന്ന മറ്റൊരു തീരുമാനവും പുനഃപരിശോധിക്കപ്പെട്ടു. എംപി ഫണ്ടിൽ നിന്ന് ഗവൺമെന്റ് എയ്ഡഡ് സ്ഥാപനങ്ങളെയും പുതുക്കിയ മാർഗ്ഗരേഖയിൽ ഒഴിവാക്കിയിരുന്നു. ഇക്കാര്യത്തോടുള്ള വിയോജിപ്പും കേന്ദ്രത്തിന്റെ ശ്രദ്ധയിൽപെടുത്തിയിരുന്നു. ഇന്നലെ വൈകുന്നേരം ഇറങ്ങിയ ഉത്തരവിൽ ഗവൺമെന്റ് എയ്ഡഡ് സ്ഥാപനങ്ങളെ കൂടി എംപി ഫണ്ടിന്റെ പരിധിയിൽ തിരികെ കൊണ്ടുവന്നിട്ടുണ്ട്. സ്വകാര്യ ട്രസ്റ്റുകൾക്ക് പോലും എംപി ഫണ്ടിൽ നിന്ന് പണം വിനിയോഗിക്കാം എന്നിരിക്കെയാണ് ഗവൺമെന്റ് എയ്ഡഡ് സ്ഥാപനങ്ങളെ ഒരു കാരണവുമില്ലാതെ പുറത്താക്കിയത്.

എംപി ഫണ്ട് സംബന്ധിച്ച് ഒട്ടേറെ തിരുത്തലുകൾ ഇനിയും വരുത്താനുണ്ട്. ഫണ്ടിൽ വരുന്ന പലിശയുടെ ഗുണം പദ്ധതികൾക്ക് തന്നെ പോകണം എന്ന വ്യവസ്ഥ കേന്ദ്രം ഏകപക്ഷീയമായി പിൻവലിച്ചിരിക്കുകയാണ്. അതുപോലെ പ്രാദേശികതലത്തിന് പകരം ഡൽഹിയിലേക്ക് പദ്ധതി നിർവഹണ ചുമതല കേന്ദ്രീകരിക്കുകയും ചെയ്തു. നിർണായകമായ രണ്ടു വിഷയങ്ങളിലെ പോരാട്ടം വിജയിച്ചതിലുള്ള സന്തോഷം ജോൺ ബ്രിട്ടാസ് എംപി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News