നിണമണിഞ്ഞ യാത്രകൾ – ഡോ. ജോൺ ബ്രിട്ടാസ് എം പി എഴുതുന്നു

‘‘ഇന്ത്യ ഛിന്നഭിന്നമായാൽ പാകിസ്ഥാനെയോ മറ്റേതെങ്കിലും വിദേശ രാജ്യത്തെയോ പഴിക്കേണ്ട; അതിനു കാരണം നമ്മുടെ രാഷ്‌ട്രീയ ആത്മഹത്യ തന്നെയായിരിക്കും’’–- വിഖ്യാത എഴുത്തുകാരനായ ഖുഷ്‌വന്ത്‌ സിങ്‌ കലാപങ്ങളെ അപഗ്രഥിച്ചെഴുതിയ പുസ്‌തകത്തിൽ അടിവരയിട്ടു പറഞ്ഞതാണിത്‌. വിഭജനംമുതൽ ഗുജറാത്തുവരെയുള്ള കലാപങ്ങളുടെ ചാലുകളിലൂടെ  സഞ്ചരിച്ച ശേഷമാണ്‌ അദ്ദേഹം ഇത്തരമൊരു നിഗമനത്തിലെത്തിയത്‌.

വിഭജനകാലത്തെ കലാപമായിരുന്നു ഏറ്റവും ഭീകരമെന്ന്‌ താൻ വിചാരിച്ചുവെങ്കിലും ഡൽഹിയിലെ 1984 ലെ സിഖ്‌ കലാപവും 2002ലെ ഗുജറാത്ത്‌ കലാപവും തന്റെ ധാരണകളെ മാറ്റിമറിച്ചുവെന്ന്‌ ഖുഷ്‌വന്ത്‌ സിങ്‌ തന്നെ സമ്മതിക്കുന്നു. മതത്തിന്റെ ദുരുപയോഗമാണ്‌ ഇന്ത്യയിൽ സംഭവിക്കുന്നതെന്നും മതവാദരാഷ്‌ട്രീയത്തിന്‌ വിശ്വാസവുമായി പുലബന്ധംപോലുമില്ലെന്ന്‌ ഖുഷ്‌വന്ത്‌ സിങ്‌ ചൂണ്ടിക്കാട്ടിയിരുന്നു. വർഗീയ രാഷ്‌ട്രീയം തുറന്നുവിടുന്നത്‌ ചെകുത്താന്മാരെയാണെന്നാണ്‌ അദ്ദേഹത്തിന്റെ സുദൃഢമായ വിലയിരുത്തൽ. നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരത്തിലേറുന്നതിന്‌ രണ്ടുമാസം മുമ്പ്‌ 99–-ാം വയസ്സിൽ ഖുഷ്‌വന്ത്‌ സിങ്‌ കാലയവനികയ്‌ക്കുള്ളിൽ മറഞ്ഞു. തന്റെ പ്രവചനങ്ങൾ സ്‌ഫടികംപോലെ തെളിഞ്ഞു വരുന്നതു കാണാനുള്ള നിർഭാഗ്യം അദ്ദേഹത്തിനുണ്ടായില്ല.

ആയുധമേന്തിയ ജലാഭിഷേകയാത്ര

തലസ്ഥാന നഗരിയോടു ചേർന്നുള്ള ഹരിയാനയിലെ നൂഹിൽ പൊട്ടിപ്പുറപ്പെട്ട വർഗീയ കലാപത്തിന്റെ ഇഴകൾ വേർതിരിച്ചാൽ ഹിന്ദുത്വ രാഷ്‌ട്രീയം ഇന്ത്യക്കായി ഒരുക്കുന്ന കെണിയുടെ ചിത്രം വ്യക്തമാകും. മതഘോഷയാത്രകളെ ആയുധമണിയിക്കുന്നത്‌ ആർഎസ്‌എസ്‌ രൂപീകൃതമായ അന്നുമുതൽ ആരംഭിച്ച പരിപാടിയാണ്‌. മോദിയുടെ ഭരണത്തിൽ ഇന്ത്യ എത്തിയതോടെ അത്‌ നിത്യസംഭവമായി. 2024ലെ പൊതു തെരഞ്ഞെടുപ്പിലേക്കുള്ള ദൂരം കുറയുമ്പോൾ ഈ ആയുധവിന്യാസത്തിന്റെ വ്യാപ്‌തി വർധിക്കുന്നു. ജലാഭിഷേകയാത്ര എന്ന പേരിൽ ബജ്‌റംഗദളും വിഎച്ച്‌പിയും ഹരിയാനയിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ  നൂഹിലൂടെ ഘോഷയാത്ര സംഘടിപ്പിച്ചു. തോക്കുകളും വാളുകളും കുറുവടികളുമേന്തിയുള്ള ഈ ഘോഷയാത്രയ്‌ക്ക്‌ ഖുഷ്‌വന്ത്‌ സിങ്‌ പറഞ്ഞതുപോലെ വിശ്വാസവുമായി ഒരു ബന്ധവുമില്ലായിരുന്നു. വിഭജനകാലത്തുപോലും കലാപം പൊട്ടിപ്പുറപ്പെടാത്ത നൂഹ്‌ തെരഞ്ഞെടുത്തതിന്‌ പലകാരണമുണ്ട്‌. മുസ്ലിം ഭൂരിപക്ഷപ്രദേശം എന്നതിലപ്പുറം രാജസ്ഥാനിലെ ഏഴോളം ലോക്‌സഭാ മണ്ഡലങ്ങളെ സ്വാധീനിക്കാൻ കഴിയുന്ന വർഗീയ പ്രസരണം സാധ്യമാകുമെന്ന അനുമാനവും ഇതിനു പിന്നിലുണ്ടായിരുന്നു. പശ്‌ചിമ ഉത്തർപ്രദേശിലെ ഗാട്ടുകളെ വർഗീയ ചരടിൽ കോർക്കുക എന്നതും ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു. ജലാഭിഷേകയാത്രയുടെ മുൻനിരയിൽ നിന്നയാളുടെ പേരു പറഞ്ഞാൽ ഇതിനു പിന്നിലുള്ള യഥാർഥ ഗൂഢതന്ത്രം അനാവരണം ചെയ്യും.

രാജസ്ഥാനിലെ ഭരത്‌പുരിൽ നിന്നുള്ള  നസീർ, ജുനൈദ്‌ എന്ന രണ്ടു മുസ്ലിം യുവാക്കളെ പശുക്കടത്ത്‌ എന്ന വ്യാജ ആരോപണത്തിന്റെ പേരിൽ തട്ടിക്കൊണ്ടു പോയി കൊന്ന്‌ കത്തിച്ച മോനു മനേസറായിരുന്നു യാത്രയുടെ സൂത്രധാരൻ. പിടികിട്ടാപ്പുള്ളിയായ മനേസറിന്റെ പുറകേ രാജസ്ഥാൻ പൊലീസ്‌ ഹരിയാനയിലെത്തിയപ്പോൾ അവർക്കെതിരെ കേസെടുത്ത്‌ തങ്ങളുടെ അവതാരപുരുഷനെ സംരക്ഷിക്കുകയാണ്‌ ഹരിയാന സർക്കാർ ചെയ്‌തത്‌. ഘോഷയാത്രയിൽ അണിനിരക്കാൻ ആഹ്വാനം ചെയ്‌തുകൊണ്ട്‌ വീഡിയോ സന്ദേശമുണ്ടാക്കി പ്രചരിപ്പിച്ചിട്ടും മോനു മനേസർ പിടികിട്ടാപ്പുള്ളിയുടെ പദവിയിൽ തുടർന്നു.  നസീർ, ജുനൈദ്‌ എന്നിവരെ തട്ടിക്കൊണ്ടു പോയി ഒരുമാസം കഴിഞ്ഞാണ്‌ മൃതദേഹം ഭിവാനിയിലെ ഒരു കാറിൽ കണ്ടെത്തുന്നത്‌. രാജസ്ഥാൻ പൊലീസ്‌ പലതവണ ഹരിയാനയിൽ എത്തിയിട്ടും മോനുവിനെ അറസ്റ്റു ചെയ്യാൻ ഹരിയാന സർക്കാർ സഹായം ചെയ്‌തില്ല. മാത്രമല്ല, മോനുവിന്‌ എല്ലാ സഹായങ്ങളും ചെയ്‌തു. മോനുവിന്റെ സമൂഹമാധ്യമ അക്കൗണ്ടുകൾ പരിശോധിച്ചാൽ ബിജെപി നേതൃത്വവുമായുള്ള ബന്ധം വ്യക്തമാകും. യന്ത്രത്തോക്കും വാളുകളും മറ്റും പിടിച്ച മോനുവിന്റെ ചിത്രവും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷായോടൊപ്പമുള്ള സെൽഫിയും കാണാം.

പ്രതീക്ഷിച്ചപോലെതന്നെ നൂഹിലെ ജലഘോഷയാത്ര കലാപത്തിന്റെ ചോരച്ചാലുകളായി. പ്രകോപനത്തിന്റെ ഭാഗമായി ഇരു വിഭാഗവും ഏറ്റുമുട്ടി. നിരവധി പേർ കൊല്ലപ്പെട്ടു. നൂറുകണക്കിന്‌ പേർ പലായനം ചെയ്‌തു. സമീപ പ്രദേശങ്ങളിലേക്കും കലാപം പടർന്നപ്പോൾ തലസ്ഥാനത്തോടു ചേർന്നുകിടക്കുന്ന മില്ലേനിയം സിറ്റിയായ ഗുരുഗ്രാമും പ്രശ്‌നബാധിതമായി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിദേശ കമ്പനികൾ പ്രവർത്തിക്കുന്ന നഗരമാണ്‌ ഗുരുഗ്രാം. ആധുനികതയുടെ അംബരചുംബികൾ വിളിച്ചോതുന്ന സമൃദ്ധിക്ക്‌ സമാനമായി ഹരിയാനയുടെ വരുമാനത്തിൽ 72 ശതമാനവും സംഭാവന ചെയ്യുന്ന പ്രദേശമാണ്‌ ഗുരുഗ്രാം. കേരളംപോലുള്ള സംസ്ഥാനങ്ങളെ നോക്കി ഗുരുഗ്രാമിനെ കണ്ടുപഠിക്കൂ എന്നു പറയാത്ത നിക്ഷേപകർ കുറവായിരിക്കും. അത്തരം ഒരു നഗരത്തിൽ വൻ കമ്പനികളുടെ ജീവനക്കാരും ഉദ്യോഗസ്ഥരും ഒരാഴ്ചയായി സുരക്ഷയ്‌ക്കായി വീടുകളിൽ അടച്ചിരിക്കുകയാണ്‌. ധനനിക്ഷേപത്തിന്റെ പൊങ്ങച്ചത്തിനിടയിൽ കേരളംപോലുള്ള സംസ്ഥാനങ്ങൾ പ്രതിനിധാനം ചെയ്യുന്ന സാമൂഹ്യ നിക്ഷേപത്തിന്റെ മൂല്യത്തെക്കുറിച്ച്‌ സാമ്പത്തിക വിദഗ്‌ധർ വൈകിയാണെങ്കിലും ചർച്ച തുടങ്ങിയിട്ടുണ്ട്‌.

ന്യൂനപക്ഷങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിലേക്ക്‌ ബുൾഡോസർ അയക്കുന്ന പതിവ്‌ തുടങ്ങിവച്ചത്‌ യുപിയിലെ യോഗി ആദിത്യനാഥാണ്‌. അത്‌ പിന്നീട്‌ മധ്യപ്രദേശ്‌ ഉൾപ്പെടെയുള്ള ബിജെപി സർക്കാരുകൾ ഏറ്റെടുത്തു. നൂഹിലെ കലാപത്തിന്റെ പേരിൽ മുസ്ലിം വിഭാഗക്കാരുടെ കടകളും വീടുകളും ഇടിച്ചു നിരപ്പാക്കി ഹരിയാനയും യോഗിയുടെ പാതയിൽ പ്രവേശിച്ചിരിക്കുന്നു. ആർഎസ്‌എസ്‌ പ്രചാരകരെന്ന  നിലയിൽ പതിറ്റാണ്ടുകൾക്കുമുമ്പ്‌ തോളോടുതോൾ ചേർന്ന്‌ പ്രവർത്തിച്ചവരാണ്‌ മോദിയും ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറും. ആദ്യതവണ എംഎൽഎ ആയപ്പോൾത്തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക്‌ ഖട്ടർ ആരോഹണം നടത്തിയതിനു പിന്നിലും ഈ പ്രചാരക്‌സൗഹൃദമുണ്ട്‌.

തളിർക്കുന്ന വർഗീയ രാഷ്‌ട്രീയം

ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായെന്ന ഉദ്‌ഘോഷത്തിലാണ്‌ പ്രധാനമന്ത്രി മോദി. ഒരു തവണകൂടി ബിജെപിക്ക്‌ ഭരണം ലഭിച്ചാൽ മൂന്നാമത്തെ ശക്തിയാക്കുമെന്ന്‌ വാഗ്‌ദാനം ചെയ്‌തുകൊണ്ടാണ്‌ അദ്ദേഹം തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്റെ വിതാനമൊരുക്കുന്നത്‌. പൊങ്ങച്ചത്തിന്റെ  പെരുമ്പറകൾക്കിടയിൽ യാഥാർഥ്യത്തിന്റെ തലത്തിലേക്ക്‌ പോകാൻ ഇന്ത്യയിലെ ഒരു മുഖ്യധാരാമാധ്യമവും താൽപ്പര്യപ്പെടാറില്ല. പ്രതിശീർഷ ആഭ്യന്തര വരുമാനത്തിൽ ബംഗ്ലാദേശിനും പിന്നിലാണ്‌ ഇന്ത്യ എന്നു പറയാൻ ഈ മാധ്യമങ്ങൾക്കൊന്നും നാവു പൊന്താറില്ല. വർഗീയ അസ്വാസ്ഥ്യത്തിലമർന്ന ഗുരുഗ്രാം പറഞ്ഞുതരുന്ന ഒരു കഥയുണ്ട്‌. സാമ്പത്തിക നിക്ഷേപവും തൊഴിലുമൊന്നും ബിജെപിയുടെ വർഗീയ രാഷ്‌ട്രീയത്തിനു മുന്നിൽ ഒന്നുമല്ല. നഗരങ്ങൾ കത്തിച്ചാമ്പലായാലും ജനജീവിതം ദുസ്സഹമായാലും അധികാരത്തിനുവേണ്ടിയുള്ള വർഗീയ രഥയോട്ടത്തിന്‌ തെല്ലും ശമനമുണ്ടാകില്ലെന്നാണ്‌ ഹരിയാന കലാപത്തിലൂടെ കേന്ദ്ര ഭരണകക്ഷി തെളിയിച്ചിരിക്കുന്നത്‌. ഗുരുഗ്രാം ഷട്ടറിട്ടപ്പോൾ അതിന്റെ അലയൊലികൾ തലസ്ഥാന നഗരമായ ഡൽഹിയെ വിറപ്പിച്ചിരുന്നു. ബജ്‌റംഗദളും വിഎച്ച്‌പിയും പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി നഗരത്തിൽ തലങ്ങും വിലങ്ങും റാലികൾ സംഘടിപ്പിച്ചിരുന്നു.

ഗുരുഗ്രാമിനെ ലോക്‌സഭയിൽ പ്രതിനിധാനം ചെയ്യുന്നത്‌ റാവു ഇന്ദ്രജിത്താണ്‌. അദ്ദേഹം കേന്ദ്രത്തിൽ സ്വതന്ത്രചുമതലയുള്ള മന്ത്രി കൂടിയാണ്‌. കോൺഗ്രസിൽനിന്ന്‌ ബിജെപിയിൽ ചേക്കേറിയ പശ്‌ചാത്തലം ഉള്ളതു കൊണ്ടായിരിക്കാം ആദ്യ ദിവസങ്ങളിൽ അദ്ദേഹം ചില സത്യങ്ങൾ മൊഴിഞ്ഞു. നിരുപദ്രവകരമായ പരിപാടികൾക്കുപോലും അനുമതി നിഷേധിക്കുന്ന പൊലീസ്‌ എന്തുകൊണ്ടാണ്‌ നൂഹിലെ ജലാഭിഷേകയാത്രയ്‌ക്ക്‌ പച്ചക്കൊടി വീശിയതെന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചോദ്യം. ഘോഷയാത്രയിൽ ആയുധവിന്യാസം എന്തുകൊണ്ട്‌ ഉണ്ടായി എന്ന ചോദ്യവും അദ്ദേഹം ഉതിർത്തു. തെരഞ്ഞെടുപ്പിനു മുമ്പ്‌ ഇന്ത്യയിലാകമാനം ഇത്തരം ധ്രുവീകരണം നടത്താൻ സംഘപരിവാറിന്റെ മാർഗമാണ്‌ ഇത്തരം യാത്രകളെന്ന്‌ അദ്ദേഹത്തിന്‌ ആരെങ്കിലും പിന്നീട്‌ പറഞ്ഞു കൊടുത്തതിനാലായിരിക്കാം അദ്ദേഹം നിശ്ശബ്‌ദനായത്‌.

സിറ്റിസൺ ആൻഡ്‌ ലോയേഴ്‌സ്‌ അസോസിയേഷൻ എന്ന സന്നദ്ധസംഘടന മതാഘോഷയാത്രകളുടെ അകംപൊരുളുകളെക്കുറിച്ച്‌ സമഗ്രമായി ഒരു റിപ്പോർട്ട്‌ പുറത്തു വിട്ടിട്ടുണ്ട്‌. ‘കാലുഷ്യത്തിന്റെ വഴിത്താരകൾ–- മതഘോഷയാത്രകളുടെ ആയുധവൽക്കരണം’ എന്ന  പേരിലുള്ള റിപ്പോർട്ട്‌ ഇന്ത്യയിൽ മതയാത്രകൾ സൃഷ്‌ടിച്ച ചോരച്ചാലുകളിലൂടെയാണ്‌ കടന്നുപോകുന്നത്‌. ഓരോ യാത്രയും കഴിയുമ്പോൾ ഓരോ പ്രദേശത്തും വിദ്വേഷത്തിന്റെ തിരമാലകൾ സൃഷ്‌ടിക്കുന്നതിനെക്കുറിച്ചാണ്‌ റിപ്പോർട്ട്‌ പറയുന്നത്‌. ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്കു പുറമെ ബംഗാൾ ഉൾപ്പെടെയുള്ള കിഴക്കൻ മേഖലകളിലും ദക്ഷിണേന്ത്യയിലും മതപരമായ ഉത്സവങ്ങൾ വർഗീയ സംഘർഷത്തിന്റെ പ്രഭവ കേന്ദ്രങ്ങളാകാൻ സംഘപരിവാർ ശ്രമം തുടങ്ങിയിട്ട്‌ കാലമേറെയായി. നവരാത്രി വ്രതകാലത്ത്‌ ഡൽഹിയിൽ പോലും മാംസക്കടകൾ നിർബന്ധിതമായി അടച്ചുപൂട്ടുന്ന പ്രവണത ഈ അടുത്ത കാലത്ത്‌ ആരംഭിച്ചു. വിദേശ എംബസികൾ സ്ഥിതിചെയ്യുന്ന ദക്ഷിണ ഡൽഹിയിലെ പ്രധാന മാർക്കറ്റുകളിൽപ്പോലും മാംസക്കടകൾ ബലമായി അടച്ചിടും. ഇന്ത്യയുടെ വൈവിധ്യം പേറുന്ന ജവാഹർലാൽ നെഹ്‌റു സർവകലാശാല മെസിൽപ്പോലും നവരാത്രി കാലത്ത്‌ കോഴിക്കറി നൽകിയതിന്‌ സംഘർഷമുണ്ടായി.

മൂന്നു മാസമായി കത്തിക്കൊണ്ടിരിക്കുന്ന മണിപ്പുരിന്റെ രണ്ടാം പതിപ്പാണ്‌ ഹരിയാനയിൽ അരങ്ങേറിയത്‌. തെരഞ്ഞെടുപ്പിലേക്ക്‌ അടുക്കുംതോറും ഇതിന്റെ തീവ്രത കൂടുമെന്ന്‌ ‘പുൽവാമ വെളിപ്പെടുത്തൽ’ നടത്തിയ മുൻ ജമ്മു കശ്‌മീർ ഗവർണർ സത്യപാൽ മലിക്‌ ചൂണ്ടിക്കാണിച്ചു. അദ്ദേഹത്തിന്റെയും പ്രശാന്ത്‌ ഭൂഷന്റെയും നേതൃത്വത്തിൽ കഴിഞ്ഞ ആഴ്‌ച ഡൽഹിയിൽ നടന്ന രാജ്യസുരക്ഷ സംബന്ധിച്ച കോൺക്ലേവിൽ പ്രസക്‌തമായ പല സൂചനകളും ജാഗ്രതപ്പെടുത്തലായി ഉയർന്നുവന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ തൊട്ടു മുമ്പ്‌ അരങ്ങേറിയ പുൽവാമയുടെ ആവർത്തനങ്ങൾ ഉണ്ടാകാതിരിക്കാൻ രാജ്യം കണ്ണും കാതും കൂർപ്പിക്കണമെന്ന്‌ മലികും ഭൂഷണും ഒരുപോലെ  ആഹ്വാനം ചെയ്യുന്നു. ധ്രുവീകരണ രാഷ്‌ട്രീയത്തിന്റെ കേന്ദ്ര ബിന്ദുക്കളായ കാശിയിലും മഥുരയിലും അയോധ്യയിലുമൊക്കെ സ്‌ഫോടനങ്ങൾ ഉണ്ടാകാനുള്ള സാധ്യത തങ്ങൾ തള്ളിക്കളയില്ലെന്നാണ്‌ ഇരുവരും പരസ്യമായി പ്രഖ്യാപിച്ചത്‌. അധികാരം നിലനിർത്താൻ ബിജെപി എന്തു കടുംകൈയും കാണിക്കുമെന്ന്‌ പ്രശാന്ത്‌ ഭൂഷൺ കടത്തിപ്പറഞ്ഞതിനാൽ അദ്ദേഹത്തിനെതിരെ നിരവധി കേസുകൾ ഫയൽ ചെയ്യപ്പെട്ടു തുടങ്ങി.

ആസൂത്രിത തിരക്കഥ

സംഘപരിവാറിന്റെ വർഗീയ പ്രചാരണം മനുഷ്യമനസ്സുകളെ എത്ര കണ്ട്‌ വിഷലിപ്‌തമാക്കുമെന്നതിന്റെ തെളിവാണ്‌ ട്രെയിനിൽ ആർപിഎഫ്‌ സേനാംഗം പ്രകോപനമില്ലാതെ നിറയൊഴിച്ച സംഭവം. മുസ്ലിങ്ങളെ കണ്ടപ്പോൾ സുരക്ഷാഭടന്റെപോലും രക്തം തിളയ്‌ക്കുന്ന തരത്തിലേക്ക്‌ വർഗീയ പ്രക്ഷാളനം എത്തിയിരിക്കുന്നു. ഔറംഗസേബും ടിപ്പു സുൽത്താനുമൊക്കെയാണ്‌ ഇത്തരക്കാരുടെ മസ്‌തിഷ്‌കത്തിൽ നിറയുന്നത്. വിഭജനകാലത്തുപോലും ഇല്ലാതിരുന്ന മുസ്ലിംവിരുദ്ധത പലയിടങ്ങളിലും തിളച്ചുമറിയുന്നതിനു കാരണവും ഇതുതന്നെ. വാരാണസിയിലെ ജ്ഞാൻവാപി പള്ളിയിൽ ആർക്കിയോളജി സർവേയിലേക്ക്‌ നയിച്ച സംഭവഗതികൾക്കു പിന്നിലും ഈ തിരക്കഥയാണ്‌. ബാബ്‌റി പള്ളിയുടെ തകർച്ചയ്‌ക്കുശേഷം 1991ൽ പാർലമെന്റ്‌ പാസാക്കിയ ആരാധനാലയ സംരക്ഷണ നിയമത്തിന്റെ നഗ്നമായ ലംഘനമാണ്‌ രാജ്യത്തുടനീളം അരങ്ങേറുന്നത്‌. അയോധ്യക്കുശേഷം കാശിയും മഥുരയും ബാക്കിയുണ്ടെന്ന പഴയ മുദ്രാവാക്യം സംഘപരിവാർ തേച്ചുമിനുക്കുകയാണ്‌.
മൂന്നാംവട്ട അധികാരത്തിലേക്കുള്ള രാജപാതയൊരുക്കാൻ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും സിമന്റും ഇഷ്‌ടികയും ആവോളം വേണ്ടിവരുമെന്ന സംഘപരിവാർ തിരിച്ചറിവിലാണ്‌ മണിപ്പുരിന്റെയും പുൽവാമയുടെയും പുതിയ പതിപ്പുകൾക്ക്‌ ഇവർ കോപ്പുകൂട്ടുന്നത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News