അയോധ്യ പ്രതിഷ്ഠാ ദിനം; ‘മതനിരപേക്ഷ രാഷ്ട്രത്തിന്റെ നാഥന്‍തന്നെ ഈ പ്രക്രിയയ്ക്ക് നേതൃത്വം നല്കുന്നു എന്നതാണ് കാലഘട്ടത്തിന്റെ ദുരന്തം’: ഡോ. ജോണ്‍ ബ്രിട്ടാസ് എം പി

ഏവരുടെയും ഭക്തിയും വിശ്വാസവും സംരക്ഷിക്കാനും പരിപാലിക്കാനും പരിപോഷിപ്പിക്കാനും ഉതകുന്ന ഭരണഘടനയാണ് നമ്മുടേതെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. അവിടെനിന്നു നമ്മള്‍ എത്രത്തോളം വ്യതിചലിക്കുന്നു എന്നതിനെക്കുറിച്ചുള്ള ആത്മപരിശോധനയുടെ ദിനമാണ് അയോധ്യ പ്രതിഷ്ഠാ ദിനമായി ഇന്ന് എന്ന് ജോണ്‍ ബ്രിട്ടാസ് എം പി ഫേസ്ബുക്കില്‍ കുറിച്ചു. ഏവരെയും ഒരുപോലെ ചേര്‍ത്തുനിര്‍ത്തേണ്ട മതനിരപേക്ഷ രാഷ്ട്രത്തിന്റെ നാഥന്‍തന്നെ ഈ പ്രക്രിയയ്ക്ക് നേതൃത്വം നല്കുന്നു എന്നതാണ് കാലഘട്ടത്തിന്റെ ദുരന്തമെന്നും ജോണ്‍ ബ്രിട്ടാസ് എം പി കുറിപ്പില്‍ പറയുന്നു.

കുറിപ്പ്

നാസി ജർമ്മനിയുടെ കൂട്ടക്കുരുതിയെ അതിജീവിച്ച വിശ്രുതകവി പോൾ സെലാന്റെ ശ്രദ്ധേയമായ ഒരു വരിയുണ്ട്: “The thousand darkness of death bringing voice.” – ചുള്ളിക്കാടിന്റെ പരിഭാഷയിൽ “മൃത്യുവാഹകമായ ശബ്ദത്തിന്റെ സഹസ്രാന്ധകാരം.”

രാഷ്ട്രവും മതവും തമ്മിലുള്ള വ്യത്യാസം നേർത്തുനേർത്തില്ലാതാകുമ്പോൾ എന്തു സംഭവിക്കുന്നു എന്നതിന്റെ മാതൃകകൾ നമ്മുടെ ചുറ്റും പരന്നു കിടപ്പുണ്ട്. ഇന്ത്യ അങ്ങനെയൊരു രാഷ്ട്രമാകരുത് എന്ന നിശ്ചയദാർഢ്യമായിരുന്നു മഹാത്മാഗാന്ധി നേതൃത്വം നല്കിയ ദേശീയപ്രസ്ഥാനത്തിന് ഉണ്ടായിരുന്നത്.
അയോധ്യയിലെ ശ്രീരാമക്ഷേത്ര പ്രതിഷ്ഠാചടങ്ങിനെ മുൻനിർത്തിയുള്ള എന്റെ മനസ്സിലെ വിചാരങ്ങളിൽ പ്രധാനം മേല്പറഞ്ഞതാണ്. ഏവരുടെയും ഭക്തിയും വിശ്വാസവും സംരക്ഷിക്കാനും പരിപാലിക്കാനും പരിപോഷിപ്പിക്കാനും ഉതകുന്ന ഭരണഘടനയാണ് നമ്മുടേത്. അവിടെനിന്നു നമ്മൾ എത്രത്തോളം വ്യതിചലിക്കുന്നു എന്നതിനെക്കുറിച്ചുള്ള ആത്മപരിശോധനയുടെ ദിനമാണിത്.
അയോധ്യയുടെ നിർണായകവഴിത്തിരിവുകൾ നേരിട്ടു റിപ്പോർട്ടു ചെയ്യാനുള്ള അവസരം ലഭിച്ചതുകൊണ്ടാണ് ഇന്നത്തെ ദിവസത്തെ എന്റെ ചിന്ത ഇവിടെ പങ്കുവയ്ക്കുന്നത്. ബാബ്റി മസ്ജിദിന്റെ മിനാരങ്ങൾ ധൂളികളായപ്പോൾ ഉയർന്ന ഹർഷാരവങ്ങൾ ഇന്ന് പതിന്മടങ്ങായി മറ്റൊരു രൂപത്തിൽ ഉയർന്നുകേൾക്കുകയാണ്. 1989-ലെ ശിലാന്യാസവും 1992-ലെ ബാബറി പള്ളിയുടെ തകർക്കലും നേരിട്ടു കണ്ടപ്പോൾത്തന്നെ നമ്മുടെ രാഷ്ട്രത്തിനുമുന്നിൽ ഉയരുന്ന ചോദ്യചിഹ്നങ്ങളെക്കുറിച്ചുള്ള ഏകദേശരൂപം മനസ്സിൽ രൂപപ്പെട്ടിരുന്നു. പാർലമെന്റിന്റെ ഉദ്ഘാടനം മതപരമായ ചടങ്ങായപ്പോൾ, അമ്പലത്തിന്റെ കർമ്മം രാഷ്ട്രീയ മേലങ്കിയണിയുന്നു എന്നതാണ് സമകാല ഇന്ത്യയുടെ യഥാർത്ഥ ദുരന്തം. രാമൻ പ്രതിനിധാനം ചെയ്ത സൗമനസ്യവും സ്നേഹവുമല്ല മറിച്ച് രൗദ്രതയാണ് ഇവിടെ നിഴലിക്കുന്നത്.
വില്ലുകുലയ്ക്കാത്ത രാമനെയാണ് ഗാന്ധിജി ആശ്ലേഷിച്ചത്. അതുകൊണ്ടുതന്നെ വർഗ്ഗീയവാദികളുടെ വെടിയേറ്റു നിലംപതിക്കുമ്പൊഴും രാമനെയാണ് അദ്ദേഹം അനുസ്മരിച്ചത്. മൂല്യങ്ങളുടെ സംരക്ഷണത്തിനായി രാജ്യാധികാരത്തെ നിസ്സന്ദേഹം വലിച്ചെറിഞ്ഞ രാമനെയാണ് മിഴിവോടെ രാമായണം എടുത്തുകാട്ടുന്നത്. എന്നാൽ, ഇന്ന് അധികാരം നിലനിർത്താനും പിടിച്ചെടുക്കാനും മറ്റുള്ളവരെ അടിച്ചമർത്താനും ലക്ഷ്യമിടുന്ന പ്രതീകങ്ങളാണ് ബോധപൂർവ്വം സൃഷ്ടിക്കപ്പെടുന്നത്. ഏവരെയും ഒരുപോലെ ചേർത്തുനിർത്തേണ്ട മതനിരപേക്ഷ രാഷ്ട്രത്തിന്റെ നാഥൻതന്നെ ഈ പ്രക്രിയയ്ക്ക് നേതൃത്വം നല്കുന്നു എന്നതാണ് കാലഘട്ടത്തിന്റെ ദുരന്തം.
പുതിയ പരിതസ്ഥിതിയോടു പരുവപ്പെടുന്ന മാധ്യമങ്ങളുടെ സ്വഭാവം എന്നെ വ്യക്തിപരമായി അസ്വസ്ഥതപ്പെടുത്തുന്നു. മസ്ജിദ് തകർത്തപ്പോൾ ഹിന്ദി മാധ്യമങ്ങളൊഴികേയുള്ള പത്രങ്ങൾ ആ സംഭവത്തെ തീരാക്കളങ്കം എന്നാണ് വിശേഷിപ്പിച്ചത്. രണ്ടു പതിറ്റാണ്ടു കഴിയുമ്പോൾ അതിഹീനമായ കുറ്റകൃത്യവും തീരാക്കളങ്കവും വിജയഭേരിയുടെയും അത്യഭിമാനത്തിന്റെയും ചിഹ്നങ്ങളായി മാറുകയാണ്.
All reactions:

470

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News