‘കെസി വേണുഗോപാലാണ് ജയിക്കുന്നതെങ്കില്‍ ബിജെപിക്ക് രാജ്യസഭയില്‍ ഒരു വോട്ട് കൂടും’; കാരണം ചൂണ്ടിക്കാട്ടി ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

ആലപ്പുഴയില്‍ കെസി വേണുഗോപാലാണ് ജയിക്കുന്നതെങ്കില്‍ ബിജെപിക്ക് രാജ്യസഭയില്‍ ഒരു വോട്ടു കൂടുമെന്ന് ചൂണ്ടിക്കാട്ടി ഡോ. ജോണ്‍ ബ്രിട്ടാസ് എംപി. ആലപ്പുഴയില്‍ സിപിഐഎമ്മിന്റെ പ്രതിനിധിയോ കോണ്‍ഗ്രസ്സിന്റെ പ്രതിനിധിയോ ജയിച്ചാല്‍ അത് ലോക്‌സഭയില്‍ മോദി വിരുദ്ധ വോട്ടായിരിക്കുമെന്നും അദ്ദേഹം എഫ്ബിയില്‍ കുറിച്ചു. രാജ്യസഭ സീറ്റ് ഉപേക്ഷിച്ച് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള കെസി വേണുഗോപാലിന്റെ തീരുമാനത്തിന് പിന്നില്‍ എന്തെങ്കിലും ഡീലുള്ളതായി സംശയിക്കുന്നുവെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി സംശയം ഉയര്‍ത്തിയതിന് പിന്നാലെയാണ് എംപിയും പ്രതികരിച്ചത്.

രാജ്യസഭയില്‍ ബിജെപി ഭൂരിപക്ഷത്തിലേയ്ക്ക് ഇഞ്ചിഞ്ചായി എത്തിക്കൊണ്ടിരിക്കുകയാണ് നാലുപേരുടെ കുറവുമാത്രമാണ് ഇപ്പോഴുള്ളത്. രാജസ്ഥാനില്‍ നിന്നുള്ള പ്രതിനിധിയാണ് കെസി വേണുഗോപാല്‍. 2 വര്‍ഷം കൂടി കാലാവധി ബാക്കിയുള്ള കെ.സി.വേണുഗോപാല്‍ ലോക്‌സഭയില്‍ മത്സരരംഗത്തുവരുമ്പോള്‍ രാജസ്ഥാനില്‍ ഒരു രാജ്യസഭാസീറ്റിലേയ്ക്ക് ഉപതെരഞ്ഞെടുപ്പു നടക്കുമ്പോള്‍ ആ സംസ്ഥാനത്തു ഭൂരിപക്ഷമുള്ള പാര്‍ട്ടിയായ ബിജെപിക്ക് അത് സ്വാഭാവികമായി ലഭിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ALSO READ: സംസ്ഥാന സർവീസ്‌ ജീവനക്കാർക്കും അധ്യാപകർക്കും ഡിഎ, ഡിആർ അനുവദിച്ചു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

ധനബില്ലുകള്‍ ഒഴികേ എല്ലാ കാര്യങ്ങളിലും ലോക്‌സഭയ്ക്കും രാജ്യസഭയ്ക്കും തുല്യ അധികാരങ്ങളാണുള്ളത്. ലോക്‌സഭയില്‍ മൃഗീയ ഭൂരിപക്ഷമുള്ള സര്‍ക്കാരുകള്‍ പോലും രാജ്യസഭയില്‍ പരാജയം രുചിച്ച ഒട്ടേറെ ഏടുകള്‍ നമുക്കു പറയാന്‍ കഴിയും. ഒരു തെരഞ്ഞെടുപ്പിന്റെ വൈകാരിക വിജയത്തില്‍ നമ്മുടെ ജനാധിപത്യത്തിന്റ സ്വഭാവം മാറിമറിയാതിരിക്കാന്‍ ഭരണഘടനാശില്പികള്‍ ബോധപൂര്‍വം വ്യവസ്ഥചെയ്തു രൂപീകരിച്ചതാണ് ഉപരിസഭയായ രാജ്യസഭ. ലോക്‌സഭയില്‍ നാലില്‍ മൂന്നു ഭൂരിപക്ഷമുണ്ടായിരുന്ന രാജീവ് ഗാന്ധി രാജ്യസഭയില്‍ പലപ്പോഴും ഇടറിവീണതിനു ദൃക്‌സാക്ഷിയാണ് ഈ കുറിപ്പെഴുതുന്നയാള്‍.

രാജ്യസഭ എത്രകണ്ടു പ്രധാനപ്പെട്ടതാണ് എന്നതുകൊണ്ടാണ് കോടാനുകോടി രൂപ വാരിവിതറി എംഎല്‍എമാരെ റാഞ്ചി ഒരു സീറ്റെങ്കില്‍ അത് പിടിച്ചെടുക്കാന്‍ ബിജെപി നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ രാജ്യസഭാ തെരഞ്ഞെടുപ്പുകളില്‍ അര്‍ഹതപ്പെട്ടതിനെക്കാളും ഓരോ സീറ്റ് ഉത്തര്‍പ്രദേശില്‍നിന്നും ഹിമാചല്‍പ്രദേശില്‍നിന്നും ബിജെപി കരസ്ഥമാക്കി. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട നിയമജ്ഞരില്‍ ഒരാളും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗവുമായ മനു അഭിഷേക് സിംഗ്വി അപ്രതീക്ഷിതമായി ഹിമാചലില്‍ നിന്നു രാജ്യസഭയിലേയ്ക്കു പരാജയപ്പെട്ടത് വാര്‍ത്താതലവാചകമായിരുന്നു. ഹിമാചലിലെ 6 എംഎല്‍എമാരെ വിലയ്‌ക്കെടുത്താണ് ബിജെപി സിംഗ്വിയെപ്പോലും മലര്‍ത്തിയടിച്ചത്.

ALSO READ: രാജ്യസഭയില്‍ കോണ്‍ഗ്രസിന്റെ സീറ്റ് കളഞ്ഞിട്ടാണ് ആലപ്പുഴയില്‍ മത്സരിക്കുന്നത്; കെസി വേണുഗോപാലിനെതിരെ എംഎ ബേബി

രാജ്യസഭയില്‍ ബിജെപി ഭൂരിപക്ഷത്തിലേയ്ക്ക് ഇഞ്ചിഞ്ചായി എത്തിക്കൊണ്ടിരിക്കുകയാണ് നാലുപേരുടെ കുറവുമാത്രമാണ് ഇപ്പോഴുള്ളത്. രാജ്യത്തിന്റെ സ്വഭാവം തന്നെ മാറ്റാന്‍ കോപ്പുകൂട്ടുന്ന ബിജെപിക്ക് ഉപരിസഭയിലെ ഭൂരിപക്ഷം എല്ലാക്കാലത്തും ഒരു വിഷയമായിരുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പ്രാധാന്യം അപ്പാടേ ചോര്‍ത്തിക്കളയുന്ന മണ്ഡലപുനര്‍നിര്‍ണ്ണയം ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ തേച്ചുമിനുക്കുന്ന ബിജെപി രാജ്യസഭയിലെ ഭൂരിപക്ഷത്തില്‍ കണ്ണുനട്ടിരിക്കാന്‍ തുടങ്ങിയിട്ട് കാലം ഏറെയായി.

ഏതൊരു രാഷ്ട്രീയപാര്‍ട്ടിക്കും അവരുടെ പ്രതിനിധി എവിടെ മത്സരിക്കണമെന്നു തീരുമാനിക്കാനുള്ള സമ്പൂര്‍ണാവകാശമുണ്ട്. കെ.സി.വേണുഗോപാല്‍ ആലപ്പുഴയില്‍ മത്സരിക്കുന്നതിനെ ഇങ്ങനെ കാണാന്‍ സാധാരണഗതിയില്‍ കഴിയേണ്ടതാണ്. എന്നാല്‍ രാജസ്ഥാനിലെ പ്രതിനിധിയായി രാജ്യസഭയില്‍ 2 വര്‍ഷം കൂടി കാലാവധി ബാക്കിയുള്ള കെ.സി.വേണുഗോപാല്‍ ലോക്‌സഭയില്‍ മത്സരരംഗത്തുവരുമ്പോള്‍ അതിന്റെ ഗുണഭോക്താവ് ആരായിരിക്കുമെന്ന ചോദ്യം മതനിരപേക്ഷവിശ്വാസികളുടെ കര്‍ണപുടത്തില്‍ ശക്തിയായി പതിക്കുന്നുണ്ട്. രാജസ്ഥാനില്‍ ഒരു രാജ്യസഭാസീറ്റിലേയ്ക്ക് ഉപതെരഞ്ഞെടുപ്പു നടക്കുമ്പോള്‍ ആ സംസ്ഥാനത്തു ഭൂരിപക്ഷമുള്ള പാര്‍ട്ടിയായ ബിജെപിക്ക് അത് സ്വാഭാവികമായി ലഭിക്കും. ഇത് അപഗ്രഥിച്ച ശേഷമായിരിക്കുമല്ലോ കോണ്‍ഗ്രസ് നേതൃത്വം ലോക്‌സഭാ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതെന്ന് ഓര്‍ക്കുമ്പോഴാണ് മതനിരപേക്ഷ വിശ്വാസികള്‍ക്കു നടുക്കമുണ്ടാവുക. ബിജെപിക്ക് പ്രത്യക്ഷമായോ പരോക്ഷമായോ ലഭിക്കുന്ന ഒരു നേട്ടത്തെക്കുറിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ചിന്തിക്കാതെ പോകില്ലല്ലോ?

ALSO READ:  യു കെ എം എസ് ഡബ്ല്യു ഫോറത്തിന്‍റെ ആഭിമുഖ്യത്തില്‍ ലോക സോഷ്യല്‍ വര്‍ക്ക് ദിനാചാരണം മാർച്ച് 16 ന്

ആലപ്പുഴയില്‍ സിപിഐഎംന്റെ പ്രതിനിധിയോ കോണ്‍ഗ്രസ്സിന്റെ പ്രതിനിധിയോ ജയിച്ചാല്‍ അത് ലോക്‌സഭയില്‍ മോദി വിരുദ്ധ വോട്ടായിരിക്കും. എന്നാല്‍, ആലപ്പുഴയില്‍ കോണ്‍ഗ്രസ് പ്രതിനിധി കെ.സി.വേണുഗോപാലാണ് ജയിക്കുന്നതെങ്കില്‍ ബിജെപിക്ക് രാജ്യസഭയില്‍ ഒരു വോട്ട് കൂടും. തങ്ങളുടെ വര്‍ഗ്ഗീയ അജണ്ട നടപ്പാക്കാനുള്ള അടുത്ത ഘട്ടത്തെക്കുറിച്ചു ചിന്തിക്കുന്ന ബിജെപിക്ക് സന്തോഷിക്കാന്‍ ഇതില്‍പ്പരം വലിയ ഒരവസരം വേറേയുണ്ടോ? വര്‍ഗ്ഗീയതയ്ക്കും ഫാസിസത്തിനുമെതിരേയുള്ള പോരാട്ടത്തില്‍ എവിടെ നില്‍ക്കുന്നു എന്ന് കോണ്‍ഗ്രസ് മലയാളികളെയെങ്കിലും ബോധ്യപ്പെടുത്തേണ്ട ഒരു വിഷയമാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News