‘‘യജമാനന്മാരെ തൃപ്‌തിപ്പെടുത്താൻ താങ്കള്‍ ഇനിയും ഉറഞ്ഞുതുള്ളും”; എസ്എഫ്ഐക്കാർ ഗവര്‍ണര്‍ക്ക് ബ്ലഡി ക്രിമിനൽസായതില്‍ ആശ്ചര്യമില്ലെന്ന് ജോണ്‍ ബ്രിട്ടാസ് എംപി

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി ജോണ്‍ ബ്രിട്ടാസ് എം.പി. കണ്ണൂരും കേരളവും താങ്കള്‍ക്ക് ബ്ലഡി ആകുന്നതിൽ തെല്ലും അദ്‌ഭുതമില്ല. എസ്എഫ്ഐക്കാർ താങ്കൾക്ക് ബ്ലഡി ക്രിമിനൽസ് ആകുന്നതിലും ആശ്ചര്യം ഇല്ല. മതഭ്രാന്തിന്‍റേയും വെറുപ്പിന്‍റേയും ഭൂത പ്രേത പിശാചുക്കൾക്ക് കേരളത്തിൽ സ്ഥാനം ലഭിക്കാത്തതിന്റെ വിഭ്രാന്തിയാണ് താങ്കൾക്കുള്ളതെന്നും എം.പി ഫേസ്‌ബുക്ക് പേജില്‍ പുറത്തുവിട്ട വീഡിയോയില്‍ ചൂണ്ടിക്കാട്ടി. അരഡസനോളം പാർട്ടികൾ മാറി പുതുതായി അങ്ങ് സ്വീകരിച്ച യജമാനന്മാരെ തൃപ്തിപ്പെടുത്താൻ താങ്കൾ ഇനിയും ഉറഞ്ഞുതുള്ളുമെന്നും എം.പി വിമര്‍ശിച്ചു.

ജോണ്‍ ബ്രിട്ടാസിന്‍റെ ഗവര്‍ണര്‍ക്കെതിരായ വിമര്‍ശനം

ഹലോ മിസ്റ്റർ ആരിഫ് മുഹമ്മദ് ഖാൻ…
കണ്ണൂരും കേരളവും നിങ്ങൾക്ക് ബ്ലഡി ആകുന്നതിൽ എനിക്ക് തെല്ലും അത്ഭുതമില്ല. എസ്എഫ്ഐക്കാർ താങ്കൾക്ക് ബ്ലഡി ക്രിമിനൽസ് ആകുന്നതിലും എനിക്ക് ആശ്ചര്യം ഇല്ല. മതഭ്രാന്തിന്‍റേയും വെറുപ്പിന്‍റേയും ഭൂത പ്രേത പിശാചുക്കൾക്ക് കേരളത്തിൽ സ്ഥാനം ലഭിക്കാത്തതിന്റെ വിഭ്രാന്തിയാണ് താങ്കൾക്കുള്ളത്. അരഡസനോളം പാർട്ടികൾ മാറി പുതുതായി അങ്ങ് സ്വീകരിച്ച യജമാനന്മാരെ തൃപ്തിപ്പെടുത്താൻ താങ്കൾ ഇനിയും ഉറഞ്ഞുതുള്ളും.

നിങ്ങൾ ബ്ലഡി ക്രിമിനൽസ് എന്ന് വിളിച്ച എസ്എഫ്ഐക്കാർ ആരാണെന്ന് അറിയുമോ? മതനിരപേക്ഷ കേരളത്തിന്റെ വർത്തമാനകാല-ഭാവി ഗ്യാരന്‍റി ആണവർ. അത്തരം ഒരു ഗ്യാരന്‍റിയുടെ അഭാവത്തിലാണ് അങ്ങയുടെ യജമാനന്മാർ ഇന്ത്യയുടെ പല ഭാഗത്തും വിദ്വേഷത്തിന്‍റെ പതാക പാറിച്ചത്.
താങ്കൾ എങ്ങനെ താങ്കൾ ആയെന്ന് ഒന്ന് ആലോചിച്ചിരുന്നെങ്കിൽ താങ്കളുടെ വിഭ്രാന്തിക്ക് ചെറിയൊരു പരിഹാരം ഉണ്ടാകുമായിരുന്നു.

മതനിരപേക്ഷതയും ബഹുസ്വരതയും പ്രദാനം ചെയ്ത ഭൂമികയിലൂടെയാണ്, വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ താങ്കൾ രാഷ്ട്രീയ ശ്രേണിയിലുയർന്നത്. എവിടെയോ വച്ച് താങ്കൾ അധികാരത്തിന്‍റേയും അവസരവാദത്തിന്‍റേയും കോട്ട കൊത്തളങ്ങളിൽ അഭയം തേടിയെന്നത് മറ്റൊരു കാര്യം.
നിങ്ങൾ വളർന്നു ഉയർന്നു വന്ന ഉത്തർപ്രദേശിൽ നിങ്ങളുടെ സമുദായക്കാരായ മുസ്‌ലിങ്ങളുടെ സ്ഥിതി എന്താണെന്ന് നിങ്ങൾ ഒരുവേള എങ്കിലും ആലോചിച്ചോ? 2015 ൽ അഖ്ലാഖിനെ, ഫ്രിഡ്ജിൽ കന്നുകാലി മാംസം സൂക്ഷിച്ചു എന്ന ആരോപണം ഉയർത്തി, വീട്ടിൽ നിന്നും വലിച്ചിറക്കി പൊതു ചത്വരത്തിൽ അടിച്ചു കൊന്നപ്പോൾ നിങ്ങളുടെ നാവിൽ എന്തേ ബ്ലഡി ക്രിമിനൽസ് വരാതെ പോയി.

അഖ്ലാഖിന്റെ ജീവൻ രക്ഷിക്കുന്നതിനു പകരം ഫ്രിഡ്ജിൽ മാംസം തപ്പിയ പൊലീസുകാർക്കെതിരെ എന്തേ നിങ്ങൾ ആക്രോശിക്കാതിരുന്നത്? നിങ്ങളുടെ രാഷ്ട്രീയ തട്ടകത്തിൽ മുസ്‌ലിം ആയതിന്റെ പേരിൽ ഒരു കുഞ്ഞിനെ മാറിമാറി മർദ്ദിക്കാൻ അധ്യാപിക ഉത്തരവിട്ടപ്പോൾ നിങ്ങളുടെ ബ്ലഡി ക്രിമിനൽസ് എവിടെയായിരുന്നു? രണ്ടായിരത്തോളം മുസ്ലിങ്ങൾ ഗുജറാത്തിൽ കൂട്ടക്കൊല ചെയ്യപ്പെട്ടപ്പോൾ അങ്ങയുടെ നാവ് എവിടെപ്പോയിരുന്നു? ഗർഭിണിയായ ബിൽക്കീസ് ബാനുവിനെ കൂട്ട ബലാൽസംഗത്തിന് ഇരയാക്കുകയും മൂന്നുവയസ്സുകാരി കുഞ്ഞിനെയും അമ്മയെയും സഹോദരിയെയും കൊന്നൊടുക്കുകയും ചെയ്ത നരാധമന്മാരെ ശിക്ഷാ കാലാവധി കഴിയും മുമ്പ് വിട്ടയച്ചപ്പോൾ അങ്ങയുടെ ബ്ലഡി ക്രിമിനൽസ് എവിടെയായിരുന്നു?

അവരെ പൂമാലയിട്ട് സ്വീകരിച്ച് ഗുജറാത്തിൽ ഉടനീളം ആനയിച്ചപ്പോൾ അങ്ങ് എവിടെ പോയി ഒളിച്ചിരിക്കുകയായിരുന്നു?. മുസ്‌ലിം ആയതിന്റെ പേരിൽ അങ്ങയുടെ സ്വന്തം സംസ്ഥാനത്തെ വീടുകളിൽ ബുൾഡോസർ കയറിയിറങ്ങുമ്പോൾ എവിടെയായിരുന്നു അങ്ങ്? കൽക്കരിക്കച്ചവടക്കാരനായ അലിമുദ്ദീൻ അൻസാരിയെ അരിഞ്ഞു വീഴ്ത്തുന്ന വീഡിയോ സ്വന്തം മകൻ തന്നെ വാട്സാപ്പിൽ കാണേണ്ട ഗതികേട് ഉണ്ടായപ്പോൾ താങ്കളുടെ ബ്ലഡി ക്രിമിനൽസ് എവിടെപ്പോയി മറഞ്ഞു? വിവേചനപരമായ പൗരത്വ ഭേദഗതി ബില്ലിനെതിരെ ഡൽഹിയിലെ ശഹീൻ ബാഗിൽ ഭരണഘടനയും ത്രിവർണ പതാകയുമേന്തി മുസ്ലിം വനിതകൾ പ്രതിഷേധിച്ചപ്പോൾ എവിടെയാണ് താങ്കൾ ചുരുണ്ടു കൂടിയത്?

വടക്ക് കിഴക്കൻ ഡൽഹിയിലെ കലാപങ്ങളിൽ 50 മുസ്‌ലിങ്ങൾ കൊല്ലപ്പെട്ടപ്പോൾ എവിടെയായിരുന്നു സാർ അങ്ങ്? ‘ഗോലി മാരോ സാലോ കോ’ എന്ന് ഒരു കേന്ദ്രമന്ത്രി വിളിച്ചു പറഞ്ഞപ്പോൾ താങ്കളുടെ ചെവി കൊട്ടിയടച്ചിരുന്നോ? മണിപ്പൂർ മാസങ്ങളായി കത്തിയമർന്നു കൊണ്ടിരിക്കുമ്പോൾ നിങ്ങൾ എവിടെ പോയിരുന്നു? ഹിജാബിന്റെ പേരിൽ സ്കൂൾ വിദ്യാർത്ഥിനികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പറഞ്ഞുവിട്ടപ്പോൾ താങ്കൾ പാതാളത്തിൽ ആയിരുന്നോ?
മോദി സർക്കാർ അധികാരത്തിലേറിയ ശേഷം വിദ്വേഷ കുറ്റകൃത്യങ്ങൾ കുതിച്ചുയരുന്നത് കണ്ടപ്പോൾ അങ്ങേയ്ക്ക് നാവിറങ്ങിപ്പോയിരുന്നോ?
ശരിയാണ് കേരളത്തെ ഞങ്ങൾ ഉത്തരേന്ത്യ ആകാൻ അനുവദിക്കില്ല. താങ്കൾ എത്ര ഉറഞ്ഞുതുള്ളിയാലും പുലഭ്യം പറഞ്ഞാലും തിമിർത്താടിയാലും ഞങ്ങളുടെ ജന്മ ദേശത്തെ സംരക്ഷിക്കാൻ താങ്കൾ വിശേഷിപ്പിച്ച ബ്ലഡി ക്രിമിനൽസ് ജാഗ്രതയോടെ കാവൽ നിൽക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News