നേമം സാറ്റ്ലൈറ്റ് ടെര്‍മിനല്‍ പദ്ധതി സംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്റെ വെളിപ്പെടുത്തല്‍ ആശങ്ക വര്‍ദ്ധിപ്പിക്കുന്നതാണെന്ന് ഡോ.ജോണ്‍ ബ്രിട്ടാസ് എംപി. പദ്ധതി ഉപേക്ഷിച്ചത് പുനഃപരിശോധിക്കുന്നത് സംബന്ധിച്ച് സമര്‍പ്പിച്ച പുതിയ പഠന റിപ്പോര്‍ട്ടിന്റെ പരിശോധന പൂര്‍ത്തിയായിട്ടില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ മറുപടി. ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിനായിരുന്നു രാജ്യസഭയില്‍ കേന്ദ്രം മറുപടി നല്‍കിയത്.
നാഗര്‍കോവില്‍ ജംഗ്ഷനിലെ അടിസ്ഥാന സൗകര്യങ്ങള്‍ സംബന്ധിച്ച വിലയിരുത്തലിന് ശേഷം മാത്രമേ നേമം ടെര്‍മിനല്‍ വേണമോ എന്ന കാര്യത്തില്‍ തീരുമാനമുണ്ടാകു എന്ന മറുപടിയാണ് കേന്ദ്രം എംപിക്ക് നല്‍കിയത്. കേന്ദ്രത്തിന്റെ ഈ വെളിപ്പെടുത്തല്‍ നേമം പദ്ധതി നാഗര്‍കോവിലിനു വേണ്ടി അട്ടിമറിക്കുകയാണെന്ന ആശങ്ക വര്‍ദ്ധിപ്പിക്കുന്നുവെന്ന് ജോണ്‍ ബ്രിട്ടാസ് പ്രതികരിച്ചു. 2022 ജൂണില്‍ കേന്ദ്ര റെയില്‍വേ മന്ത്രിയ്ക്ക് അയച്ച കത്തിലും ഈ ആശങ്ക ജോണ്‍ ബ്രിട്ടാസ് എംപി ചൂണ്ടിക്കാട്ടിയിരുന്നു.
ആശങ്കകള്‍ പരിഹരിച്ച്, യാതൊരു മാറ്റങ്ങളുമില്ലാതെ എത്രയും വേഗം നേമം പദ്ധതിക്ക് അനുമതി നല്‍കണമെന്ന് ജോണ്‍ ബ്രിട്ടാസ് ആവശ്യപ്പെട്ടു. കഴിഞ്ഞ ഒന്നര വര്‍ഷമായി നേമം ടെര്‍മിനല്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിഷയം പാര്‍ലമെന്റിന് അകത്തും പുറത്തും ജോണ്‍ ബ്രിട്ടാസ് നിരന്തരം ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്. ഒരു ഘട്ടത്തില്‍ നേമം പദ്ധതി ഉപേക്ഷിക്കുമെന്ന പ്രതികരണം റെയില്‍വേയുടെ ഭാഗത്തു നിന്നും ഉണ്ടായിരുന്നു.
പദ്ധതി അനുമതിക്ക് കാക്കുകയാണ് എന്ന വിവരമാണ് രണ്ടു തവണ ജോണ്‍ ബ്രിട്ടാസിന് കേന്ദ്രം നല്‍കിയത്. തുടര്‍ന്ന് പദ്ധതിയുമായി ബന്ധപ്പെട്ട് വ്യക്തമായ മറുപടിയല്ല കേന്ദ്രം നല്‍കുന്നതെന്ന് രാജ്യസഭാധ്യക്ഷനോട് അദ്ദേഹം പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് 2022 മെയ് 30ന് റെയില്‍വെ മന്ത്രാലയം പദ്ധതി ഉപേക്ഷിച്ചതായി എംപിയെ അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഈ വിഷയത്തില്‍ ശക്തമായ പ്രതികരണവും ഇടപെടലും ജോണ്‍ ബ്രിട്ടാസിന്റെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു. ബജറ്റില്‍ പ്രഖ്യാപിക്കുകയും തറക്കല്ലിടുകയും ചെയ്ത പദ്ധതിയില്‍ നിന്നും മാറിനില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് എംപി ഇടപെടല്‍ നടത്തിയിരുന്നു. പദ്ധതി ഉപേക്ഷിക്കാനുള്ള തീരുമാനത്തിനെതിരെ കേന്ദ്രമന്ത്രിക്ക് കത്ത് നല്‍കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് കേന്ദ്രം നിലപാട് മാറ്റി പുതിയ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കുന്ന കാര്യം തീരുമാനിക്കുന്നതെന്ന മറുപടി നല്‍കിയിരിക്കുന്നത്. ഈ മറുപടിയും പദ്ധതിയെ അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നാണ് ജോണ്‍ ബ്രിട്ടാസ് ചൂണ്ടിക്കാട്ടുന്നത്. ഇതേ മറുപടി തന്നെയാണ് ഏകദേശം നാലു മാസം മുമ്പും റെയില്‍വെ മന്ത്രാലയം നല്‍കിയത്. പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ചുള്ള റെയില്‍വെയുടെ അലംഭാവത്തെയാണ് ഇത് കാണിക്കുന്നതെന്നും ജോണ്‍ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.
ഒരു പതിറ്റാണ്ട് മുമ്പ് റെയില്‍ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയാണ് 117 കോടി ചെലവ് കണക്കാക്കുന്ന നേമം സാറ്റലൈറ്റ് ടെര്‍മിനല്‍ പദ്ധതി. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനിലെ തിരക്ക് ഒഴിവാക്കാന്‍ ര നേമത്തെയും കൊച്ചുവേളിയിലെയും സാറ്റലൈറ്റ് ടെര്‍മിനലുകളായിരുന്നു വിഭാവനം ചെയ്യപ്പെട്ടിരുന്നത്.
നേമം പദ്ധതി 2011-12ല്‍ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചു. ഏറെക്കാലത്തെ നിശ്ചലാവസ്ഥയ്ക്കു ശേഷം 2018-19ല്‍ അംബ്രലാ വര്‍ക്കില്‍ ഉള്‍പ്പെടുത്തി. പിന്നാലെ 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായി പദ്ധതിക്ക് റെയില്‍വെ മന്ത്രി തറക്കല്ലിട്ടു. എന്നാല്‍ പിന്നീട് കേന്ദ്ര സര്‍ക്കാര്‍ അലംഭാവം കാണിക്കുകയായിരുന്നു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here