‘വയനാടിന് വേണ്ടി ചേതമില്ലാത്ത ഉപകാരം ചെയ്യാമായിരുന്നു’; കേന്ദ്രത്തിന്റെയും മാധ്യമങ്ങളുടെയും ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടി ഡോ. ജോൺ ബ്രിട്ടാസ് എം. പി

JOHN BRITTAS

വയനാട് ദുരന്തത്തിന് ശേഷവും കേരളത്തോട് തുടരുന്ന കേന്ദ്ര അവഗണനയെയും ഇതിന് കൂട്ടുനിൽക്കുന്ന മാധ്യമങ്ങളെയും തുറന്നുകാട്ടി ഡോ. ജോൺ ബ്രിട്ടാസ് എംപി. ചേതമില്ലാത്ത ഒരു ചെറിയ നടപടി കൊണ്ട് കേന്ദ്രത്തിന് നമ്മുടെ സംസ്ഥാനത്തെ എങ്ങനെ സഹായിക്കാൻ കഴിയുമായിരുന്നു എന്ന് ചൂണ്ടിക്കാണിക്കുന്ന കുറിപ്പ് ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം. സംസ്ഥാന സർക്കാർ ചെയ്തതുപോലെ കേന്ദ്ര സർക്കാരും വയനാട് ദുരന്തത്തെ തീവ്ര സ്വഭാവമുള്ളതായി   രേഖപ്പെടുത്തിയിരുന്നെങ്കിൽ  എത്രത്തോളം വലിയ  സഹായം ആയിരുന്നു വയനാടിന് ലഭിക്കേണ്ടിയിരുന്നത് എന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.

സംസ്ഥാന സർക്കാർ വയനാട് ദുരന്തത്തെ തീവ്ര സ്വഭാവമുള്ളതായി പ്രഖ്യാപിച്ചതോടെ എംപിമാർക്ക് തങ്ങളുടെ ഫണ്ട് വിനിയോഗിക്കാനുള്ള അവസരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ 25 ലക്ഷം രൂപ എംപി ഫണ്ടിൽ നിന്നും വയനാട് ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി സംഭാവന നൽകി എന്ന് ജോൺ ബ്രിട്ടാസ് എംപി വ്യക്തമാക്കി. ഈ രീതി കേന്ദ്രം കൂടി പിന്തുടർന്നിരുന്നുവെങ്കിൽ കേരളത്തിന് ഇനിയും സഹായം ലഭിക്കുമായിരുന്നുവെന്നും എന്നാൽ കേന്ദ്ര അവഗണന  ഈ സഹായത്തെ തടഞ്ഞുവെന്നും അദ്ദേഹം ചൂണ്ടികാട്ടി.

കേരളത്തോടുള്ള കേന്ദ്രത്തിന്റെ ഈ അവഗണനയ്ക്ക് കുട പിടിക്കുന്ന മാധ്യമങ്ങൾ സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ രാവും പകലും കിണഞ്ഞ് പരിശ്രമിക്കുകയാണെന്നും മാധ്യമ ധാർമികതയും ഉത്തരവാദിത്വവും എങ്ങനെയാണ് നമ്മുടെ മാധ്യമങ്ങൾ കാറ്റിൽ പറത്തുന്നതെന്ന് മനസ്സിലാക്കാൻ ഇതിലൂടെ കഴിയുമെന്നും അദ്ദേഹം കുറിച്ചു.

ജോൺ ബ്രിട്ടാസ് എംപിയുടെ ഫേസ്ബുക്ക് കുറിപ്പ്:

വയനാട് ദുരന്ത പുനരധിവാസവുമായി ബന്ധപ്പെട്ട പ്രതീക്ഷിത ചെലവുകളെ ദുർവ്യാഖ്യാനിച്ച് നമ്മുടെ മാധ്യമങ്ങളിൽ ഉണ്ടായ വാർത്താപ്രളയം ചർച്ച ചെയ്യപ്പെടുന്ന ഘട്ടമാണല്ലോ ഇത്. ഇടതുപക്ഷ വിരുദ്ധതയിൽ നിന്ന് കേരളവിരുദ്ധതയിലേക്ക് മുഖ്യധാര മാധ്യമങ്ങളിൽ പലതും പ്രയാണം ചെയ്തിട്ട് കാലമേറെയായി.
മറ്റ് സംസ്ഥാനങ്ങൾക്ക് കേന്ദ്രം എന്ത് നൽകി എന്നത് സംബന്ധിച്ച കണക്കെടുപ്പിലേക്ക് പോകാൻ ഇവിടെ ഉദ്ദേശിക്കുന്നില്ല. കഴിഞ്ഞ ബജറ്റിൽ പോലും ദുരന്ത – ദുരിതാശ്വാസപ്രവർത്തനങ്ങളെ എത്ര കണ്ട് കേന്ദ്രസർക്കാർ രാഷ്ട്രീയവൽക്കരിച്ചു എന്നത് പാർലമെന്റിൽ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. നമ്മുടെ മാധ്യമങ്ങൾ കേരളപക്ഷത്ത് നിന്ന് കണ്ണ് തുറന്ന് ഇതൊന്നും കാണാൻ താല്പര്യപ്പെട്ടില്ല എന്നത് മറ്റൊരു കാര്യം.
ചേതമില്ലാത്ത ഒരു ചെറിയ നടപടി കൊണ്ട് കേന്ദ്രത്തിന് നമ്മുടെ സംസ്ഥാനത്തെ എങ്ങനെ സഹായിക്കാൻ കഴിയുമായിരുന്നു എന്ന് ചൂണ്ടിക്കാണിക്കാനാണ് ഇതെഴുതുന്നത്. ഒരു ദുരന്തത്തെ തീവ്ര സ്വഭാവമുള്ളതായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചാൽ ആ സംസ്ഥാനത്തെ എംപിമാർക്ക് അവരുടെ എംപി ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ വരെ പുനർനിർമ്മാണ – പുനരധിവാസ പ്രവർത്തനങ്ങൾക്കായി അനുവദിക്കാൻ കഴിയും. വയനാടിന്റെ കാര്യത്തിൽ കേരള ഗവൺമെൻറ് അത്തരമൊരു തീരുമാനം കൈക്കൊള്ളുകയും അതിനനുസൃതമായി എംപി ഫണ്ട് വിനിയോഗം സംബന്ധിച്ചുള്ള കേന്ദ്രീകൃത പോർട്ടലിൽ വേണ്ട സജ്ജീകരണങ്ങൾ എംപി ഫണ്ടിന്റെ മേൽനോട്ടം വഹിക്കുന്ന ഡൽഹിയിലെ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇമ്പ്ലിമെന്റേഷൻ മന്ത്രാലയ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ( രേഖ താഴെ )ഒരുക്കുകയും ചെയ്തു. ഇതുപ്രകാരം ഈ കുറിപ്പ് എഴുതുന്ന ആൾ 10.09.2024-ൽ 25 ലക്ഷം രൂപ എംപി ഫണ്ടിൽ നിന്നും (പകർപ്പ് താഴെ )വയനാട് ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി സംഭാവന നൽകുകയും ചെയ്തിട്ടുണ്ട്.
കേരള സർക്കാർ ചെയ്തതിന് സമാനമായി കേന്ദ്രസർക്കാർ കൂടി ഈ ദുരന്തത്തെ തീവ്ര സ്വഭാവമുള്ളതായി രേഖപ്പെടുത്തിയിരുന്നുവെങ്കിൽ എന്താകുമായിരുന്നു ചിത്രം? – രാജ്യത്തെ എല്ലാ ലോകസഭ, രാജ്യസഭ അംഗങ്ങൾക്കും തങ്ങളുടെ എംപി ഫണ്ടിൽ നിന്നും ഒരു കോടി രൂപ വരെ വയനാട് ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി നീക്കിവെക്കാൻ കഴിയുമായിരുന്നു. ലോകസഭയിലെ രാജ്യസഭയിലെയും എംപിമാരുടെ മൊത്തം അംഗസംഖ്യ -788- കണക്കിലെടുക്കുകയാണെങ്കിൽ ഇത് എത്ര വലിയ സാധ്യത ആകുമായിരുന്നു എന്ന് ഊഹിക്കാം.
ചെറിയൊരു തീരുമാനം കേന്ദ്രം എടുത്തിരുന്നെങ്കിൽ സംസ്ഥാനത്തിന് ലഭിക്കുമായിരുന്ന സഹായത്തിന്റെ വ്യാപ്തിയും മൂല്യവും മനസ്സിലാക്കുവാൻ വേണ്ടിയാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. കേന്ദ്രത്തിന്റെ ഖജനാവിൽ നിന്ന് ചെലവഴിക്കാതെ തന്നെ അവർക്ക് വേണമെങ്കിൽ ചേതമില്ലാത്ത ഒരു ഉപകാരം എന്ന നിലയിൽ ഇത് ചെയ്യാമായിരുന്നു എന്നർത്ഥം. ഇപ്രകാരം പ്രസക്തമായ ഏതെങ്കിലും ഒരു വിഷയം നമ്മുടെ മാധ്യമങ്ങൾ ഏറ്റെടുക്കാൻ തയ്യാറായിട്ടുണ്ടോ? സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ രാവും പകലും കിണഞ്ഞ് പരിശ്രമിക്കുമ്പോൾ മാധ്യമ ധാർമികതയും ഉത്തരവാദിത്വവും എങ്ങനെയാണ് നമ്മുടെ മാധ്യമങ്ങൾ കാറ്റിൽ പറത്തുന്നതെന്ന് മനസ്സിലാക്കാൻ ഇത് മാത്രം മതിയാകും.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News