മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി പരിഹസിച്ച് പ്രമുഖ മാധ്യമമായ ടെലിഗ്രാഫ്. യുവതികളെ നഗ്‌നരാക്കി നടത്തുകയും കൂട്ട ബലാത്സംഗത്തിനിരയാക്കുകയും ചെയ്ത സംഭവത്തില്‍ മോദിയുടെ പ്രതികരണത്തേയാണ് പത്രം പരിഹസിച്ചിരിക്കുന്നത്. ഈ പ്രതികരണത്തെ അഭിനന്ദിക്കുകയാണ് ജോണ്‍ബ്രിട്ടാസ് എം പി. ഇത്രയും ശക്തമായ ഒരു ചിത്രീകരണം ഇന്നത്തെ കാലഘട്ടത്തില്‍ സാധാരണ പ്രതീക്ഷിക്കാന്‍ കഴിയില്ലെന്നും ടെലഗ്രാഫിന്റെ പത്രാധിപരും മലയാളിയുമായ ആര്‍.രാജഗോപാലിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളെന്നും ജോണ്‍ ബ്രിട്ടാസ് എം പി ഫേസ്ബുക്കില്‍ കുറിച്ചു.
Also Read: മണിപ്പൂരില്‍ നടന്നത് ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരിന്റെ പരാജയം; എ എ റഹീം എം പി
ഫേസ്ബുക്ക് പോസ്റ്റ്
കല്‍ക്കട്ട ആസ്ഥാനമായുള്ള ടെലഗ്രാഫ് ദിനപത്രത്തിന്റെ ഒന്നാം പേജാണിത്. ഇത്രയും ശക്തമായ ഒരു ചിത്രീകരണം ഇന്നത്തെ കാലഘട്ടത്തില്‍ സാധാരണ പ്രതീക്ഷിക്കാന്‍ കഴിയില്ല. ടെലഗ്രാഫിന്റെ പത്രാധിപരും മലയാളിയുമായ ആര്‍.രാജഗോപാലിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍…
മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്‌നരാക്കി പരേഡ് ചെയ്യപ്പെട്ട് ബലാത്സംഗം ചെയ്തതിന്റെ ദാരുണമായ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കുറ്റകൃത്യം നടന്ന് 79 ദിവസം കഴിഞ്ഞ് പുറത്തുവന്ന ഈ ദൃശ്യത്തിന് മേലാണ് പ്രധാനമന്ത്രിയും സുപ്രീംകോടതിയുമൊക്കെ പ്രതികരിച്ചത്. ഇതിനേക്കാള്‍ ദാരുണമായ സംഭവങ്ങള്‍ മണിപ്പൂരില്‍ നടന്നു എന്ന വാര്‍ത്തകള്‍ മാധ്യമങ്ങള്‍ വളരെ മുമ്പേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്ന് എന്തുകൊണ്ട് പ്രധാനമന്ത്രി തന്റെ മൗനം ഭഞ്ജിച്ചില്ല?
രാജ്യം ലജ്ജിക്കണമെന്നാണ് ഇന്നലെ പ്രധാനമന്ത്രി പറഞ്ഞത്. ഒരു പ്രയോഗം എന്ന നിലയ്ക്ക് ആ പ്രതികരണം അംഗീകരിക്കാം. എന്നാല്‍ ലജ്ജിക്കേണ്ടത് അദ്ദേഹവും ഭരണകൂടവും അല്ലേ?
രണ്ടര മാസത്തിലേറെയായി മണിപ്പൂര്‍ നിന്ന് കത്തുകയാണ്. ആയിരങ്ങള്‍ പലായനം ചെയ്തു. അമ്പത്തിനായിരത്തോളം പേര്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്നു. നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് പൂര്‍ത്തിയായിട്ടില്ല. സംസ്ഥാനം രണ്ടായി പിളര്‍ന്നുവെന്ന് ഏവരും സമ്മതിക്കുന്നു. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വന്മതിലാണ് മണിപ്പൂരില്‍ ഉയര്‍ന്നിരിക്കുന്നത്. മണിപ്പൂര്‍ സന്ദര്‍ശിച്ച വേളയില്‍ ജനങ്ങള്‍ ഒന്നടങ്കം എന്നോട് ചോദിച്ച ഒരു കാര്യമുണ്ട്; ”ഞങ്ങള്‍ ഇന്ത്യയുടെ ഭാഗമല്ലേ, എന്തുകൊണ്ടാണ് പ്രധാനമന്ത്രി പ്രതികരിക്കാത്തത്?”…..
ഒരു തീവണ്ടിക്ക് പച്ചക്കൊടി വീശാന്‍ ഇന്ത്യ കറങ്ങുന്ന പ്രധാനമന്ത്രി ഒരു സംസ്ഥാനം കത്തുമ്പോള്‍ അങ്ങോട്ട് പോകുന്നില്ല എന്ന് മാത്രമല്ല നിശബ്ദത കൂടി പാലിക്കുന്നു എന്നത് ഏവരെയും അമ്പരപ്പിച്ച കാര്യമാണ്. ദാരുണമായ ഈ ദൃശ്യം കാണാന്‍ വേണ്ടിയാണോ അദ്ദേഹം ഇതുവരെ കാത്തിരുന്നത്? ഹിമകട്ടയുടെ അഗ്രം മാത്രമാണ് ഈ ദൃശ്യമെന്ന് മണിപ്പൂരിനെ കുറിച്ച് അറിയാവുന്നവര്‍ പറയും. പ്രധാനമന്ത്രി എന്തുകൊണ്ട് ഇത് ഇപ്പോള്‍ മാത്രം അറിഞ്ഞു.
അധികാരസ്ഥാനങ്ങളുടെ താങ്ങും തണലുമില്ലാതെ ഒരു കലാപവും 24 മണിക്കൂറിന് അപ്പുറത്തേക്ക് നീങ്ങില്ല. മണിപ്പൂര്‍ ദുരന്തഭൂമി ആയതിന് കാരണക്കാര്‍ ആരാണെന്ന് പറയേണ്ട ഉത്തരവാദിത്വം പ്രധാനമന്ത്രിക്ക് തന്നെയാണ്. പാര്‍ലമെന്റ് സമ്മേളനം നടക്കുമ്പോഴെങ്കിലും അദ്ദേഹം ആ ഉത്തരവാദിത്വം നിര്‍വഹിക്കണം. ഒപ്പം, മണിപ്പൂരിന്റെ കൂടെ ഞങ്ങളുണ്ടെന്നും അദ്ദേഹം പ്രഖ്യാപിക്കണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here