പാര്‍ലമെന്റില്‍ കെ റെയില്‍ വിഷയം ഉന്നയിച്ച് ജോണ്‍ ബ്രിട്ടാസ് എംപി. വന്ദേഭാരത് ബോഗികളുടെ എണ്ണം കൂട്ടുമെന്ന് കേന്ദ്രം അറിയിച്ചുവെന്നും, ഇതോടെ സെമി ഹൈസ്പീഡ് റെയില്‍വേയ്ക്ക് ആവശ്യക്കാരുണ്ടെന്ന് ഇപ്പോള്‍ തെളിയിക്കപ്പെട്ടുവെന്നും ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു. കെ റെയില്‍ വേണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിക്കുമോയെന്നും ബ്രിട്ടാസ് എംപി സഭയില്‍ ചോദിച്ചു.
Also Read; ചിന്നക്കനാൽ ഭൂമി ഇടപാട് കേസ്; മാത്യു കുഴൽനാടൻ റവന്യൂ വകുപ്പിന് മുമ്പിൽ ഹാജരാകണം
കെ റെയിലിന് അനുമതി വൈകുന്നതിനെക്കുറിച്ചായിരുന്നു രാജ്യസഭയില്‍ ജോണ്‍ബ്രിട്ടാസ് എംപിയുടെ ചോദ്യം. ദക്ഷിണ റെയില്‍വേയ്ക്ക് വന്ദേഭാരത് സര്‍വ്വീസുകള്‍ അനുവദിക്കുകയും അധികം നിരക്കുണ്ടായിട്ടും യാത്രക്കാരില്‍ നിന്നും നല്ല പ്രതികരണവും ലഭിക്കുന്നുണ്ട്. അര്‍ദ്ധഅതിവേഗ പാതകളുടെ സാധ്യതള്‍ ഇതോടെ തെളിയിക്കപ്പെട്ടു. ഈ പശ്ചാത്തലത്തില്‍ കെ റെയിലിന് അനുമതി ഉടന്‍ ഉണ്ടാകുമോയെന്നായിരുന്നു ചോദ്യം. എന്നാല്‍ കെ റെയിലിനെ തൊടാതെയുളള വിചിത്രമായ മറുപടിയാണ് റെയില്‍വേ സഹമന്ത്രി റാവുസാഹേബ് ദന്‍വെ നല്‍കിയത്.
നിലവില്‍ 39 ട്രെയിനുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. ഭാവിയില്‍ കൂടുതല്‍ അനുവദിക്കുമെന്ന മറുപടിയുമായി കെ റെയില്‍ വിഷയത്തില്‍ നിന്നും റെയില്‍വേ സഹമന്ത്രി ഒഴിഞ്ഞുമാറി. വിഷയത്തില്‍ ഉരുണ്ടുകളിച്ച റെയില്‍വേ സഹമന്ത്രിയെ ചെയറിലിരുന്ന ഡെപ്യൂട്ടി ചെയര്‍മാന്‍ ഹരിവംശ് നാരായണ്‍ സിംഗ് ഇടപെട്ട് രക്ഷപെടുത്തുന്നതും കാണാം. കെ -റെയില്‍ നടപ്പാക്കാന്‍ കേരള സര്‍ക്കാരിന് താല്പര്യമില്ലെന്നായിരുന്നു കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് ബജറ്റ് ദിവസം പ്രതികരിച്ചത്. പിന്നാലെയായിരുന്നു പാര്‍ലമെന്റില്‍ ജോണ്‍ ബ്രിട്ടാസ് എംപി വിഷയം വ്യക്തമായി ഉന്നയിച്ചത്. ഇതോടെ കെ റെയില്‍ വിഷയത്തിലെ കേന്ദ്രസര്‍ക്കാരിന്റെ ഇരട്ടത്താപ്പ് കൂടുതല്‍ വ്യക്തമാകുകയാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അതിവേഗ റെയില്‍ പദ്ധതികള്‍ ത്വരിതഗതിയിലാണ് മുന്നോട്ടുപോകുന്നത്. ദില്ലി മീററ്റ്, മുംബൈ-അഹമ്മദാബാദ് അടക്കം പത്തില്‍പ്പരം ഹൈസ്പീഡ് പാതകളുടെ നിര്‍മ്മാണം വിവിധ സംസ്ഥാനങ്ങളില്‍ പുരോഗമിക്കുന്നു. ദില്ലി- അമൃത്സര്‍, ദില്ലി-അഹമ്മദാബാദ്, പുനെ-നാസിക് അതിവേഗ റെയില്‍വേ പാതകള്‍ക്ക് കേന്ദ്രം അംഗീകാരവും നല്‍കി കഴിഞ്ഞു. എന്നിട്ടും എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ബൃഹത്തായ പദ്ധതിയെ കേന്ദ്രം കൃത്യമായ മറുപടി പോലും നല്‍കാതെ, അംഗീകാരം വൈകിപ്പിക്കുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here