കളമശ്ശേരി സ്ഫോടന സംഭവത്തിൽ പ്രതികരണവുമായി ഡോ. ജോൺ ബ്രിട്ടാസ് എം പി. കൊച്ചി കളമശേരിയിൽ നടന്ന സ്ഫോടനത്തെക്കാൾ എന്നെ ഞെട്ടിച്ചത് സാമൂഹിക മാധ്യമങ്ങളിൽ നടന്ന വിസ്ഫോടനങ്ങളാണ് എന്നാണ് ജോൺ ബ്രിട്ടാസ് എം പി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കിയത്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ മുതൽ ശ്രീമതി ശശികല വരെയുള്ള സംഘപരിവാർ നേതാക്കൾ അണിനിരന്ന് പല കഥകളും നെയ്തെടുത്തു എന്നും പ്രകാശവേഗതയെക്കാൾ തിടുക്കത്തിൽ ഇസ്രയേലുമായി കളമശ്ശേരി സ്‌ഫോടനത്തെ ബന്ധപ്പെടുത്താൻ ചിലർ കാണിച്ച വൈഭവം അപാരമാണ് എന്നുമാണ് ബ്രിട്ടാസ് കുറിച്ചത്. കേന്ദ്രസർക്കാരിൽ ഉത്തരവാദപ്പെട്ട ചുമതലയുള്ളവർ പോലും കേട്ട പാതി കേൾക്കാത്ത പാതി സംസ്ഥാനത്തെ അപമാനിക്കാൻ മുൻപന്തിയിൽ നിൽക്കുകയാണെന്നും കേരളത്തെ വരുതിയിൽ ആക്കാൻ ഏതറ്റം വരെയും പോകുമെന്ന പ്രഖ്യാപനമാണ് അതിലൂടെ അവർ നടത്തുന്നതെന്നും ബ്രിട്ടാസ് എം പി പറഞ്ഞു.
ALSO READ:സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയ കേസ്; മാധ്യമപ്രവർത്തക പൊലീസിന് മൊഴി നൽകി
ജോൺ ബ്രിട്ടാസിന്റെ ഫേസ്ബുക് പോസ്റ്റ്
കൊച്ചി കളമശേരിയിൽ നടന്ന സ്ഫോടനത്തെക്കാൾ എന്നെ ഞെട്ടിച്ചത് സാമൂഹിക മാധ്യമങ്ങളിൽ നടന്ന വിസ്ഫോടനങ്ങളാണ്.കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ മുതൽ ശ്രീമതി ശശികല വരെയുള്ള സംഘപരിവാർ നേതാക്കൾ അണിനിരന്ന് പല കഥകളും നെയ്തെടുത്തു.പ്രകാശവേഗതയെക്കാൾ തിടുക്കത്തിൽ ഇസ്രയേലുമായി കളമശ്ശേരി സ്‌ഫോടനത്തെ ബന്ധപ്പെടുത്താൻ ചിലർ കാണിച്ച വൈഭവം അപാരമാണ്.പലസ്തീൻ ഐക്യദാർഢ്യത്തെ തുടർന്ന് മുസ്‌ലിം ന്യൂനപക്ഷം തീവ്ര നിലപാടുകൾ സ്വീകരിക്കുന്നതിന്റെ പ്രതിഫലനമായിട്ടാണ് കളമശേരി സ്‌ഫോടനത്തെ നോക്കിക്കാണാൻ സംഘ് പരിവാർ നേതാക്കൾ സന്നദ്ധരായത്.ഉത്തരവാദിത്വത്തോടെ പെരുമാറേണ്ട ചില ടെലിവിഷൻ ചാനലുകളിൽ പോലും ഒരു മുസ്‌ലിം മേമ്പൊടി ചാലിച്ച് ചേർക്കാൻ കാര്യമായി ബദ്ധപ്പെട്ടു.
ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ദേശീയ ചാനലുകൾ വലിയ ആവേശമാണ് പ്രകടിപ്പിച്ചത്.ചർച്ചയ്ക്കായി ഡൽഹിയിലെ ചാനലുകൾ എന്നെയും ക്ഷണിച്ചിരുന്നു.എന്തിനെയും ധ്രുവീകരണത്തിന് ഉപയോഗിക്കുന്ന രീതിയാണ് എന്നതുകൊണ്ട് തന്നെ ചർച്ചയ്ക്ക് പോവാൻ വിസമ്മതം പ്രകടിപ്പിക്കാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.
യഹോവസാക്ഷികളുടെ കണ്വെൻഷനിലാണല്ലോ സ്ഫോടനം നടന്നത്.അവരോടൊപ്പം ഒന്നര വ്യാഴവട്ടക്കാലം പ്രവർത്തിച്ച മാർട്ടിൻ ,സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കീഴടങ്ങി. എന്തായാലും സമഗ്ര അന്ന്വേഷണത്തിലൂടെ സത്യം പുറത്തുവരട്ടെ . യഹോവാസാക്ഷികൾ ആരാണെന്നു പോലും അറിയാതെയാണ് സംഘപരിവാർ അംഗങ്ങളും മുസ്ലിം വിരുദ്ധരും കേരളത്തെ അപമാനിക്കാൻ സോഷ്യൽ മീഡിയയിൽ അഴിഞ്ഞാടിയത്.ദേശിയ ഗാനത്തെയും ദേശീയ പതാകയേയും അംഗീകരിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് സുപ്രീം കോടതി വരെ പോയവരാണ് യെഹോവ സാക്ഷികൾ . അത് നമ്മുടെ വിഷയമല്ലാത്തതുകൊണ്ട് പ്രതിപാദിക്കുന്നില്ല.
കേരളത്തെ കൊത്തിവലിക്കാൻ,അപമാനിക്കാൻ കാത്തിരിക്കുന്ന കഴുകന്മാർ ആരൊക്കെയാണെന്ന് സംസ്ഥാനത്തെ ജനങ്ങൾ തിരിച്ചറിയുന്ന ഘട്ടമാണിത്.കേന്ദ്രസർക്കാരിൽ ഉത്തരവാദപ്പെട്ട ചുമതലയുള്ളവർ പോലും കേട്ട പാതി കേൾക്കാത്ത പാതി സംസ്ഥാനത്തെ അപമാനിക്കാൻ മുൻപന്തിയിൽ നിൽക്കുകയാണ്.കേരളത്തെ വരുതിയിൽ ആക്കാൻ ഏതറ്റം വരെയും പോകുമെന്ന പ്രഖ്യാപനമാണ് അതിലൂടെ അവർ നടത്തുന്നത്.ഇവരെയൊക്കെ കേരളം വീണ്ടും നിരാശപ്പെടുത്തുന്നു എന്ന കാര്യത്തിൽ സംശയമില്ല.