സിജിഎച്ച്എസ് പദ്ധതിക്ക് കീഴില്‍ കേരളത്തില്‍ കൂടുതല്‍ സ്വകാര്യ ആശുപത്രികളെ ഉള്‍പ്പെടുത്തണം; കേന്ദ്രത്തിന് കത്തയച്ച് ജോണ്‍ ബ്രിട്ടാസ് എം.പി

സിജിഎച്ച്എസ് പദ്ധതിക്ക് കീഴില്‍ കേരളത്തില്‍ കൂടുതല്‍ സ്വകാര്യ ആശുപത്രികളെ ഉള്‍പ്പെടുത്തുന്നതിന് വേണ്ട അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ച് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി മന്‍സൂഖ് മാണ്ഡവ്യയ്ക്കാണ് ജോണ്‍ ബ്രിട്ടാസ് എംപി കത്തയച്ചത്.

നിലവില്‍ കേരളത്തില്‍ വളരെ ചുരുക്കം സ്വകാര്യ ആശുപത്രികള്‍ മാത്രമാണ് സിജിഎച്ച്എസ് പദ്ധതിക്ക് കീഴില്‍ എംപാനല്‍ ചെയ്യപ്പെട്ടിട്ടുള്ളതെന്ന് ജോണ്‍ ബ്രിട്ടാസ് എംപി ചൂണ്ടിക്കാട്ടുന്നു. 2014 മുതല്‍ നിലവിലുണ്ടായിരുന്ന സിജിഎച്ച്എസ് പാക്കേജ് റേറ്റുകളുടെ അനാകര്‍ഷണീയതയും സിജിഎച്ച്എസ് സ്‌കീമില്‍ ചികിത്സിക്കുന്ന രോഗികളുടെ ബില്ലുകള്‍ തീര്‍പ്പാക്കുന്നതില്‍ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടായ ക്രമാതീതമായ കാലതാമസവും മറ്റും മൂലമാണ് സ്വകാര്യ ആശുപത്രികള്‍ ഈ പദ്ധതിയില്‍ പങ്കെടുക്കുന്നതിന് വിമുഖത കാണിച്ചിരുന്നത്. ഇത് കൂടാതെ
എംപാനല്‍ ചെയ്യപ്പെട്ടിരുന്ന നിരവധി സ്വകാര്യ ആശുപത്രികള്‍ സിജിഎച്ച്എസ് പദ്ധതിയില്‍ നിന്ന് പിന്മാറുകയോ എന്തെങ്കിലും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് രോഗികള്‍ക്ക് കിടത്തി ചികിത്സ നിഷേധിക്കുകയോ ചെയ്യുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇതുമൂലം സിജിഎച്ച്എസ് പദ്ധതിയിലെ അംഗങ്ങളായ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് ആളുകള്‍ ചികിത്സയ്ക്ക് വേണ്ടി വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്ന സ്ഥിതിയാണുള്ളതെന്നും ജോണ്‍ ബ്രിട്ടാസ് എംപി ചൂണ്ടിക്കാട്ടുന്നു.

സര്‍വീസിലുള്ള ജീവനക്കാരെയും പെന്‍ഷന്‍കാരെയും സിജിഎച്ച്എസ് പദ്ധതിയില്‍ അംഗങ്ങളാക്കുന്നത് നിശ്ചിത തുക ഈടാക്കിയ ശേഷമാണ്. മാത്രവുമല്ല അവര്‍ക്ക് പ്രതിമാസ മെഡിക്കല്‍ അലവന്‍സിനും അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. ഇപ്രകാരം തുകകള്‍ ഈടാക്കിയിട്ടും ആവശ്യമായ ആരോഗ്യപരിപാലന സൗകര്യങ്ങള്‍ കേരളത്തില്‍ ഒരുക്കാത്തത് കേന്ദ്രസര്‍ക്കാരിന്റെ വീഴ്ചയാണെന്ന് ജോണ്‍ ബ്രിട്ടാസ് എംപി ചൂണ്ടിക്കാട്ടുന്നു. നിലവില്‍ കേരളത്തില്‍ പെന്‍ഷന്‍കാര്‍ ഉള്‍പ്പെടെയുള്ള സിജിഎച്ച്എസ് അംഗങ്ങളില്‍ ഭൂരിഭാഗവും സ്വന്തം കയ്യില്‍ നിന്ന് തുകകള്‍ മുടക്കിയാണ് സങ്കീര്‍ണമായ ചികിത്സകള്‍ സ്വകാര്യ ആശുപത്രികളില്‍ നിന്നും മറ്റും തേടുന്നത്. ഇത് സിജിഎച്ച്എസ് സ്‌കീമിന്റെ ലക്ഷ്യത്തെ തന്നെ അട്ടിമറിക്കുന്നതാണെന്നും ജോണ്‍ ബ്രിട്ടാസ് എംപി കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News