കേരളത്തില്‍ സുരേഷ്‌ഗോപിയ്ക്കായി ഇലക്ഷന്‍ പ്രചരണത്തിനെത്തിയ പ്രധാനമന്ത്രി കേരളത്തിന്റെ ഭംഗിയെക്കുറിച്ച് പ്രസംഗിക്കുന്നു. എന്നാല്‍ ബജറ്റ് നോക്കുമ്പോള്‍ കേരളത്തിനായി ഒന്നുമില്ല.. ഇതെന്താണ്? കേരളത്തിനായി ഒട്ടേറെ ടൂറിസം സര്‍ക്യൂട്ടുകള്‍ വാഗ്ദാനം ചെയ്ത സുരേഷ്‌ഗോപിയെ അപമാനിക്കാതിരിക്കാനെങ്കിലും കേരളത്തിന് ഒരു ടൂറിസം സര്‍ക്യൂട്ട് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന് അനുവദിക്കാമായിരുന്നു. രാജ്യസഭയില്‍ സുരേഷ്‌ഗോപിയെ മുന്നിലിരുത്തിക്കൊണ്ട് ഡോ. ജോണ്‍ബ്രിട്ടാസ് എംപിയുടെ പരിഹാസം. പരാമര്‍ശം കേട്ട് സുരേഷ്‌ഗോപി എഴുന്നേറ്റു നിന്നെങ്കിലും വഴങ്ങി കൊടുക്കുവാന്‍ ബ്രിട്ടാസ് തയാറാവാത്തത് കൊണ്ട് അദ്ദേഹത്തിന് ഇരിക്കേണ്ടി വന്നു.
ഒറ്റ മാസം കൊണ്ട് പച്ചക്കറികളുടെ വിലയില്‍ 11 ശതമാനം വര്‍ധനവാണ് ഉണ്ടായത്. പ്രധാനമന്ത്രിയും അമിത് ഷായും സസ്യാഹാരികളായതു കൊണ്ടാണ് താന്‍ പച്ചക്കറികളുടെ വില പറയുന്നതെന്നും ജനങ്ങള്‍ക്ക് വിലക്കയറ്റം അസഹനീയമാകുന്നതിന് കാരണം എന്താണെന്ന് കേന്ദ്രത്തിന് ഇനിയും മനസ്സിലായിട്ടില്ലെന്നും ഒരു വശത്ത് നിത്യോപയോഗങ്ങളുടെ വില വര്‍ധിക്കുമ്പോള്‍ മറുവശത്ത് ജനങ്ങളുടെ വാങ്ങല്‍ ശേഷി കുറയുന്നു. ഇതാണ് വിലക്കയറ്റം ദുസ്സഹമാകുന്നതിന്റെ കാരണമെന്നും ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. വ്യവസായികളുടെ നികുതി ഗണ്യമായി കുറച്ചു. സാധാരണക്കാരുടെ നികുതി വര്‍ധിപ്പിച്ചു. ആദായനികുതി അടയ്ക്കുന്നവര്‍ക്ക് 17,000 രൂപ റിബേറ്റ് നല്‍കിയെന്നാണ് പുതിയ അവകാശവാദം. 2018-19ല്‍ കോര്‍പ്പറേറ്റ് നികുതി ജിഡിപിയുടെ 3.4 ശതമനമാണ്. ഇത് സ്വാഭാവികമായും നാലോ അതിലും മുകളിലോ ആയി ഉയരേണ്ടതായിരുന്നു. എന്നാല്‍, വന്‍ വ്യവസായികള്‍ക്ക് ഇളവുകള്‍ വാരിക്കോരി കൊടുത്തുകൊണ്ട് 3.1 ശതമാനമായി ഇടിയുകയാണ് ഉണ്ടായത്.
ഇതിന് പകരം വിഭവ സമാഹരണത്തിനായി സാധാരണക്കാരെ പിഴിഞ്ഞു. വ്യവസായികളുടെ ലാഭം നാല് ഇരട്ടിയായി വര്‍ദ്ധിച്ചുവെന്ന് സാമ്പത്തിക സര്‍വ്വേ തന്നെ പറയുമ്പോഴാണ് ഈ കൊടുംക്രൂരത ബ്രിട്ടാസ് പറഞ്ഞു. ആദായനികുതി അടയ്ക്കുന്നവര്‍ക്ക് 15,000 മുതല്‍ 17,500 രൂപ വരെ റിബേറ്റ് നല്‍കി എന്നാണ് പുതിയ വാദം. സ്‌കൂള്‍ ഫീസും യാത്രാചെലവും ഭക്ഷണ ചെലവുമൊക്കെ ഉയര്‍ന്നില്ലേ? വിമാനക്കൂലി തന്നെ ഇരട്ടിയായി. ഡ്യൂട്ടിയും സര്‍ചാര്‍ജ്ജും വര്‍ധിപ്പിച്ച് സംസ്ഥാനങ്ങള്‍ക്ക് വിഭവം നിഷേധിക്കുക എന്നതാണ് കേന്ദ്രനയം ബ്രിട്ടാസ് തുടര്‍ന്നു. കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ് ഇപ്പോഴത്തെ ഇഷ്ട പരിപാടി. ഈ പദ്ധതിക്കുള്ള 40% ചിലവ് സംസ്ഥാനങ്ങള്‍ വഹിക്കണം. എന്നിട്ട് അവയൊക്കെ ബ്രാന്‍ഡ് ചെയ്ത് മോദിയുടെ പടം പ്രദര്‍ശിപ്പിക്കണം. ഈ പരിപാടി അവസാനിപ്പിച്ച് സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായത് നല്‍കണം ബ്രിട്ടാസ് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here