വിദ്വേഷ പ്രസംഗം നടത്തിയ അലഹാബാദ് ഹൈക്കോടതി സിറ്റിംഗ് ജഡ്ജി എസ് കെ യാദവിനെതിരെ രാജ്യസഭയില്‍ ഇംപീച്ച്‌മെന്റ് നോട്ടീസ് നല്‍കി പ്രതിപക്ഷം. ഡോ.ജോണ്‍ ബ്രിട്ടാസ് എംപി, അഡ്വ കപില്‍ സിബല്‍ എന്നിവരുടെ നേതൃത്വത്തിലാണ് 55 എംപിമാര്‍ ഒപ്പുവച്ച ഇംപീച്ച്‌മെന്റ് നോട്ടീസ് രാജ്യസഭാ സെക്രട്ടറി ജനറലിന് കൈമാറിയത്. ഭരണഘടനയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ക്കെതിരെയുളള നഗ്നമായ ലംഘനമാണ് എസ് കെ യാദവ് നടത്തിയതെന്ന് ഡോ.ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു.
അലഹാബാദ് ഹൈക്കോടതി ജഡ്ജി എസ് കെ യാദവിന്റെ പ്രസംഗം സത്യപ്രതിജ്ഞാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ എംപിമാര്‍ രാജ്യസഭാ സെക്രട്ടറി ജനറലിന് ഇംപീച്ച്‌മെന്റ് നോട്ടീസ് നല്‍കിയത്. ഡോ. ജോണ്‍ ബ്രിട്ടാസ്, കപില്‍ സിബല്‍, ദിഗ് വിജയ് സിംഗ്, വിവേക് തന്‍ഖ, മനോജ് ഝാ, സാകേത് ഗോഖലെ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നോട്ടീസ് നല്‍കിയത്.
ALSO READ; ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് രാജ്യത്തിൻറെ അന്തസത്തയ്ക്ക് മേലുള്ള ആക്രമണം: ഡോ. ജോൺ ബ്രിട്ടാസ് എംപി
ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിക്കാന്‍ ആവശ്യമായ 50 എംപിമാരുടെ പരിധിക്കപ്പുറം 55 രാജ്യസഭാ എംപിമാര്‍ ഒപ്പുവച്ചിട്ടുണ്ട്. ഭരണഘടനയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ക്കെതിരെയുളള നഗ്നമായ ലംഘനമാണ് എസ് കെ യാദവ് നടത്തിയതെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു. നീതിന്യായ നിര്‍വ്വഹണത്തില്‍ നിന്നും എസ് കെ യാദവിനെ സുപ്രീംകോടതി മാറ്റിനിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭൂരിപക്ഷ ഹിതം അനുസരിച്ച് രാജ്യം ഭരിക്കപ്പെടണം എന്നായിരുന്നു യുപി പ്രയാഗ് രാജില്‍ വിഎച്ച്പി നടത്തിയ പരിപാടിയില്‍ ജസ്റ്റിസ് എസ് കെ യാദവ് പ്രസംഗിച്ചത്. പ്രസംഗത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സഹിതമാണ് എംപിമാര്‍ നോട്ടീസ് നല്‍കിയത്. വിഷയത്തില്‍ നേരത്തേ ഇടപെട്ട സുപ്രീംകോടതി ഹൈക്കോടതിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here