ലബനന്റെ പുതിയ പ്രസിഡന്റായി ജോസഫ് ഔനെ തെരഞ്ഞെടുത്തു. നിലവിലെ ആർമി ചീഫായ അദ്ദേഹത്തെ പാർലമെൻ്റാണ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. രണ്ട് വർഷമായി ഒഴിഞ്ഞുകിടക്കുന്ന പ്രസിഡൻ്റ് കസേരയിലേക്കാണ് ജോസഫ് എത്തുന്നത്.
ലബനീസ് സായുധസംഘമായ ഹിസ്‌ബുള്ളയും- ഇസ്രയേലും വെടിനിർത്തൽ ധാരണയിലെത്തി ആഴ്ചകൾക്കുള്ളിലാണ് പുതിയ പ്രസിഡൻ്റ് എത്തുന്നത്. രാജ്യത്തിന്റെ പ്രസിഡന്റാകുന്ന അഞ്ചാം സൈനിക മേധാവിയാണ് ജോസഫ്.
2022 ഒക്ടോബറിൽ കാലാവധി പൂര്‍ത്തിയാക്കി സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് മിഷേൽ ഔനിന് പകരക്കാരെ കണ്ടെത്താന്‍ പാര്‍ലമെന്റില്‍ കഴിഞ്ഞ 12 തവണ നടത്തിയ വോട്ടെടുപ്പും ഫലം കണ്ടിരുന്നില്ല.ഇതിന് പിന്നാലെയാണ് പ്രസിഡൻ്റ് പദത്തിലേക്ക് ജോസഫ് കടന്നുവരുന്നത്.
60 വയസ്സുള്ള ജോസഫിനെ അമേരിക്ക, സൌദി അറേബ്യ അടക്കമുള്ള രാജ്യങ്ങളുടെ പിന്തുണയുള്ള സ്ഥാനാർത്ഥിയായിട്ടാണ് കണക്കാക്കപ്പെടുന്നത്.
കടുത്ത സാമ്പത്തിക പ്രതിസന്ധി അടക്കം നേരിടുന്ന ലെബനനെ സുസ്ഥിരമാക്കാൻ ജോസഫിന് കഴിയുമെന്നാണ് ഈ രാജ്യങ്ങൾ കുരതുന്നത്.
2017ലാണ് ഔൺ ലെബനൻ സായുധ സേനയുടെ കമാൻഡറായി ചുമതലയേറ്റത്.
സിറിയൻ അതിർത്തിയിൽ ഐഎസിനെതിരായ പോരാട്ടത്തിൽ ലെബനൻ സൈന്യത്തെ നയിച്ചത് അദ്ദേഹമാണ്. ഇതോടെ ദേശീയ സുരക്ഷയിൽ പ്രതിജ്ഞാബദ്ധനായ നേതാവെന്ന തൻ്റെ പ്രശസ്തി അദ്ദേഹം ഊട്ടിയുറപ്പിച്ചു.
വ്യക്തിപരമായ സമഗ്രതയ്ക്ക് പേരുകേട്ട ഔൺ ലെബനനിലെ വിവിധ രാഷ്ട്രീയ വിഭാഗങ്ങളുമായും വിദേശ സഖ്യകക്ഷികളുമായും നല്ല ബന്ധം പുലർത്തിയിട്ടുണ്ട്.
ലെബനനെ സ്ഥിരപ്പെടുത്തുന്നതിൽ അദ്ദേഹത്തെ സഖ്യകക്ഷിയായി കാണുന്ന അമേരിക്കയിൽ നിന്നും സൗദി അറേബ്യയിൽ നിന്നും അദ്ദേഹത്തിൻ്റെ നേതൃത്വത്തിന് പിന്തുണ ലഭിച്ചതും പ്രധാനമാണ്.
.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here